13 January 2026, Tuesday

ശരണഘോഷങ്ങൾ അകമ്പടിയായി; തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു

എ ബിജു
പന്തളം:
January 12, 2026 9:01 pm

ശരണമന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽനിന്നും പുറപ്പെട്ടു. തിരുവാഭരണ ഘോഷയാത്ര ദർശിക്കാൻ ആയിരക്കണക്കിന് ആളുകളാണ് പന്തളത്ത് എത്തിച്ചേർന്നത്.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിന് വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ നാലിന് ദേവസ്വം ബോർഡ് അധികൃതർ പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചു. 4.30 മുതൽ വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ദർശനത്തിന് വെച്ച തിരുവാഭരണങ്ങൾ കാണാൻ നിരവധി പേരാണ് എത്തിയത്. 11.15ന് ഘോഷയാത്രയ്ക്കുള്ള ആചാരപ്രകാരമുള്ള ചടങ്ങുകളാരംഭിച്ചു. പന്തളം ഇളമുറത്തമ്പുരാൻ രാമവർമരാജ, ഇത്തവണത്തെ രാജപ്രതിനിധി പി എൻ നാരായണവർമ്മ എന്നിവരെ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡ് ഭാരവാഹികളും ചേർന്ന് പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽനിന്ന് വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.
11.30ന് ഗുരുസ്വാമി മരുതുവന ശിവൻകുട്ടിയുടെ നേതൃത്വത്തിൽ 26 അംഗ തിരുവാഭരണപേടകങ്ങൾ വഹിക്കുന്ന സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലെത്തിച്ചു. 12.15ന് സംഘത്തിന് രവിവർമരാജ വിഭൂതി നൽകി അനുഗ്രഹിച്ചു. 12.45ന് ക്ഷേത്രമേൽശാന്തി പൂജിച്ചു നൽകിയ ഉടവാൾ പന്തളം കൊട്ടാരം തമ്പുരാൻ രാജപ്രതിനിധിക്ക് കൈമാറി. 12.55ന് മേൽശാന്തി പേടകത്തിൽ പൂമാല ചാർത്തി നീരാജനമുഴിഞ്ഞ് ചടങ്ങുകൾ പൂർത്തിയാക്കിയതോടെ രാജപ്രതിനിധി പല്ലക്കിലേറി ഘോഷയാത്രക്ക് ആരംഭം കുറിച്ചു.
കൊട്ടാരം കുടുംബാംഗങ്ങൾ ചേർന്ന് തിരുവാഭരണം അടങ്ങിയ പേടകം കിഴക്കേനടയിൽ ഗുരുസ്വാമിയുടെ ശിരസ്സിലേറ്റി. കലശക്കുടവും വെള്ളിയാഭരണങ്ങളുമടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവൻപിള്ളയും ജീവിതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ഗുരുസ്വാമിയെ അനുഗമിച്ചു. ഇരുമുടിക്കെട്ടേന്തിയ നൂറ് കണക്കിന് അയ്യപ്പന്മാരും ഘോഷയാത്രയെ അനുഗമിച്ചു. ദേവസ്വം അധികൃതരും ഘോഷയാത്രയ്ക്കൊപ്പം യാത്രതിരിച്ചു. അടൂർ ഡിവൈഎസ്‌പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സായുധ പൊലീസ് സംഘവും ബോംബ് സ്ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് എസ് ജയകുമാർ, ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ. കെ രാജു, അഡ്വ. സന്തോഷ് കുമാർ, പ്രമോദ് നാരായൺ എംഎൽഎ, തിരുവനന്തപുരം മേയർ വി വി രാജേഷ്, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് ചീഫ് ആർ ആനന്ദ്, മുൻമന്ത്രി പന്തളം സുധാകരൻ, മുൻ എംഎൽഎ രാജു എബ്രഹാം, നഗരസഭ ചെയർ പേഴ്സൺ എം ആർ കൃഷ്ണകുമാരി, വൈസ് ചെയർമാൻ കെ മണിക്കുട്ടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മാ റോയ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ച തിരുവാഭരണ ഘോഷയാത്ര സംഘം ഇന്ന് പുലർച്ചെ രണ്ടിന് അവിടെനിന്നും പുറപ്പെട്ട് രാത്രിയിൽ ളാഹയിൽ വനംവകുപ്പിന്റെ സത്രത്തിൽ വിശ്രമിക്കും. നാളെ ഉച്ചയ്ക്ക് നീലിമലയിലെത്തുന്ന ഘോഷയാത്രാസംഘം അപ്പാച്ചിമേടും കടന്ന് ശബരീപീഠം വഴി ശരംകുത്തിയിലെത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി എത്തുന്ന ഗുരുസ്വാമിയിൽ നിന്നു മേൽശാന്തിയും തന്ത്രിയും ചേർന്നു തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിൽ ചാർത്തും. തുടർന്ന് ദീപാരാധനയ്ക്കായി നടതുറക്കുമ്പോൾ കിഴക്കൻചക്രവാളത്തിൽ മകരസംക്രമ നക്ഷത്രവും പൊന്നമ്പമേട്ടിൽ മകരജ്യോതിയും തെളിയും.
ഫോട്ടോ ക്യാപ്ഷന്‍-തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നു

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.