ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ചവറ നീലേശ്വരം തോപ്പ് ശരണ്യ ഭവനില്‍ ശരണ്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കൊല്ലം എഴുകോണ്‍ സ്വദേശി ബിനു എന്ന് വിളിക്കുന്ന ഷിജുവിനെയാണ് ജീവപര്യന്തം കഠിന തടവിനും 2,60,000 രൂപ പിഴയും ശിക്ഷിച്ചത്. കൊല്ലം ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് സുഭാഷ് ആണ് വിധിപറഞ്ഞത്.
കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശരണ്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ച് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ഗാര്‍ഹിക പീഡനത്തിന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക കൊല്ലപ്പെട്ട ശരണ്യയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളായ നിമിഷ, നിഹിത എന്നിവര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2022 ഫെബ്രുവരി 25ന് ശരണ്യയുടെ വീട്ടിലെത്തിയാണ് ബിനു കൊലപാതകം നടത്തിയത്. പാചകം ചെയ്തു കൊണ്ടിരുന്ന ശരണ്യയുടെ ദേഹത്തേക്ക് ബക്കറ്റിനുള്ളില്‍ കരുതിയ പെട്രോള്‍ പ്രതി ഒഴിക്കുകയായിരുന്നു. അടുപ്പില്‍ നിന്ന് തീ ശരീരമാസകലം പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചവറ സിഐ ആയിരുന്ന എ നിസാമുദ്ദീന്‍ അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ നിയാസ് ഹാജരായി. എഎസ്‌ഐ സാജു പ്രോസിക്യൂഷന്‍ സഹായിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.