19 January 2026, Monday

Related news

January 12, 2026
January 7, 2026
May 30, 2025
March 21, 2025
March 7, 2025
October 27, 2024
October 20, 2024
October 18, 2024
September 13, 2024
July 27, 2024

ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കർമപദ്ധതി

Janayugom Webdesk
കൊച്ചി
January 12, 2026 9:13 pm

ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള കർമപദ്ധതിയുമായി ദ്വീപ് ഭരണകൂടം. ഫിഷറീസ്-സമുദ്രകൃഷി രംഗത്ത് സാങ്കേതിക മുന്നേറ്റം, സംരംഭകത്വം, നിക്ഷേപം, ചൂര‑കടൽപായൽ വിപണിശൃംഖല തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് പറഞ്ഞു. കവരത്തിയിൽ സിഎംഎഫ്ആർഐയുടെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സ്യമേളയോടനുബന്ധിച്ച് നടന്ന ഗുണഭോക്തൃ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിപണിയിൽ ഏറെ ആവശ്യക്കാരുള്ള ലക്ഷദ്വീപ് ചൂര (ട്യൂണ), കടൽപായൽ എന്നിവയുടെ മൂല്യവർധിത ഉല്പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താനും സ്റ്റാർട്ടപ്, സംരംഭകത്വ സംരംഭങ്ങൾ ശക്തിപ്പെടുത്താനും നടപടികളുണ്ടാകും. 

ആവശ്യമായ മേഖകളിൽ നിക്ഷേപം ആകർഷിക്കും. അലങ്കാര മത്സ്യകൃഷി, വിപണനം, കടൽ കൂടുകൃഷി തുടങ്ങിയവ കൂടുതൽ ജനകീയമാക്കും. യുവജനങ്ങൾക്കും സത്രീകൾക്കും മുൻഗണന നൽകിയുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ദ്വീപിന്റെ ബ്ലൂ ഇക്കോണമി സാധ്യതകൾ പ്രയോജനപ്പെടുത്തും. കോൾഡ് സ്റ്റോറേജ്, ഫീഡ് നിർമ്മാണ യൂണിറ്റുകൾ, ഹാച്ചറികൾ എന്നിവ സ്ഥാപിക്കുന്നതിനൊപ്പം ‘ലക്ഷദ്വീപ് പ്രീമിയം സീഫുഡ്’ എന്ന ബ്രാൻഡിൽ ഉല്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കും-സെക്രട്ടറി പറഞ്ഞു. ലക്ഷദ്വീപിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ മത്സ്യോൽപാദനം കൂട്ടേണ്ടതുണ്ടെന്ന് ശാസത്രജ്ഞർ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ഡിസംബറിൽ നടന്ന നിക്ഷേപക സംഗമത്തിൽ 500 കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരമുള്ള സാമ്പത്തിക സഹായങ്ങളും ഈ പദ്ധതികൾക്കായി ഉപയോഗപ്പെടുത്തും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, ലക്ഷദ്വീപ് ഫിഷറീസ് ഡയറക്ടർ കെ ബുസാർ ജംഹർ, ലക്ഷദ്വീപ് കെവികെ മേധാവി ഡോ. പി എൻ ആനന്ദ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.