25 June 2024, Tuesday
KSFE Galaxy Chits

മാമുക്കോയ അന്തരിച്ചു

webdesk
April 26, 2023 1:46 pm

മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലി പരിചയപ്പെടുത്തിയ നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.

കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.  ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം.

മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ്‌  ജനനം. ബേപ്പൂർ മാത്തോട്ടത്തെ  വീട്ടിലാണ്‌ താമസം.  ഭാര്യ: സുഹ്റ.  മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്. മരുമക്കൾ: ജസി, ഹബീബ്‌ (കോഴിക്കോട്‌), സക്കീർ ഹുസൈൻ(കെഎസ്‌ഇബി, വെസ്‌റ്റ്‌ഹിൽ), ഫസ്‌ന (പുറമേരി).

മുഖ്യമന്ത്രിയുടെ അനുശോചിച്ചു

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വിലപ്പെട്ട പാഠപുസ്തമായി മാറിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sam­mury: actor mamukkoya passed away

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.