ഇന്ത്യയിലെ കോവിഡ് നിരക്ക് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 17 ഇരട്ടിയെന്ന് പഠനം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (ബിഎച്ച്‌യു) യിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 4.46 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കണക്ക് 58 മുതല്‍ 98 കോടിയോളം വരുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസി (ഐജെഐഡി)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗലക്ഷണങ്ങളില്ലാത്ത കോടിക്കണക്കിന് കേസുകള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്താത്തതാണ് കണക്കിലെ ഈ പൊരുത്തക്കേടിന് കാരണമെന്ന് ബിഎച്ച്‌യുവിലെ ജെനെറ്റിസിറ്റ് പ്രൊഫസര്‍ ഗ്യാനേശ്വ്‍ ചൗബെ പറഞ്ഞു. രാജ്യത്തെ 34 ഗവേഷക സ്ഥാപനങ്ങളിലെ 88 ശാസ്ത്രജ്ഞര്‍ പഠനത്തിന്റെ ഭാഗമായിരുന്നു. 2020 സെപ്റ്റംബറില്‍ ആറ് സംസ്ഥാനങ്ങളിലെ 14 ജില്ലകളില്‍ നടത്തിയ സിറോ സര്‍വേയിലൂടെയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. നഗരമേഖലയില്‍ 2,301 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വഴിയോരക്കച്ചവടക്കാരുടെ സാമ്പിളുകളും പഠനത്തിനായി ശേഖരിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധ ഉണ്ടായി.
ഇതില്‍ ഭൂരിപക്ഷവും 26 മുതല്‍ 36 വയസുവരെയുള്ളവരാണെന്നും ഗവേഷകര്‍ പറയുന്നു. ഏതെങ്കിലും കൊറോണ വൈറസ് തരംഗത്തിന് ശേഷം ആളുകളിൽ ആന്റിബോഡി പരിശോധനകൾ യഥാർത്ഥ അണുബാധയെ കൃത്യമായി വിലയിരുത്തുന്നു, അവർ പറഞ്ഞു. കോവിഡ് ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും ആര്‍ടിപിസിആര്‍ പരിശോധന പോസിറ്റീവ് ആയിരുന്നില്ലെന്ന് പറഞ്ഞവരെയുമാണ് പഠനത്തിന് വിധേയമാക്കിയത്. കേന്ദ്രത്തിന്റെ കണക്ക് യഥാർത്ഥ എണ്ണത്തേക്കാള്‍ പലമടങ്ങ് കുറവാണെന്ന് ബിഎച്ച്‌യുവിലെ പ്രൊഫ. വി എന്‍ മിശ്ര പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളേക്കാള്‍ വ്യക്തമായ ചിത്രം ലഭിക്കാൻ സിറോസര്‍വൈലന്‍സ് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ 96 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സജീവ രോഗികളുടെ എണ്ണം 1785 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 4,46,83,693 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഉത്തര്‍പ്രദേശില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,30,746 ആയി ഉയര്‍ന്നു.
English Summary: Actual Covid cases in India 17 times higher than reported:Study
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.