26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

അഡാനിക്ക് ബോണ്ടിലും തിരിച്ചടി

Janayugom Webdesk
മുംബൈ
February 4, 2023 11:12 pm

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രതിസന്ധിയില്‍ ബോണ്ട് വില്പന പദ്ധതി ഉപേക്ഷിച്ച് അഡാനി ഗ്രൂപ്പ്. ബോണ്ട് പൊതുവില്പനയിലൂടെ 1000 കോടി സമാഹരിക്കാനായിരുന്നു അഡാനി എന്റര്‍പ്രൈസസ് ലക്ഷ്യമിട്ടിരുന്നത്.
ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് ബോണ്ടുകളുടെ ആദ്യ പൊതുവില്പന തന്നെ ഉപേക്ഷിച്ചത്. എഡ്‌ലവിസ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, എ കെ ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍, ട്രസ്റ്റ് ക്യാപിറ്റല്‍ എന്നിവയുമായി ചേര്‍ന്ന് ജനുവരിയിലാണ് അഡാനി എന്റര്‍പ്രൈസസ് ബോണ്ട് വില്പനയ്ക്ക് പദ്ധതിയിട്ടത്. അതേസമയം ഈ നടപടികള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബോണ്ട് വില്പന സംബന്ധിച്ച് ഡിസംബറില്‍ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോക സമ്പന്നരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നേടിയിരുന്ന അഡാനിയുടെ ആസ്തി പകുതിയായി കുറഞ്ഞിരുന്നു. വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് ഓഫ്‌ഷോർ ഷെൽ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു ഹിൻഡൻബർഗിന്റെ ആരോപണം. തുടര്‍ന്ന് അഡാനി എന്റര്‍പ്രൈസസിന്റെ 20,000 കോടിയുടെ അനുബന്ധ ഓഹരി വില്പന റദ്ദാക്കിയിരുന്നു.
ബോണ്ട് വില്പനാ വിഷയത്തില്‍ എഡ്‌ലവിസ് അടക്കമുള്ള കമ്പനികളോ അഡാനി എന്റര്‍പ്രൈസസോ പ്രതികരിച്ചിട്ടില്ല. ബോണ്ട് വില്പന നിര്‍ത്തിവയ്ക്കുന്നതോടെ പദ്ധതികൾക്കുള്ള മൂലധന ചെലവ് സ്വരൂപിക്കുന്നതിനോ അടുത്ത ഒന്നോ രണ്ടോ വർഷത്തേക്ക് വായ്പകള്‍ എടുക്കാനോ കമ്പനിക്ക് കഴിയില്ലെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് വിലയിരുത്തുന്നു.

മൂന്ന് ബാങ്കുകളുടെ വായ്പ 40000 കോടി

രാജ്യത്തെ മൂന്ന് മുന്‍നിര പൊതുമേഖലാ ബാങ്കുകള്‍ വായ്പാ ഇനത്തില്‍ അഡാനി ഗ്രൂപ്പിന് നല്‍കിയത് 40,000 കോടി രൂപ. ഏറ്റവും കൂടുതല്‍ തുക വായ്പ നല്‍കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് 27,000 കോടി. ബാങ്ക് ഓഫ് ബറോഡ 5,380 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 7000 കോടി എന്നിങ്ങനെയാണ് കണക്ക്.
എസ്ബിഐയും പിഎന്‍ബിയും വായ്പ സംബന്ധിച്ച് വെളിപ്പെടുത്തിയപ്പോള്‍ ബാങ്ക് ഓഫ് ബറോഡ കണക്കുകള്‍ നല്‍കാന്‍ വിസമ്മതിച്ചു. ആർബിഐ അനുവദിച്ച പ്രകാരം ഗ്രൂപ്പ് എക്സ്പോഷറിന്റെ നാലിലൊന്ന് തുക നല്‍കിയെന്നായിരുന്നു ബാങ്കിന്റെ പ്രതികരണം.
ആര്‍ബിഐയുടെ വായ്പാ ചട്ടക്കൂട് പ്രകാരം ബാങ്കുകൾക്ക് അവരുടെ മൊത്തം പ്രാഥമിക മൂലധനത്തിന്റെ 25 ശതമാനം വരെ കണക്ടഡ് സ്ഥാപനങ്ങൾക്കും 20 ശതമാനം സ്വതന്ത്ര സ്ഥാപനത്തിനും വായ്പ നൽകാം. ഇതുപ്രകാരം ഡിസംബര്‍ 31 വരെ ബാങ്ക് ഓഫ് ബറോഡയുടെ പ്രാഥമിക ആസ്തി 86,105 കോടിയാണ്. നിയന്ത്രണ പരിധി 21,526 കോടി രൂപയാണ്. ഇങ്ങനെയെങ്കില്‍ ബാങ്ക് വെളിപ്പെടുത്തിയ പരിധിയുടെ നാലിലൊന്ന് 5,380 കോടി രൂപ ആയിരിക്കും.

സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടില്ല: ധനമന്ത്രി

അഡാനി എന്റര്‍പ്രൈസസ് അനുബന്ധ ഓഹരി വില്പന റദ്ദാക്കിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വലിയതോതില്‍ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കഴിഞ്ഞ രണ്ടു ദിവസത്തെ മാത്രം കണക്കെടുത്താല്‍ 800 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അഡാനി വിഷയത്തില്‍ റെഗുലേറ്റർമാർ അവരുടെ ജോലി ചെയ്യും. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)ക്ക് വിപണികളുടെ സ്ഥിരത ഉറപ്പാക്കാനുള്ള ശേഷിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിപണിയില്‍ അസാധാരണമായുണ്ടായ വില മാറ്റം നിരീക്ഷിച്ചുവരികയാണെന്നും വിപണി തടസമില്ലാതെ സുതാര്യമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സെബിയും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Adani bond also suf­fered a setback

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.