അഡാനി കൈക്കൂലി കേസ് കൊടുങ്കാറ്റ് ഉയര്‍ത്തിവിട്ട ആഘാതത്തില്‍ വിറങ്ങലിച്ച് രാജ്യത്തെ സൗരോര്‍ജ മേഖല. അഡാനി ഗ്രൂപ്പും അസൂര്‍ പവര്‍ കമ്പനിയും സൗരോര്‍ജ വൈദ്യുതി കരാര്‍ ഉണ്ടാക്കാന്‍ 2,200 കോടി രൂപ കൈക്കൂലി നല്‍കിയതില്‍ അമേരിക്കന്‍ കോടതിയുടെ അറസ്റ്റ് വാറണ്ടാണ് സൗരോര്‍ജ മേഖലയെ പ്രതിസന്ധിയിലാക്കിയത്.
കൈക്കൂലി കേസ് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മേഖലയിലെ വിദഗ്ധരും പ്രതികരിച്ചു. സൗരോര്‍ജ മേഖലയിലെ നിക്ഷേപകരും കടുത്ത ആശങ്കയിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ സൗരോര്‍ജ മേഖല നിയന്ത്രിക്കുന്ന സോളാര്‍ പവര്‍ കോര്‍പറേഷന്‍ (എഇസിഐ) പുതിയ ടെന്‍ഡര്‍ നടപടികളും കേസിന് പിന്നാലെ അവതാളത്തിലായി. പദ്ധതി ചെലവില്‍ വരുത്തിയ ഭീമമായ പലിശ നിരക്കും മേഖലയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പദ്ധതി നിരീക്ഷണത്തിന്റെ പേര് പറഞ്ഞാണ് പലിശ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്.
എഇസിഐ കരാര്‍ നല്‍കിയ 12 ജിഗാവാട്ട് സൗരോര്‍ജ പദ്ധതിയാണ് വിവാദത്തിന് തിരികൊളുത്തിയത്. അഡാനി ഗ്രീന്‍-അസൂര്‍ പവറിനാണ് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ കീഴിലുള്ള എഇസിഐ കരാര്‍ നല്‍കിയത്. രണ്ട് രൂപ 92 പൈസ നിരക്കില്‍ സൗരോര്‍ജം നിര്‍മ്മിക്കാനാണ് അനുമതി നല്‍കിയത്. എന്നാല്‍ വൈദ്യുതി വാങ്ങാന്‍ ആരുമായും കരാര്‍ ഉണ്ടാക്കാതെയാണ് അഡാനി കമ്പനിക്ക് ഊര്‍ജ മന്ത്രാലയം കരാര്‍ നല്‍കിയത്. തുടര്‍ന്ന് വൈദ്യുതി വാങ്ങാന്‍ അഡാനി കമ്പനി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കും കൈക്കൂലി നല്‍കുകയായിരുന്നു.
അഡാനി കേസ് എഇസിഐക്കും കളങ്കമേല്പിച്ചു. സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നതെന്ന് രാജ്യത്തെ മുന്‍നിര സൗരോര്‍ജ കമ്പനിയിലെ സീനിയര്‍ എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പറയുന്നു. എഇസിഐ കരാര്‍ നടപടികളുടെ വീഴ്ചയാണ് അഡാനിയെ കൈക്കൂലിയിലേക്ക് നയിച്ചതെന്ന് സ്കില്‍ കൗണ്‍സില്‍ ഫോര്‍ ഗ്രീന്‍ ജോബ്സ് ചെയര്‍മാന്‍ സുനില്‍ ജെയ്ന്‍ പ്രതികരിച്ചു. വന്‍കിട കരാറുകള്‍ ഒക്കെ അഡാനി കമ്പനിക്ക് മാത്രം ലഭിക്കുന്ന വിധത്തിലുള്ള കരാര്‍ വ്യവസ്ഥകള്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായസൗഹൃദ ലേല നയങ്ങള്‍ സ്വീകരിക്കുന്ന പക്ഷം അഴിമതി കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗരോര്‍ജ വൈദ്യുതി ഇടപാടില്‍ അഡാനി ഗ്രൂപ്പ് വന്‍തോതില്‍ കൈക്കൂലി നല്‍കിയതായാണ് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് കമ്മിഷനും യുഎസ് അറ്റോര്‍ണി ഓഫിസും കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഗൗതം അഡാനിക്കും അനന്തരവന്‍ സാഗര്‍ അഡാനിക്കും കോടതി സമന്‍സ് അയച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.