സൗരോര്‍ജ വൈദ്യുതി ഇടപാടില്‍ കരാര്‍ ലഭിക്കാന്‍ അഡാനി ഗ്രൂപ്പ് 2,200 കോടി രൂപ കൈക്കൂലി നല്‍കിയ ആരോപണങ്ങളിലെ യുഎസില്‍ രജിസ്റ്റര്‍ ചെയ്ത സിവില്‍, ക്രിമിനല്‍ കേസുകള്‍ ഒരേ കോടതിയിലേക്ക് മാറ്റി. ന്യൂയോര്‍ക്ക് ഈസ്റ്റേണ്‍ ജില്ലാ ജഡ്ജി നിക്കോളാസ് ഗ്രാഫിസ് ആകും ഗൗതം അഡാനി, അനന്തരവന്‍ സാഗാര്‍ അഡാനി എന്നിവര്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുക. കൈക്കൂലി കേസില്‍ കഴിഞ്ഞ ഡിസംബര്‍ മാസം അഡാനിക്കും അനന്തരവനും അസൂര്‍ പവര്‍ കോര്‍പ്പറേഷനും യുഎസ് കോടതി സമന്‍സ് അയച്ചിരുന്നു. സൗരോര്‍ജ വൈദ്യുതി വിതരണ കരാര്‍ ലഭിക്കാന്‍ അഡാനി ഗ്രൂപ്പ് ഇന്ത്യയിലും അമേരിക്കയിലും കൈക്കൂലി നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സമന്‍സ്.
പ്രതികള്‍ക്കെതിരെ യുഎസ് സെക്യൂരീറ്റിസ് ആന്റ് എക്സേഞ്ച് കമ്മിഷന്‍ നേരത്തെ ക്രിമിനല്‍ കേസും സിവില്‍ കേസും ചുമത്തിയിരുന്നു. രണ്ട് കേസുകളും വ്യത്യസ്തമായി നടത്തിയാല്‍ ഉണ്ടാകുന്ന കാലതാമസം, നടപടിക്രമങ്ങളിലെ ദൈര്‍ഘ്യം എന്നിവ കണക്കിലെടുത്താണ് ഒരേ ബഞ്ചിലേക്ക് മാറ്റിയത്. എന്നാല്‍ സിവില്‍-ക്രിമിനല്‍ കേസ് നടപടികള്‍ രണ്ടായി നടക്കും. വിധി പ്രഖ്യാപനവും വെവ്വേറെയാകും. നിലവില്‍ അഡാനിക്കെതിരെയുള്ള ക്രിമിനല്‍ കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയാണ് നിക്കോളാസ് ഗ്രാഫീസ്.
സോളാര്‍ പവര്‍ കോര്‍പ്പറേഷന്റെ സൗരോര്‍ജ വൈദ്യുതി ഉല്പാദന കരാര്‍ ലഭിച്ച അഡാനി കമ്പനി ഇന്ത്യയില്‍ തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയാണ് കരാര്‍ നേടിയെടുത്തതെന്ന കണ്ടെത്തല്‍ രാജ്യമാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇഷ്ടതോഴനായ അഡാനി വിദേശ രാജ്യങ്ങളില്‍ ഷെല്‍ കമ്പനി രൂപീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷിച്ചുവരുന്നതിനിടെയാണ് കനത്ത തിരിച്ചടിയായി യുഎസ് കോടതി നടപടി ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.