20 May 2024, Monday

Related news

May 17, 2024
May 15, 2024
May 12, 2024
May 9, 2024
May 3, 2024
March 16, 2024
March 6, 2024
February 18, 2024
February 12, 2024
February 8, 2024

ഇസ്രയേലിന്റെ പലസ്തീന്‍ വംശഹത്യക്ക് അഡാനി ഡ്രോണ്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 12, 2024 10:56 pm

ഇസ്രയേല്‍ പ്രതിരോധ സേനയുടെ പലസ്തീന്‍ വംശഹത്യക്ക് ഉപയോഗിക്കുന്നത് ഇന്ത്യയില്‍ നിന്ന് അഡാനി കമ്പനി നിര്‍മ്മിച്ച ഡ്രോണുകളെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡാനി-എല്‍ബിറ്റ് അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് എന്ന സംയുക്ത സംരംഭം നിര്‍മ്മിച്ച കടുത്ത പ്രഹരശേഷിയുള്ള 20 ഹെര്‍മെസ് 900 ഡ്രോണുകള്‍ ഇസ്രയേലിലേക്ക് കയറ്റുമതി ചെയ്തതായി വിവരങ്ങള്‍ പുറത്തുവന്നു. ഗാസയിലെ കൂട്ടക്കൊലയ്ക്ക് ഇസ്രയേല്‍ വ്യാപകമായി വിദേശ നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി സംഘര്‍ഷം ആരംഭിച്ച നാളുകളില്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മധ്യദൂര ഹെര്‍മെസ് ഡ്രോണുകള്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നതിനാണ് അഡാനി കമ്പനി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. നിരീക്ഷണത്തിന് പുറമെ ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിക്കാനും ഹെര്‍മെസ് 900 ഡ്രോണുകള്‍ക്ക് സാധിക്കും. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ഇന്ത്യയുടെ വാദം ശക്തമായി നിലനില്‍ക്കുന്ന വേളയിലാണ് ഇന്ത്യന്‍ കമ്പനി മാരകമായ ഡ്രോണ്‍ കയറ്റുമതി ചെയ്തുവെന്ന വിവരം പുറത്തുവരുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി നെതര്‍ലാന്‍ഡ്സ് സര്‍ക്കാര്‍ യുദ്ധവിമാനമായ എഫ്-35 ന്റെ യന്ത്രഭാഗങ്ങള്‍ ഇസ്രയേലിന് വിതരണം ചെയ്യുന്നത് വിലക്കിക്കൊണ്ട് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ കമ്പനിയുടെ ഡ്രോണ്‍ വിതരണം പുറത്തുവന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ലാണ് ഇസ്രയേല്‍ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസ് അഡാനിയുമായി ചേര്‍ന്ന് സംയുക്ത സംരംഭം സ്ഥാപിക്കുന്നത്. 50,000 ചതുരശ്രമീറ്റര്‍ വരെ ദൂരപരിധിയില്‍ സഞ്ചരിക്കാവുന്ന 30 മണിക്കൂറുകള്‍ വരെ നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന ആളില്ലാ വിമാനങ്ങളാണ് ഹെര്‍മെസ് 900 യുഎവികള്‍. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ പ്രതിരോധ സേനയ്ക്കും അഡാനി കമ്പനി ഡ്രോണ്‍ വില്പന നടത്തിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രയേലിന് എല്‍ബിറ്റ് കമ്പനി ഹെര്‍മെസ് 900 ഡ്രോണുകള്‍ 2015 മുതല്‍ വിതരണം ചെയ്തു വരുന്നുണ്ട്. ഇസ്രയേലിന്റെ പലസ്തീന്‍ വംശഹത്യക്ക് വ്യാപകമായി ഹെര്‍മെസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി യുദ്ധത്തിന്റെ തുടക്കം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ആദ്യം മൗനം പാലിച്ച മോഡി സര്‍ക്കാര്‍ രാജ്യം പുലര്‍ത്തിവന്നിരുന്ന വിദേശ നയത്തില്‍ നിന്ന് വ്യതിചലിച്ച് ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ചത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് വ്യാപക വിമര്‍ശം ക്ഷണിച്ച് വരുത്തിയതോടെ മോഡി സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.

Eng­lish Sum­ma­ry: adani drone
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.