18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

ആഗോള നിക്ഷേപകര്‍ അഡാനിയെ കൈവിടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2023 11:03 pm

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആഗോള നിക്ഷേപക സ്ഥാപനങ്ങളും അഡാനിയെ കൈവിടുന്നു. അഡാനി കമ്പനികളിലെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചതായി ലോകത്തെ ഏറ്റവും വലിയ ഓഹരി നിക്ഷേപകരായ നോര്‍വേ വെല്‍ത്ത് ഫണ്ട് അറിയിച്ചു. അഡാനി ഗ്രീന്‍ എനര്‍ജിയിലെ 52.7 മില്യണ്‍ ഡോളര്‍, അഡാനി ടോട്ടല്‍ ഗ്യാസിലെ 83.6 മില്യണ്‍ ഡോളര്‍, അഡാനി പോര്‍ട്ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണിലെ 63.4 മില്യണ്‍ ഡോളര്‍ നിക്ഷേപങ്ങളാണ് ഒടുവില്‍ പിന്‍വലിച്ചത്. ഇതോടെ 1.35 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ അഡാനി ഗ്രൂപ്പില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി തങ്ങള്‍ അഡാനി ഗ്രൂപ്പിനെ നിരീക്ഷിച്ചുവരികയാണെന്ന് ഫണ്ടിന്റെ ഇഎസ്ജി റിസ്ക് മോണിറ്ററിങ് മേധാവി ക്രിസ്റ്റഫർ റൈറ്റ് പറഞ്ഞു. 2014 മുതൽ 2022 അവസാനം വരെ അഞ്ച് അഡാനി കമ്പനികളിൽ നിന്ന് നിക്ഷേപങ്ങള്‍ പിൻവലിച്ചു. അഡാനി പോർട്ട് ഉൾപ്പെടെ മൂന്ന് കമ്പനികളില്‍ നിക്ഷേപം തുടർന്നു. പിന്നീട് വീണ്ടും നിക്ഷേപങ്ങള്‍ പിന്‍വലിച്ചു. നിലവില്‍ തങ്ങളുടേതായ ഒരു നിക്ഷേപവും അഡാനി കമ്പനികളില്‍ അവശേഷിക്കുന്നില്ലെന്നും ക്രിസ്റ്റഫര്‍ പറഞ്ഞു. ആഗോളതലത്തില്‍ 9200 കമ്പനികളില്‍ ഫണ്ടിന് നിക്ഷേപങ്ങളുണ്ട്.
അതേസമയം വിദേശ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ ഒരു വിഹിതം അഡാനി ഗ്രൂപ്പ് മുന്‍കൂറായി അടച്ചേക്കും. ബാര്‍ക്ലെയ്‌സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഡ്യൂഷെ ബാങ്ക് അടക്കമുള്ളവയില്‍ നിന്ന് 450 കോടി ഡോളറിന്റെ വായ്പയാണ് അഡാനി ഗ്രൂപ്പ് എടുത്തിട്ടുള്ളത്.
അതിനിടെ ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി ടോട്ടല്‍ എനര്‍ജീസ് അഡാനി ഗ്രൂപ്പില്‍ 50 ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്തുന്നത് നീട്ടിവച്ചു. ക്രമക്കേട് ആരോപണങ്ങളില്‍ വ്യക്തത വന്നതിന് ശേഷം കരാറുമായി മുമ്പോട്ടു പോകുമെന്നാണ് ടോട്ടല്‍ എനര്‍ജീസ് അറിയിച്ചിരിക്കുന്നത്.

അഡാനി വില്‍മറില്‍ റെയ്ഡ് 

ഷിംല: ഹിമാചൽ പ്രദേശിൽ അഡാനിയുടെ സ്ഥാപനത്തിൽ റെയ്ഡ്. പർവാനോയിലെ അഡാനി വിൽമർ സ്റ്റോറിലാണ് സംസ്ഥാന എക്സൈസ്-നികുതി വകുപ്പ് പരിശോധന നടത്തിയത്. അഡാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വർഷമായി ജിഎസ്‌ടി അടച്ചിട്ടില്ലെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. അഡാനി ഗ്രൂപ്പിനും സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമറിനും പങ്കാളിത്തമുള്ള സ്ഥാപനമാണ് അഡാനി വിൽമർ സ്റ്റോർ. ഹിമാചൽ പ്രദേശിൽ മാത്രം അഡാനി ഗ്രൂപ്പിന്റെ ഏഴ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ആരോപണങ്ങളില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി അന്വേഷണം

ന്യൂഡല്‍ഹി: അഡാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കാനൊരുങ്ങി മോര്‍ഗന്‍ സ്റ്റാന്‍ലി കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ (എംഎസ്‌സിഐ). ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഉപസ്ഥാപനമാണ് എംഎസ്‌സിഐ. ഓഹരി സൂചികകളില്‍ അഡാനി കമ്പനികള്‍ക്കുള്ള സ്ഥാനവും അവയുടെ യോഗ്യതയും പുനരവലോകനം ചെയ്യുമെന്നാണ് എംഎസ്‌സിഐ അറിയിച്ചിരിക്കുന്നത്. രാജ്യാന്തര മൂലധന നിക്ഷേപത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നതാണ് ഈ സൂചികകള്‍. അഡാനി ഗ്രൂപ്പിന്റെ ഓഹരികള്‍ സംബന്ധിച്ച് നിരവധി നിക്ഷേപകര്‍ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്നാണ് പുനരവലോകനത്തിന് ഒരുങ്ങുന്നത്. അതേസമയം എംഎസ്‌സിഐയുടെ പുനരവലോകന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അഡാനി കമ്പനികളുടെ ഓഹരികള്‍ക്ക് തകര്‍ച്ച നേരിട്ടു. അഡാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ ഇന്നലെ 15 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലെ നേട്ടത്തിനു പിന്നാലെയായിരുന്നു ഈ പതനം. അഡാനി ഗ്രൂപ്പിനു കീഴിലുള്ള 10 കമ്പനികളുടെ ഓഹരികളിലും നഷ്ടം രേഖപ്പെടുത്തി. അഡാനി പോര്‍ട്ട് ഓഹരികള്‍ പത്ത് ശതമാനവും അംബുജ സിമന്റ് 6.3 ശതമാനവും ഇടിവ് നേരിട്ടു. അഡാനി പവര്‍ , അഡാനി ട്രാന്‍സ്മിഷന്‍, അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി ഗ്രീന്‍ എനര്‍ജി, എസിസി, എന്‍ഡിടിവി ഓഹരികള്‍ ലോവർ സർക്യൂട്ടിലേക്ക് ഇടിഞ്ഞു. വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് ഓഫ്‌ഷോർ ഷെൽ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോര്‍ട്ടിലെ ആരോപണം. എംഎസ്‌സിഐയുടെ തീരുമാനം ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നതാന്‍ ആന്‍ഡേഴ്‌സന്‍ ട്വീറ്റ് ചെയ്തു.

സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: അഡാനി ഗ്രൂപ്പിനെതിരെയുള്ള യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിഷയത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്ഥാപകന്‍ നതാന്‍ ആന്‍ഡേഴ്‌സനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും നാളെ പരിഗണിക്കും.

Eng­lish Sum­ma­ry: World’s largest sov­er­eign wealth fund pulls out of Adani
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.