15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 14, 2025
February 14, 2025
February 14, 2025
February 14, 2025
February 13, 2025
February 13, 2025
February 13, 2025
February 13, 2025
February 12, 2025

അഡാനിക്ക് ആഗോളതലത്തില്‍ തിരിച്ചടി; ഫ്രഞ്ച് കമ്പനി പിന്മാറി

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2024 10:12 pm

അഡാനി ഗ്രൂപ്പിന്റെ ഗ്രീൻ എനർജിക്കെതിരെ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിൻമാറി കൂടുതല്‍ കമ്പനികള്‍. രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിന്റെ വികസനത്തിനായി അഡാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയതിന് പിന്നാലെ ഗ്രീൻ എനർജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാൻസിന്റെ ടോട്ടല്‍ എനർജീസും പിൻമാറി.

ഗ്രീൻ എനർജിയില്‍ 19.75 ശതമാനം ഓഹരിയാണ് ടോട്ടല്‍ എനർജീസിനുണ്ടായിരുന്നത്. ഇതിന് പുറമെ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവില്ലെന്നും ബന്ധപ്പെട്ടവർ വാർത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. സൗരോർജ കരാറുകള്‍ ഉറപ്പാക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് 2200 കോടി കൈക്കൂലി നല്‍കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തെന്നും ഇതേക്കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളേയും വഞ്ചിച്ചുവെന്നുമായിരുന്നു അഡാനി ഗ്രീൻ എനർജിക്കെതിരെയുള്ള കേസ്. ഗൗതം അഡാനി, സഹോദര പുത്രന്‍ സാഗര്‍ അഡാനി, മറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെയാണ് അമേരിക്കന്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചത്.

അമേരിക്കയില്‍ നടപടി നേരിടുന്നത് സംബന്ധിച്ച വിവരങ്ങള്‍ തങ്ങളെ അറിയിച്ചില്ലെന്നും നിക്ഷേപത്തില്‍നിന്ന് പിൻമാറിയ ടോട്ടല്‍ എനർജി ചൂണ്ടിക്കാട്ടി. അഡാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി 50 ശതമാനത്തോളം നിക്ഷേപമുള്ളവരാണ് ടോട്ടല്‍ എനർജി.  പല വിദേശ രാജ്യങ്ങളിലെയും, പ്രത്യേകിച്ച് ശ്രീലങ്കയിലെ തുറമുഖ വികസനം ഉള്‍പ്പെടെയുള്ളവയില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വന്നവരും പിന്തിരിയുന്ന സാഹചര്യം സംജാതമായിട്ടുണ്ട്.
അഡാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ നിക്ഷേപനിലവാരം നെഗറ്റീവായി താഴ്ത്തിക്കൊണ്ട് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ നടപടിയുണ്ടായത് മറ്റൊരു പ്രഹരമായി. ഇതോടെ അഡാനി കമ്പനികളുടെ കടപ്പത്രങ്ങളില്‍ വന്‍ തോതില്‍ ഇടിവുണ്ടായി. യുഎസ് കോടതിയിലെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ മൂഡിസ്, എസ് ആന്റ് പി, ഫിച്ച് തുടങ്ങിയ സ്ഥാപനങ്ങള്‍ അഡാനി കടപ്പത്രങ്ങളിലെ നിക്ഷേപ നിലവാരം നെഗറ്റീവ് ആയി താഴ്ത്തുകയായിരുന്നു. നേരത്തെ യുഎസിലെ ബോണ്ട് നിക്ഷേപ സമാഹരണ പദ്ധതിയില്‍ നിന്നും അഡാനി ഗ്രൂപ്പ് പിന്മാറിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പിന്തുണയില്‍ അഡാനി നേടിയ വിശ്വാസം കൈക്കൂലി ആരോപണത്തോടെ തകര്‍ന്നടിഞ്ഞു. അഡാനി കറക്കു കമ്പനിയാണെന്ന വിലയിരുത്തല്‍ അന്താരാഷ്ട്ര സാമ്പത്തിക മേഖലയില്‍ ശക്തമായി.
അഡാനിക്ക് അന്താരാഷ്ട്ര തലത്തില്‍ കരാറുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നത് കമ്പനിയുടെ ഓഹരി ഉടമകളുടെ നിക്ഷേപ നഷ്ടം മാത്രമായി വിലയിരുത്താനാകില്ല. കേന്ദ്ര സര്‍ക്കാരിന്റെ വിശ്വാസ്യതയുമാണ് അന്താരാഷ്ട്ര തലത്തില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

അന്വേഷണം തേടി ഹര്‍ജി

ഗൗതം അഡാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. അഡാനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘമോ കേന്ദ്ര ഏജൻസികളോ അന്വേഷിക്കണമെന്നാണ് ആവശ്യം.

രാജ്യത്തിന് അകത്തും പുറത്തും അഡാനി ഗ്രൂപ്പിനെതിരെ ഉയർന്ന എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഹ‍ർജി ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് നീതിന്യായവകുപ്പിന്റെ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹർജി കോടതി പിന്നീട് പരിഗണിക്കും. നേരത്തെ സുപ്രീം കോടതിയിലും സമാന ആവശ്യങ്ങളുമായി ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.