ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അഡാനിയുടെ സാമ്രാജ്യം തകരുന്നു. യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ അഡാനിയുടെ ആസ്തി പകുതിയായി കുറഞ്ഞു. ഇതുവരെയുള്ള അഡാനി കമ്പനികളുടെ വിപണി മൂല്യത്തിന്റെ നഷ്ടം 10.28 ലക്ഷം കോടിയാണ്.
വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് ഓഫ്‌ഷോർ ഷെൽ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോര്‍ട്ടിലെ ആരോപണം. ഇതിനു പിന്നാലെ ദിവസംതോറും അഡാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ തകര്‍ന്നടിഞ്ഞു. ഇന്നലെയും അഡാനി എന്റര്‍പ്രൈസസ് അടക്കമുള്ള ഓഹരികള്‍ക്ക് വന്‍ ഇടിവ് നേരിട്ടു. അഡാനി എന്റര്‍പ്രൈസസ്, അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി വില്‍മാര്‍, അഡാനി ട്രാന്‍സ്മിഷന്‍, എന്‍ഡിടിവി എന്നിവയുടെ ഓഹരികള്‍ പിന്നീട് നില മെച്ചപ്പെടുത്തി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് സെപ്റ്റംബറില്‍ അഡാനിയുടെ ആസ്തി 150 ബില്യണ്‍ ഡോളറും പിന്നീട് 119 ബില്യണ്‍ ഡോളറുമായിരുന്നു. എന്നാല്‍ നിലവിലിത് 61 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. അഡാനി ഗ്രൂപ്പിന്റെ 20,000 കോടി രൂപയുടെ തുടര്‍ ഓഹരി വില്പന (എഫ്‌പിഒ) കഴിഞ്ഞ ദിവസം റദ്ദാക്കുകയും ചെയ്തിരുന്നു.
എസ് ആന്‍ഡ് പിയുടെ ഡൗ ജോണ്‍സ് സസ്‌റ്റൈനബിലിറ്റി സൂചികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അഡാനിക്ക് ഇന്നലെ ലഭിച്ച ശക്തമായ തിരിച്ചടിയായി. നിലവിലെ സാഹചര്യം പരിശോധിച്ച് വരുകയാണെന്ന് റേറ്റിങ് ഏജന്‍സികളായ ഫിച്ച്, ഗോള്‍ഡ്‌മാന്‍ സാഷെ തുടങ്ങിയ ഏജന്‍സികളും അറിയിച്ചിട്ടുണ്ട്.
അതിനിടെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അഡ്വ. എം എല്‍ ശര്‍മ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
രക്ഷാനീക്കം തുടര്‍ന്ന് കേന്ദ്രം, ആര്‍ബിഐ
ന്യൂഡല്‍ഹി: അഡാനി കമ്പനികള്‍ക്കുള്ളിലെ എസ്ബിഐയുടെയും എല്‍ഐസിയുടെയും നിക്ഷേപങ്ങള്‍ പരിമിതം മാത്രമാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. മൂല്യം ഇടിഞ്ഞിട്ടും ഓഹരികള്‍ ഇപ്പോഴും ലാഭകരമാണെന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് ആദ്യമായാണ് അഡാനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കുന്നത്. ആര്‍ബിഐയും സമാന അഭിപ്രായ പ്രകടനം നടത്തി. അതേസമയം അഡാനി ഗ്രൂപ്പിന്റെ ഓഹരികളിലുണ്ടായ തകർച്ച ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നായിരുന്നു ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്റെ പ്രതികരണം. ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ദിനവും അഡാനിയില്‍ മുങ്ങി പാര്‍ലമെന്റ്
ന്യൂഡല്‍ഹി: അഡാനിയുടെ തകര്‍ച്ചയില്‍ മുങ്ങി രണ്ടാംദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും. വിഷയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭകള്‍ സ്തംഭിച്ചു.
സഭാ നടപടികള്‍ നിര്‍ത്തിവച്ച് അഡാനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഇരു സഭകളിലും നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസുകള്‍ നിഷേധിക്കപ്പെട്ടതോടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. ലോക്‌സഭ ഉച്ചതിരിഞ്ഞ് രണ്ടു വരെയും, രാജ്യസഭ 2.30 വരെയുമാണ് ആദ്യം നിര്‍ത്തിവച്ചത്. ഉച്ച കഴിഞ്ഞ് സമ്മേളിച്ച സഭകള്‍ മിനിറ്റുകളുടെ അന്തരത്തില്‍ തിങ്കളാഴ്ചത്തേക്ക് പിരിയുകയായിരുന്നു. അഡാനി കമ്പനികളിലെ സാമ്പത്തിക തിരിമറികള്‍ സഭ ചര്‍ച്ചയ്ക്ക് എടുക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
English Summary: Adani loses half of its wealth
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.