5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 16, 2024
September 13, 2024
September 4, 2024
August 26, 2024
August 14, 2024
August 13, 2024
August 13, 2024
August 12, 2024
August 11, 2024

ഓഹരിത്തകര്‍ച്ച നേരിടാന്‍ അഡാനി കൃത്രിമംകാട്ടി: വിദേശ നിക്ഷേപകരുടെ പേരുകള്‍ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
August 31, 2023 3:22 pm

ന്യൂഡല്‍ഹി: അഡാനി ഗ്രൂപ്പിനെതിരെ വീണ്ടും ഗുരുതരമായ സാമ്പത്തിക ക്രമക്കേട് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഗ്രൂപ്പ് മേധാവി ഗൗതം അ‍ഡാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ കോടിക്കണക്കിന് ഡോളര്‍ രഹസ്യനിക്ഷേപം നടത്തിയെന്നാണ് തെളിവുകള്‍ സഹിതം പുതിയ വെളിപ്പെടുത്തല്‍. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മമായ ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒസിസിആർപി) ആണ് സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്.

മൗറീഷ്യസില്‍ ഉള്‍പ്പെടെ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ച് പണംതിരിമറി നടത്തിയെന്നും ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്നതും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ഷോര്‍ട്ട്-സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അഡാനി കുടുംബവുമായി അടുത്ത ബന്ധമുള്ള യുഎഇ പൗരനായ നാസര്‍ അലി ഷെഹ്ബാന്‍ അഹ്‌ലി, തായ്‌വാനീസ് പൗരനായ ചാങ് ചുങ്-ലിങ് എന്നിവരുടെ കമ്പനികള്‍ വഴി അഡാനി ഗ്രൂപ്പ് ഓഹരികളില്‍ 2013–18 കാലയളവില്‍ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ ആരോപണം.

ചാങ്ങിന്റെ ലിംഗോ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, അഹ്‌ലിയുടെ ഗള്‍ഫ് അരിജ് ട്രേഡിങ് എഫ്ഇസഡ്ഇ (യുഎഇ), മിഡ് ഈസ്റ്റ് ഓഷന്‍ ട്രേഡ് (മൗറീഷ്യസ്), ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവ വഴിയാണ് അഡാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയത്. ഓഹരി വില കൃത്രിമമായി ഉയര്‍ത്താന്‍ ഇത്തരം നിക്ഷേപങ്ങളിലൂടെ അഡാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒസിസിആര്‍പി പറയുന്നു. വിനോദ് അഡാനിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ നിക്ഷേപം നടത്തിയത്. രണ്ട് മൗറീഷ്യസ് നിക്ഷേപക സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നത് ഗൗതം അ‍ഡ‍ാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അഡാനിയുടെ ഒരു ജീവനക്കാരന്‍ വഴിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അഡാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവുണ്ടായിരുന്നു. ഏകദേശം 15,000 കോടി ഡോളറോളം അഡാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ നഷ്ടമായി. പിന്നാലെ ഗ്രൂപ്പിനെതിരെ സെബിയുടെ അന്വേഷണവുമുണ്ടായി. ഓഹരികള്‍ വിറ്റഴിച്ചും കടബാധ്യതകള്‍ മുന്‍കൂറായി വീട്ടിയും പുതിയ നിക്ഷേപം നേടിയും നഷ്ടം കുറയ്ക്കാനും നിക്ഷേപക വിശ്വാസം തിരികെപ്പിടിക്കാനും അഡാനി ഗ്രൂപ്പ് ശ്രമം നടത്തിവരികയാണ്. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇപ്പോഴത്തെ ആരോപണം ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത് തന്നെയാണെന്നും വിവിധ ഏജന്‍സികള്‍ അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അഡാനി ഗ്രൂപ്പ് പ്രതികരിച്ചു. എല്ലാ ലിസ്റ്റഡ് കമ്പനികളും നിയമം പാലിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അഡാനി ഗ്രൂപ്പ് പറയുന്നു.

ചട്ടം ലംഘിച്ചു

സെബി നിയമപ്രകാരം ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളില്‍ പ്രമോട്ടര്‍മാര്‍ക്ക് പരമാവധി 75 ശതമാനം ഓഹരികളേ കൈവശം വയ്ക്കാനാകൂ. ഈ ചട്ടം അഡാനി ഗ്രൂപ്പ് ലംഘിച്ചു. ചാങ് ചുങ്-ലിങ്ങിന് എട്ട് ശതമാനവും നാസര്‍ അലി ഷെഹ്ബാന്‍ അഹ്‌ലിക്ക് 13.5 ശതമാനവും ഓഹരി പങ്കാളിത്തം അഡാനി ഗ്രൂപ്പ് കമ്പനികളിലുണ്ട്. ഈ പങ്കാളിത്തം വിനോദ് അഡാനിയുടേതെന്ന് കണക്കാക്കിയാല്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനം കവിയും.

തെളിവുകള്‍ പുറത്ത്

അഡാനി ഗ്രൂപ്പിന്റെ ഇ‑മെയിലുകള്‍, ബാങ്ക് റെക്കോഡുകള്‍, നികുതി രേഖകള്‍ തുടങ്ങിയവ തെളിവായി ഒസിസിആര്‍പി മുന്നോട്ടുവയ്ക്കുന്നു. ദ ഗാര്‍ഡിയന്‍, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നിവരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അദൃശ്യമായ കണ്ണികള്‍ ഒടുവില്‍ വെളിച്ചത്തുവന്നതായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഒസിസിആര്‍പി റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു.
ലോകമാകെയുള്ള അന്വേഷണ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട്(ഒസിസിആര്‍പി). ശതകോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ് സോറോസ്, റോക്ക്‌ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ട്, ഓക് ഫൗണ്ടേഷന്‍ എന്നിവരുടെ പിന്തുണയോടെയാണ് ഒസിസിആര്‍പിയുടെ പ്രവര്‍ത്തനം.

ഓഹരിവില വീണ്ടും കൂപ്പുകുത്തി

ഒസിസിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അഡാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ്.
അഡാനി പവര്‍ (4.45 ശതമാനം), അഡാനി ഗ്രീന്‍ എനര്‍ജി (4.31 ശതമാനം), അഡാനി എന്റര്‍പ്രൈസസ് (3.42 ശതമാനം), അംബുജ സിമന്റ് (3.23 ശതമാനം), അഡാനി ട്രാന്‍സ്മിഷന്‍ (3.45 ശതമാനം), അഡാനി പോര്‍ട്‌സ് (2.89 ശതമാനം), എന്‍ഡിടിവി (2.40 ശതമാനം), അഡാനി ടോട്ടല്‍ ഗ്യാസ് (2.42 ശതമാനം) എന്നിവയാണ് കൂടുതല്‍ നഷ്ടത്തിലുള്ളത്.

Eng­lish Sum­ma­ry: Adani rigged to deal with stock crash: Names of for­eign investors out

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.