20 May 2024, Monday

Related news

May 20, 2024
May 20, 2024
May 19, 2024
May 18, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 9, 2024

മുതലപ്പൊഴിയില്‍ അഡാനിയുടെ മരണക്കളി

കെ രംഗനാഥ്
തിരുവനന്തപുരം
July 28, 2023 10:49 pm

തലസ്ഥാനജില്ലയിലെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം മരണപ്പൊഴിയാക്കി മാറ്റിയതിനുകാരണം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ കരാറുകാരായ അഡാനി ഗ്രൂപ്പിന്റെ അലംഭാവം. സര്‍ക്കാരും അഡാനിയും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് മുതലപ്പൊഴി ബ്രേക്ക് വാട്ടറിനു ചുറ്റുമുള്ള കടലാഴം അഞ്ച് മീറ്ററായി സ്ഥിരമായി നിലനിര്‍ത്താന്‍ അടിഞ്ഞുകൂടുന്ന മണല്‍ ഡ്രഡ്ജിങ് നടത്തി നീക്കം ചെയ്യണമെന്നായിരുന്നു. ഈ മണല്‍ കടല്‍മാര്‍ഗം വിഴിഞ്ഞത്തേക്ക് കൊണ്ടുപോയി തുറമുഖ നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതിനുപുറമേ പാറ സംഭരിക്കാന്‍ മുതലപ്പൊഴിയില്‍ മൂന്നേക്കറോളം കടലോരഭൂമിയും അഡാനിക്ക് പതിച്ച് നല്‍കി. തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ പാറ സര്‍ക്കാര്‍ നല്കണമെന്ന് അന്നത്തെ കരാറില്‍ വ്യവസ്ഥയില്ലായിരുന്നു. പാറയില്ലാത്തതിനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവില്ലെന്ന് തുടര്‍ന്ന് അഡാനി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. ഇതനുസരിച്ച് വഴങ്ങിയ സര്‍ക്കാര്‍ തലസ്ഥാന ജില്ലയില്‍ അഡാനിക്ക് 13 പാറമടകള്‍ അനുവദിച്ചുനല്കുകയും ചെയ്തു. കടുവാസംരക്ഷണകേന്ദ്രം, കോട്ടൂര്‍ ആനപരിപാലനകേന്ദ്രം എന്നിവിടങ്ങളില്‍ പോലും പാറമടകള്‍ അനുവദിച്ചു. എന്നാല്‍ കരാര്‍ പ്രകാരം പാറ മുതലപ്പൊഴിയില്‍ കൊണ്ടുവന്നു സംഭരിക്കാതെ ലോറികളില്‍ വിഴിഞ്ഞത്തേക്ക് നേരിട്ട് കൊണ്ടുവരികയാണ് ചെയ്യുന്നത്.

അഡാനിയുടെ ഈ കരാര്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കരാര്‍പ്രകാരം മുതലപ്പൊഴിയുടെ ആഴം കൂട്ടാനും മണ്ണ് നീക്കം ചെയ്യാനുമുള്ള കരാര്‍ വ്യവസ്ഥ കഴിഞ്ഞ രണ്ട് വര്‍ഷമായി പാലി‌ക്കപ്പെട്ടിട്ടില്ല. ഒരുതരി മണല്‍പോലും നീക്കം ചെയ്തിട്ടുമില്ല. അഡാനിയുമായുള്ള മുതലപ്പൊഴിക്കരാര്‍ അടുത്ത മേയില്‍ അവസാനിക്കുകയും ചെയ്യും. മുതലപ്പൊഴിയിലെ മണല്‍നീക്കം ചെയ്യാത്തതിനാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 68 ദരിദ്ര മത്സ്യത്തൊഴിലാളികളാണ് വള്ളം മറിഞ്ഞ് കടലില്‍ നീരറുതിയായത്. ഏതാനും ദിവസം മുമ്പ് നാല് ദരിദ്രകുടുംബങ്ങളെ അനാഥമാക്കി നാല് മത്സ്യത്തൊഴിലാളികളാണ് വള്ളം മറിഞ്ഞ് മരിച്ചത്.
സ്ഥലം എംഎല്‍എയായ സിപിഐ നേതാവ് വി ശശിയും സ്ഥലം എംപി അടൂര്‍ പ്രകാശും അഡാനിയെക്കൊണ്ട് കരാര്‍ വ്യവസ്ഥ പാലിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പലതവണ നിവേദനം നല്കിയെങ്കിലും ഫലമുണ്ടായില്ല.

തുറമുഖകാര്യ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഫിഷറീസ് മന്ത്രി സജി ചെറിയാനും പലതവണ ചര്‍ച്ച നടത്തിയെങ്കിലും അഡാനി ഗ്രൂപ്പ്‍ ഒഴിഞ്ഞുമാറുകയായിരുന്നു. മുതലപ്പൊഴി ഭാഗത്തെ വെളിച്ചമില്ലായ്മയും അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് മുതലപ്പൊഴി തുറമുഖം അടച്ചുപൂട്ടാന്‍ തുറമുഖ വകുപ്പ് ഉത്തരവിറക്കിയത്. മത്സ്യസമ്പന്നമായ മുതലപ്പൊഴി ഭാഗത്ത് 17,000 തൊഴിലാളികള്‍ മീന്‍ പിടിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് കണക്ക്. ഇവരിലേറെയും അഞ്ചുതെങ്ങ്, പുതുക്കുറിച്ചി, പെരുമാതുറ, വെട്ടുതുറ, പുത്തന്‍തോപ്പ്, സെന്റ് ആന്‍ഡ്രൂസ്, താഴംപള്ളി തുടങ്ങിയ കടലോര ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. പുതിയ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാനുള്ള സാഹചര്യം നിഷേധിക്കപ്പെട്ട് പതിനായിരങ്ങള്‍ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

Eng­lish Summary;Adani’s death game in muthalapozhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.