
കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്കും വിനോദ ചാനലുകളുടെ വരിസംഖ്യക്കും മേൽ രണ്ട് ശതമാനം പുതിയ സെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇത് സംസ്ഥാനത്തെ സിനിമാ പ്രേമികൾക്കും കേബിൾ/ഡി ടി എച്ച് വരിക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയാകും. സിനിമ, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായാണ് ഈ അധിക നികുതി ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം തൊഴിൽവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ സെസ് നിലവിൽ വരുന്നതോടെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലെയും ടിക്കറ്റ് നിരക്ക് വർധിക്കും. കൂടാതെ, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിനോദ ചാനലുകളുടെ ആകെ വരിസംഖ്യയുടെ രണ്ട് ശതമാനം സെസ്സായും ഈടാക്കും.
സിനിമാ-സാംസ്കാരിക മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി കഴിഞ്ഞ വർഷം കൊണ്ടുവന്ന നിയമപ്രകാരം ക്ഷേമനിധി രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഒരു ശതമാനം മുതൽ രണ്ട് ശതമാനം വരെ സെസ് ഈടാക്കാമെന്ന നിർദ്ദേശമാണ് ഇപ്പോൾ രണ്ട് ശതമാനമായി നിശ്ചയിച്ച് ചട്ടം രൂപവത്കരിച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 70,000 പേർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രത്യേക രജിസ്‌ട്രേഷൻ വഴി ഇവരെ ക്ഷേമനിധിയിൽ ചേർക്കും. സിനിമാ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപയായി സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും, മൾട്ടിപ്ലക്സ് അസോസിയേഷൻ നൽകിയ ഹർജിയെത്തുടർന്ന് ഹൈക്കോടതി ഈ ഉത്തരവ് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇതിനെത്തുടർന്ന് മിക്ക തിയേറ്ററുകളും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും മൾട്ടിപ്ലക്സുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് പോലും 200 രൂപക്ക് മുകളിലാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പുതിയ രണ്ട് ശതമാനം സെസ് കൂടി ഏർപ്പെടുത്തുമ്പോൾ ടിക്കറ്റുകളുടെ വില ഇനിയും ഉയരും, ഇത് സിനിമാ പ്രേമികൾക്ക് കനത്ത സാമ്പത്തിക തിരിച്ചടിയായേക്കും. വിനോദ ചാനൽ വരിക്കാർക്കും അധികമായി പണം മുടക്കേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.