പി വി അൻവർ എം എൽ എ കേരള പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിലെ ക്രിമിനൽ വത്കരണത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണം.ക്രിമിനലുകളും കൊലപാതകികളുമടക്കമുള്ള ചിലർ പോലീസ് തലപ്പത്ത് സ്വൈര്യ വിഹാരം നടത്തുകയാണെന്നും ക്രമ സമാധാന പാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യ വിവര ശേഖരണ സംവിധാനത്തെ പോലും ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണ്.
ക്രമ സമാധാന ചുമതലയുള്ള എ ഡി ജി പി മന്ത്രിമാരുടേതടക്കം ഫോൺ കോളുകൾ ചോർത്തുന്നുവെന്നും എസ് പി സുജിത്ത് ദാസ് കസ്റ്റംസിലുള്ള ബന്ധം ഉപയോഗിച്ച് വിമാനത്താവളത്തിൽ സ്വർണ്ണം കടത്തുന്നുവെന്നുമുള്ള അൻവറിന്റെ ആരോപണവും ഞെട്ടിക്കുന്നതാണ്.
തൃശൂർ പൂരം അട്ടിമറിക്കുന്നതിന് ആർ എസ് എസ് നേതൃത്വവുമായി നടത്തിയ നീക്കങ്ങളും എ ഡി ജി പി യടക്കമുള്ള ചില ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സംഘ് പരിവാർ കൂടിക്കാഴ്ചകളും വിധേയത്വവും പി വി അൻവർ വിശദീകരിച്ചിട്ടുണ്ട്.ആര്‍.എസ്.എസ് നേതാക്കളായ രാം മാധവുമായും ദത്താത്രേയ ഹൊസബളെയുമായും എ ഡി ജി പി
എം ആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതായാണ് അറിയാൻ കഴിയുന്നത്.
തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് ആർ എസ് എസ് ന്റെ ഭാഗത്ത് നിന്നുണ്ടായത്.
അതിന് ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ആർ എസ് എസ് നേതൃത്വത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും പങ്കിനെ കുറിച്ച് അന്വേഷണം നടത്തണം.
ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പോലീസ് നയത്തിന് വിരുദ്ധമായുള്ള സേനയിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇട പെടലുകൾ സർക്കാരിന് കളങ്കമുണ്ടാക്കുകയാണ്.
പോലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ വർദ്ധിക്കുകയും പൗരാവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള സംഘമാക്കി പോലീസിനെ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം നില നിൽക്കുകയും ചെയ്യുന്നു.നിയമ പാലനം നടത്തേണ്ടവർ തന്നെ ക്രിമിനലുകൾ ആകുന്ന സാഹചര്യം അത്യന്തം ആശങ്കാജനകമാണ്.
ഭരണകൂടത്തിന്റെ അടിച്ചമർത്തലിനുള്ള ഉപകരണം എന്ന നിലയിൽ നിന്ന് പോലീസ് സംവിധാനത്തിന് പരിവർത്തനം വരുത്തിയതും നീതിയുക്തമായി ഇടപെടുന്നതിന് അനുയോജ്യമായ രീതിയിൽ ജനപക്ഷ സമീപനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഒരു പുതിയ പൊലീസ് നയം പ്രഖ്യാപിച്ചതും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറാണ്.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ് തങ്ങളെന്നും മറ്റു ഭരണകൂട സംവിധാനങ്ങളെ പോലെ തന്നെ ജനങ്ങളുടെ സേവകരാണെന്നുമുള്ള മനോഭാവം പൊലീസുകാരിൽ സൃഷ്ടിക്കപ്പെട്ടു തുടങ്ങിയത് കേരളത്തിലെ ഇടത് പക്ഷ സർക്കാറുകളുടെ നയങ്ങളുടെ ഭാഗമായി തന്നെയായിരുന്നു.
എന്നാൽ ഇടത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന വിധത്തിലുള്ള നടപടികൾ ചില കേന്ദ്രങ്ങളിൽ നിന്ന് ആവർത്തിച്ചുണ്ടാകുന്നത് സർക്കാർ ജാഗ്രതയോടെ കാണണം.
നിലവിൽ ആരോപണ വിധേയനായ എ ഡി ജി പി യെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിക്കൊണ്ടുള്ള സമഗ്രാന്വേഷണം സർക്കാർ പ്രഖ്യാപിക്കണം.
എ ഡി ജി പിയെ തൽസ്ഥാനത്ത് നില നിർത്തിക്കൊണ്ടുള്ള അന്വേഷണം കാര്യ ക്ഷമമാവുകയില്ല.പോലീസുകാർക്കെതിരെയുള്ള പരാതികൾ പോലീസ് കംപ്ലയ്ന്റ് അതോറിറ്റി അന്വേഷിക്കുന്നതിൽ നിഷ് പക്ഷത ഉറപ്പ് വരുത്താൻ കഴിയില്ല.പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജൂഡീഷ്യൽ കമ്മീഷനെ അടിയന്തിരമായി സർക്കാർ നിയമിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെടുകയാണ്.
ആർ.എസ്എ.സ് പ്രമുഖ സംഘടനയാണെന്നും ആ ർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്നുമുള്ള സ്പീക്കരുടെ പരാമർശം തീർത്തും അനുചിതമായിപ്പോയി.
വിധ്വംസക പ്രവർത്തനത്തിന്റെ പേരിൽ രാജ്യത്ത് ഒരു കാലത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് ആ ർ എസ് എസ്.
ഇന്ത്യന്‍ ദേശീയതയില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആദ്യത്തെ ആക്രമണ പദ്ധതിയായിരുന്ന ഗാന്ധിവധം നടത്തിയ മനുഷ്യത്വ വിരുദ്ധ പ്രത്യയ ശാസ്ത്രമാണ് ആർ എസ് എസ്.
സ്വാതന്ത്ര്യ സമരത്തോട് പോലും നിഷേധാത്മക സമീപനം സ്വീകരിക്കുകയും രാജ്യത്തിന്റെ സമന്വയ സംസ്കാരത്തെ അട്ടിമറിച്ചും വർഗ്ഗീയ അജണ്ട നടപ്പാക്കി പൗരന്മാരെ ധ്രുവീകരിച്ചുമുള്ള ഫാസിസ്റ്റ് നയങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നവരോടുള്ള സമീപനം മയപ്പെട്ട് പോകരുത്.
വി ഡി സതീശൻ അടക്കമുളള കോൺഗ്രസ് നേതാക്കൾ എ ഡി ജി പി യുടെ ആർ എസ് എസ് ബന്ധം ഉയർത്തിക്കാട്ടി നടത്തുന്ന പ്രചാരണങ്ങൾ തീർത്തും അപഹാസ്യമാണ്.
കേരളത്തിൽ ആർ എസ് എസിന്റെ ശാഖക്ക് കാവൽ നിൽക്കാൻ പ്രവർത്തകരെ നിയോഗിച്ചതിൽ അഭിമാനം കൊള്ളുകയും തനിക്ക് തോന്നിയാൽ താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തി കെ പി സി സി പ്രസിഡന്റ് ആയിരിക്കുമ്പോൾ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാൻ കോൺ ഗ്രസ്സിന് ധാർമിക യോഗ്യത ഇല്ല.
വി ഡി സതീശന്റെ സംഘ് പരിവാർ വിധേയത്വവും പല തവണ കേരളം കണ്ടതാണ്.
പി വി അൻവർ എം എൽ എ യുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എ ഡി ജി പി യെ മാറ്റി നിർത്തിക്കൊണ്ട് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു കൊണ്ടുള്ള സമഗ്രാന്വേഷണം അടക്കം ആവശ്യപ്പെട്ട് കൊണ്ട് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്ത് നൽകി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.