
ഉത്തര്‍പ്രദേശിലെ എസ്ഐആർ നടപടിക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്ഐആര്‍ കരട് വോട്ടര്‍ പട്ടികയിൽ നാല് കോടി വോട്ടർമാരെ കാണാനില്ലെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. ഇതിൽ ഭൂരിപക്ഷവും ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. പുതിയ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ ജോലി എസ്ഐആർ പട്ടികയിൽ ഉൾപ്പെടാതിരുന്നവരെ കണ്ടെത്തുകയാണെന്നും ആദിത്യനാഥ് പറഞ്ഞു. ബിജെപി നേതാവ് പങ്കജ് ചൗധരിയെ പുതിയ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. ബൂത്തുകളിൽ എല്ലാ വോട്ടർമാരിലേക്കും എത്തി അടുത്ത 12 ദിവസത്തിനുള്ളിൽ ഇവരെയെല്ലാം എസ്ഐആർ പട്ടികയുടെ ഭാഗമാക്കണം. 25 കോടിയാണ് യുപിയിലെ ആകെ ജനസംഖ്യ. ഇതിൽ 16 കോടി പേർക്കാവും വോട്ടവകാശമുണ്ടാവുക. എന്നാൽ, എസ്ഐആറിൽ 12 കോടി പേരെ മാത്രമേ ചേർത്തിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ബൂത്തുകളിലാണ് നടക്കുന്നത്. വ്യാജ വോട്ടുകൾക്കെതിരെ എതിർപ്പറിയിക്കാനുള്ള അവസരം, വോട്ടർപട്ടികയിൽ പുതിയ പേര് ചേർക്കാനുള്ള അവസരം എന്നിവ ഇപ്പോൾ ലഭിക്കും. കഠിനാധ്വാനം ചെയ്താൽ തെരഞ്ഞെടുപ്പിലെ വലിയൊരു ജോലി ഇപ്പോൾ തന്നെ പൂർത്തിയാക്കാം. ബംഗ്ലാദേശിൽ നിന്നുള്ളവരെ പ്രതിപക്ഷ പാർട്ടികൾ വോട്ടർ പട്ടികയിൽ ചേർക്കുന്നുണ്ട്. ഇവരെ ഒഴിവാക്കാനും എസ്ഐആർ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ജനസംഖ്യ ഏകദേശം 25 കോടിയാണെന്നും അതിൽ ഏകദേശം 65% പേർ, 18 വയസ് തികഞ്ഞവർ ഉൾപ്പെടെ വോട്ടർമാരായിരിക്കണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. എസ്ഐആർ ഫോമുകൾ നൽകുന്നതിനുള്ള സമയപരിധി യുപിയിൽ 15 ദിവസം കൂടി നീട്ടി നൽകിയിരുന്നു. ബിജെപിക്ക് അനുകൂലമായാണ് എസ്ഐആറിന്റെ സമയപരിധി നീട്ടിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.