22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 26, 2024
November 13, 2024
November 11, 2024
November 9, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 7, 2024

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; വ്യാജ വാർത്തകൾ സൃഷ്ടിച്ച് കുറ്റവാളികളെ രക്ഷിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണം — ജോയിന്റ് കൗൺസിൽ

Janayugom Webdesk
കണ്ണൂർ
November 8, 2024 2:11 pm

സർവ്വീസ് കാലയളവിലെല്ലാം സത്യസന്ധതയോടും നീതിപൂർവ്വവുമായും ഔദ്യോഗിക ചുമതല നിർവ്വഹിച്ചു പോന്ന കണ്ണൂർ എഡിഎം നവീൻബാബുവിനെ ക്ഷണിക്കപ്പെടാത്തൊരു പൊതുവേദിയിൽ അതിക്രമിച്ചു കയറി അപമാനിച്ച് മരണത്തിലേക്ക് നയിച്ച മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ രക്ഷപ്പെടുത്താൻ നിരവധി പദ്ധതികൾ തയ്യാറാക്കി വരുന്നത് പൊതു സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ഒന്നൊന്നായി പരാജയപ്പെടുമ്പോൾ പുതിയ കഥയുമായി ഒരു കൂട്ടർ വീണ്ടും രംഗത്തെത്തിയിരിക്കുന്നു.. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് സർവ്വീസ് സംഘടന സംശയമുനയിലെന്ന തലക്കെട്ടോടെ ഒരു ഓൺ ചാനലിൻ്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തയുടെ ഉദ്ദേശം എന്താണ് എന്ന് പകൽ പോലെ വ്യക്തമാണ്. സംസ്ഥാന സിവിൽ സർവ്വീസിൽ ഏറ്റവും സുതാര്യമായും കൃത്യമായും സ്ഥലം മാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളും നടക്കുന്നത് റവന്യു വകുപ്പിലാണ്. പുർണ്ണമായും ഓൺലൈനിൽ നടക്കുന്ന സ്ഥലം മാറ്റങ്ങളിൽ നാളിതുവരെ ഒരു ആക്ഷേപവും ഉയർന്നിട്ടില്ല. 

ഡെപ്യൂട്ടികളക്ടർ, ആർ ഡി ഒ, സബ് കളക്ടർ, എഡിഎം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ നടത്തുന്നത് കേരള സർക്കാരുമാണ്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പിന് നേരിട്ട് ഒരു പങ്കുമില്ല എന്നിരിക്കെ വ്യാജവർത്തകൾ സൃഷ്ടിച്ച് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതുന്നവർ മൂഢ സ്വർഗ്ഗത്തിലാണ്. ഡെ. കളക്ടർ മാരിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ എഡിഎം പദവിയിൽ നിയമിക്കുന്നത് സർക്കാർ വിവിധ തലങ്ങളിൽ നടത്തുന്ന അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ്.വസ്തുത ഇതായിരിക്കെ ആടിനെ പട്ടിയാക്കുന്ന നിലയിലുള്ള വാർത്തകൾ പടച്ച് വിടുന്നതിന് പിന്നിലുളള ലക്ഷ്യം കുറ്റവാളിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണ്.കോടതിയുടെ പരിഗണനയിലുളള ഒരു വിഷയത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. 

ഇത്തരം വാർത്തകൾ ചമച്ച് യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുന്നവർക്കും നവീൻ ബാബുവിൻ്റെ മരണത്തിന് കാരണമായ സംഗതികളിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വേണം കരുതാൻ. ഇത്തരം വ്യാജവാർത്ത സൃഷ്ടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെയും അന്വേഷണത്തിൻ്റെ പരിധിയിൽ കൊണ്ടുവരണം. തുടക്കം മുതൽ ഈ വിഷയത്തിൽ എ.ഡി.എമ്മിനെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമെന്ന നിലയ്ക്ക് ജോയിന്റ് കൗൺസിൽ തുടർന്നും നവീൻബാബുവിന്റെ കുടുംബത്തിന്റെ നീതിയ്ക്കായുള്ള പോരാട്ടത്തിൽ അടിയുറച്ച് നിൽക്കുമെന്നും ഇനിയും ഈ വ്യാജ പ്രചരണങ്ങൾ തുടർന്നാൽ ഓൺലൈൻ ചാനലിനെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഒരു പ്രസ്താവനയിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയ് ജോസഫും പ്രസിഡൻ്റ് ടി.എസ് പ്രദീപും ഒരു പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.