18 October 2024, Friday
KSFE Galaxy Chits Banner 2

എഡിഎം നവീന്റെ യാത്രയയപ്പ് ചടങ്ങ്: കലക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് സിപിഐ(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി

Janayugom Webdesk
തിരുവനന്തപുരം 
October 18, 2024 11:12 am

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സിപിഐ(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്ത എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിന് ദിവ്യ പോയത് എന്തിന്? എവിടെയും വലിഞ്ഞു കയറി ചെല്ലാമെന്നാണോ?. 

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ജില്ലാ കലക്ടര്‍ക്കും നല്ലപങ്കുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കണം. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും കെ പി ഉദയഭാനു പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ട്. സ്വതന്ത്ര അന്വേഷണമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ദിവ്യക്കെതിരെ സംഘടനാ തലത്തില്‍ നടപടി വേണോയെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെ. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കും. നവീന്റെ കുടുംബവുമായി വീണ്ടും പാര്‍ട്ടി സംസാരിക്കും. അവര്‍ക്കൊപ്പം തന്നെ ജില്ലയിലെ പാര്‍ട്ടി നിലകൊള്ളും.രാത്രി രണ്ടു മണി വരെ നവീന്‍ ബാബു വീട്ടുകാരുമായി സംസാരിച്ചുവെന്നാണ് പറഞ്ഞത്. കലക്ടര്‍ ഇതില്‍ സ്വീകരിച്ച സമീപനം നവീന്‍ബാബു ഭാര്യയോട് പറഞ്ഞു. ആരാണോ ഇതില്‍ പങ്കാളിയായത് അവര്‍ക്കെല്ലാം അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. ഇനി ഓരോ നടപടിയും വീട്ടുകാരുടെ കൂടി അഭിപ്രായം മാനിച്ചു മാത്രമേ കൈക്കൊള്ളു.അതിനനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. 

എല്ലാ അര്‍ത്ഥ പാര്‍ട്ടി സിപിഎം ഉണ്ടാകുമെന്ന് വ്യക്തമാക്കി കെ പി ഉദയഭാനു ഫെയ്സ്ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. ആ കുറിപ്പ് ഇങ്ങനെ.…മകളേ നി കുടമുടച്ചു താതന് ചെയ്തതു ശേഷക്രിയ നിൻ മനമുടയാതെ ചേർത്തുവച്ച് ഞങ്ങളുണ്ടാകും .ഹൃദയം മുറിയുന്ന വേദനകളെ ഉള്ളിലൊതുക്കി ഇന്നു നീ അച്ഛനുചെയ്ത ശേഷക്രിയ ആരുടെ കണ്ണുകളെയാണ് നനയിക്കാത്തത്. പാതിയുടഞ്ഞ കുടവുമായി അച്ഛനു വലം വെയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേർത്തുവെയ്ക്കാൻ ഞങ്ങളുണ്ടാകും.നിന്റെ കണ്ണിലെ നനവും, മനസിലെ നോവും വെറുതെയാകില്ല. ഇതാണുറപ്പ് ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.