28 December 2025, Sunday

Related news

December 10, 2025
December 2, 2025
December 1, 2025
November 30, 2025
November 28, 2025
November 27, 2025
November 25, 2025
November 23, 2025
November 22, 2025
November 22, 2025

ബി‌എൽ‌ഒമാരല്ല വ്യക്തിയുടെ യോഗ്യത നിർണയിക്കേണ്ടതെന്ന് അഭിഭാഷകര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2025 10:15 pm

ഒരാൾ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആഭ്യന്തര മന്ത്രാലയവും ഇന്ത്യന്‍ കോടതികളുമാണെന്നും ബൂത്ത് ലെവൽ ഓഫിസർ (ബിഎല്‍ഒ) മാരല്ലെന്നും പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബല്‍ സുപ്രീം കോടതിയില്‍. എസ്എ‍െആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കബില്‍ സിബല്‍ ഇത് ചൂണ്ടിക്കാട്ടിയത്.
ഒരാൾക്ക് മാനസികാരോഗ്യമില്ലെന്ന് തീരുമാനിക്കുന്നത് ഒരു യോഗ്യതയുള്ള കോടതിയാണ്. അഴിമതി നിരോധന, ജനപ്രാതിനിധ്യ നിയമങ്ങൾ വോട്ടർ പട്ടികയിൽ നിന്ന് ഒരാളെ അയോഗ്യനാക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനമാണ്. ഇതെല്ലാം തീരുമാനിക്കാൻ ബിഎൽഒയോട് ആവശ്യപ്പെടാൻ കഴിയില്ല; 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 16 പരാമർശിച്ചുകൊണ്ട് കബില്‍ സിബൽ പറ‍ഞ്ഞു. പൗരത്വം നിർണയിക്കാൻ സ്കൂൾ അധ്യാപകരെ ബി‌എൽ‌ഒമാരായി നിയമിക്കുന്നത് അപകടകരവും യുക്തിരഹിതവുമാണെന്ന് സിബൽ ചൂണ്ടിക്കാട്ടി.
വോട്ടർമാർക്ക് അവരുടെ മാതാപിതാക്കളെക്കുറിച്ചോ മുത്തശിമാരെക്കുറിച്ചോ ഉള്ള വിവരങ്ങൾ നൽകാൻ എണ്ണൽ ഫോമിലെ ഒരു കോളം ആവശ്യപ്പെടുന്നു. മാതാപിതാക്കളെക്കുറിച്ചോ മുത്തശനെക്കുറിച്ചോ ഉള്ള രേഖകൾ ഇല്ലാത്ത നിരവധി പേരുണ്ട്. വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള രണ്ട് നിബന്ധനകളുണ്ട്: ഒരാൾക്ക് 18 വയസ് തികഞ്ഞിരിക്കണം, സാധാരണയായി ഒരു നിയോജകമണ്ഡലത്തിൽ താമസിക്കുന്നയാളായിരിക്കണം. ആധാർ ഉപയോഗിച്ച് ഈ രണ്ട് വിശദാംശങ്ങളും പരിശോധിക്കാം. ഒരു ബിഎല്‍ഒ ഈ രണ്ട് ഘടകങ്ങൾ മാത്രം പരിശോധിച്ചാൽ മതി. ഒരു വ്യക്തിയുടെ പൗരത്വം നിർണയിക്കാൻ അദ്ദേഹത്തിന് അധികാരമില്ല- കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
തെളിവുകളുടെ ബാധ്യത മുഴുവന്‍ പൗരന്മാരുടെ മേൽ ചുമത്തുകയാണ്. പുനർപരിശോധനയ്ക്കുള്ള മുഴുവൻ നടപടിക്രമങ്ങളെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റിമറിക്കുകയാണ്. അവർ എണ്ണൽ ഫോമുകൾ അവതരിപ്പിക്കുകയും പൗരത്വ തെളിവിന്റെ ഭാരം പൗരന്മാരുടെ മേൽ ചുമത്തുകയും ചെയ്യുന്നു. എന്റെ അച്ഛൻ 2003 ലെ വോട്ടർ പട്ടികയിൽ വോട്ട് ചെയ്തിട്ടില്ലെങ്കിൽ അല്ലെങ്കിൽ അതിനുമുമ്പ് അദ്ദേഹം മരിച്ചുപോയാൽ ഞാൻ എങ്ങനെ തെളിവുണ്ടാക്കും. കപിൽ സിബൽ ചോദിച്ചു.
ആധാറുള്ള നുഴഞ്ഞുകയറ്റക്കാരെ വോട്ടർമാരാക്കണോയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകരോട് ചോദിച്ചു. ആധാർ കാർഡ് പൗരത്വത്തിന് പൂർണമായ തെളിവ് നൽകുന്നില്ല എന്ന് സുപ്രീം കോടതി ആവർത്തിച്ചു. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ എല്ലാവർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് ആധാർ എന്നും ഈ രേഖ സ്വയമേവ വോട്ടവകാശം നൽകുന്നതിനുള്ള രേഖയല്ലെന്നും കോടതി പറഞ്ഞു.
തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്‌ഐആറിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനുള്ള സമയക്രമവും സുപ്രീം കോടതി നിശ്ചയിച്ചു. ഡിസംബർ ഒന്നിനകം മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് ബെഞ്ച് ആവശ്യപ്പെട്ടു. തുടർന്ന് ഹർജിക്കാർക്ക് മറുപടി സമർപ്പിക്കാം, ശേഷം കാര്യങ്ങൾ ഉടൻ പരിഗണിക്കും.
ജനാധിപത്യ പങ്കാളിത്തത്തെക്കുറിച്ച് എസ്‌ഐആർ അടിസ്ഥാനപരമായ ആശങ്കകൾ ഉന്നയിക്കുന്നതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സാധാരണ വോട്ടർമാരിൽ പലരും നിരക്ഷരരാണ്, അവരുടെ മേൽ എസ്‌ഐആർ ഭരണഘടനാ വിരുദ്ധമായ ഭാരം ചുമത്തുന്നു. വളരെയധികം പേർ നിരക്ഷരരാണ്, അവർക്ക് എഴുതാനും വായിക്കാനും അറിയില്ല. അവർക്ക് ഫോമുകൾ പൂരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കും. നടപടിക്രമപരമായ ന്യായീകരണങ്ങളെക്കാൾ ഭരണഘടനാപരമായ സംരക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം — അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു
ജനപ്രാതിനിധ്യ നിയമ പ്രകാരം, വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രമായ പുനരവലോകനം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരം കൂട്ടമായിട്ടല്ല, മറിച്ച് ഒരു നിയോജകമണ്ഡലത്തിലേക്ക് മാത്രമാണെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി വാദിച്ചു. മാതാപിതാക്കളുടെ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ വോട്ട് നഷ്ടപ്പെടുമെങ്കിൽ, അത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. 2024, 2025 വർഷങ്ങളിലെ വോട്ടർ പട്ടികയിൽ ഒരു വോട്ടറുടെ സാന്നിധ്യം ‘അനുമാനിക്കപ്പെട്ട അതിഥി‘യാണോ എന്ന് അദ്ദേഹം ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.