29 December 2025, Monday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

തിരിച്ചടിയായേക്കാവുന്ന അഫ്ഗാൻ സഹകരണം

Janayugom Webdesk
October 13, 2025 5:00 am

ശത്രുവിന്റെ ശത്രു മിത്രമെന്നത് പ്രാകൃതചിന്തകളുടെ ഉല്പന്നമാണ്. എങ്കിലും ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണാധികാരികൾ എപ്പോഴും അത്തരം ചിന്തകളെ കൂട്ടുപിടിക്കുന്നവരാണ്. അതിന്റെ ഒടുവിലത്തെ തെളിവാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി കൂട്ടുചേരാനുള്ള തീരുമാനം. താലിബാൻ താൽക്കാലികമായി പാകിസ്ഥാനെതിരാണ് എന്നതാണ് ഈ നിലപാടുമാറ്റത്തിന് കാരണമായിരിക്കുന്നത്. താലിബാൻ ഇപ്പോൾ പാകിസ്ഥാനെതിരായ നിലപാടെടുക്കുന്നത് അവരുടെ വിശുദ്ധികൊണ്ടല്ല.

പാകിസ്ഥാനുമായുള്ള അതിർത്തി പ്രശ്നങ്ങളും അവിടെയുള്ള വിഘടനസംഘടനകളെ പിന്തുണയ്ക്കുന്ന സമീപനങ്ങളുമാണ് ആ രാജ്യത്തോടുള്ള ഇപ്പോഴത്തെ താലിബാൻ ശത്രുതയുടെ ഏകകാരണം. മറിച്ച് പാകിസ്ഥാന്റെയും താലിബാന്റെയും നിലപാടുകൾക്ക് വലിയ അന്തരമില്ല. ഇതുവരെ സ്വീകരിച്ച വിദേശനയങ്ങളിലോ ആഭ്യന്തര നിലപാടുകളിലോ എന്തെങ്കിലും വ്യത്യാസം വരുത്തിയതായി താലിബാൻ വിശദീകരിച്ചിട്ടുമില്ല. 1996 — 2001 കാലയളവിൽ ആദ്യഭരണകാലത്ത്, ഇന്ത്യ താലിബാന്‍ ഭരണവുമായി ഇടപഴകാൻ വിസമ്മതിക്കുകയായിരുന്നു. ആ രാജ്യത്ത് ആഭ്യന്തരകലാപം സൃഷ്ടിക്കുകയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്തവരായിരുന്നു താലിബാൻ. രാജ്യത്തിന്റെ ഭരണം കയ്യേറ്റ അവർ കടുത്ത യാഥാസ്ഥിതിക നിലപാടുകളാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ താലിബാൻ അധികാരത്തിൽ വന്നതോടെ ഇന്ത്യ കാബൂളിലെ എംബസി അടച്ചുപൂട്ടുകയും ചെയ്തു. അന്ന് താലിബാനെ അംഗീകരിച്ച രാജ്യങ്ങളിൽ പാകിസ്ഥാനുമുണ്ടായിരുന്നു. പിന്നീട് 2001ൽ താലിബാൻ അധികാരഭ്രഷ്ടമായതിന് ശേഷമാണ് ഇന്ത്യ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. ഈയൊരു പശ്ചാത്തലത്തിൽ 2021ൽ വീണ്ടും താലിബാൻ അധികാരത്തിലെത്തിയപ്പോൾ കാബൂളിലെ ഇന്ത്യൻ എംബസി പ്രവർത്തനം അവസാനിപ്പിക്കുകയും കോൺസുലേറ്റ് മാത്രമായി മാറ്റുകയുമായിരുന്നു. നാലുവർഷത്തിനിടെ താലിബാനോ അവരുടെ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാനോ യാഥാസ്ഥിതിക കാഴ്ചപ്പാടുകളിലും പിന്തിരിപ്പൻ നിലപാടുകളിലും എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ല.

എന്നിട്ടും ബിജെപി സർക്കാർ അവരോട് ബന്ധം പുലർത്തുന്നത് ശത്രുവിന്റെ ശത്രു മിത്രമെന്ന പ്രാകൃത ചിന്തകളുടെ മാത്രം അടിസ്ഥാനത്തിലാണ്. അഫ്ഗാനിസ്ഥാന്റെ പരമാധികാരം, പ്രദേശിക സ്ഥിരത, സ്വാതന്ത്ര്യം എന്നിവയ്ക്ക് ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നാണ് താലിബാൻ വിദേശ കാര്യവകുപ്പ് മന്ത്രി ആമിർ ഖാൻ മുത്താഖ്വിയുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയത്. ഇന്ത്യയുമായി എപ്പോഴും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നായിരുന്നു മുത്താഖ്വിയുടെ പ്രതികരണം. നടന്നുകൊണ്ടിരിക്കുന്ന ഭീകരവിരുദ്ധ ശ്രമങ്ങളെക്കുറിച്ചും മറ്റ് രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനായി അഫ്ഗാന്റെ പ്രദേശം ഉപയോഗിക്കാൻ താലിബാൻ ഭരണകൂടം ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ ആഗോള ഭീകരതയ്ക്ക് കഴിഞ്ഞ കാലങ്ങളിൽ തങ്ങൾ നൽകിയ സഹായങ്ങൾ തെറ്റായിരുന്നുവെന്ന് പറയാൻ അദ്ദേഹം സന്നദ്ധമായിട്ടില്ല. ഇവിടെയാണ് കഴിഞ്ഞ നാലുവർഷവും അവരെ അംഗീകരികാതിരിക്കുവാനും ശത്രുപക്ഷത്തുനിർത്തുവാനുമുള്ള കാരണങ്ങൾ വിശദീകരിക്കപ്പെടണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത്. എന്നുമാത്രമല്ല ഇന്ത്യയുടെ ഈ അഴകൊഴമ്പൻ സമീപനം അബദ്ധമാണെന്ന് വ്യക്തമാക്കുന്ന നടപടികളാണ് താലിബാൻ വിദേശകാര്യമന്ത്രിയിൽ നിന്നുണ്ടായത് എന്നതും പ്രസക്തമാണ്. വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയുള്ള അവരുടെ സമീപനം തങ്ങളുടെ യാഥാസ്ഥിതികത്വം അഫ്ഗാനിൽ മാത്രമല്ല എവിടെയും മാറ്റാൻ ഒരുക്കമല്ലെന്ന ധാർഷ്ട്യപ്രകടനം കൂടിയാണ്. തങ്ങളല്ല വാർത്താസമ്മേളനം വിളിച്ചതെന്ന ഇന്ത്യയുടെ വിശദീകരണം വിലകുറഞ്ഞ ന്യായീകരണം മാത്രമായേ കണക്കാക്കാനാകുകയുള്ളൂ. എന്നാൽ പ്രതിപക്ഷ പാർട്ടികളും മാധ്യമ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. അതുകൊണ്ട് രണ്ടാം വാർത്താസമ്മേളനത്തിൽ തങ്ങളുടെ നിലപാട് തിരുത്താൻ അവർ നിർബന്ധിതമായി. പാകിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണയിൽ നിന്നാകണം ബിജെപി സർക്കാർ സങ്കുചിത മനോഭാവത്തോടെ താലിബാനെതിരായ നിലപാടിൽ വെള്ളം ചേർത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാനുമായി ഏറ്റമുട്ടിക്കൊണ്ട് താലിബാൻ ബിജെപി സർക്കാരിന്റെ തെറ്റിദ്ധാരണയെ സ്ഥീരികരിക്കുന്നുമുണ്ട്. പക്ഷേ ഏത് നിമിഷവും ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളെ സഹായിക്കുവാൻ താലിബാൻ സന്നദ്ധമാകില്ലെന്ന് ഉറപ്പിക്കാനാകില്ല. ഇപ്പോള്‍ മുത്താഖ്വിയുടെ സന്ദർശനം തന്നെ വളരെ വർഷങ്ങളായി നിലവിലുള്ള വിലക്കിൽ നിന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ കമ്മിറ്റി താൽക്കാലിക യാത്രാഇളവ് അനുവദിച്ചതിനെത്തുടർന്നായിരുന്നു. യാത്രാവിലക്കും ആസ്തികൾ മരവിപ്പിക്കലും ഉൾപ്പെടെ ഐക്യരാഷ്ട്രസഭാ ഉപരോധങ്ങൾക്ക് വിധേയരായ നിരവധി അഫ്ഗാൻ താലിബാൻ നേതാക്കളിൽ ഒരാളാണ് മുത്താഖ്വി. അങ്ങനെയൊരാളെ മുൻനിർത്തിയുള്ള ഇന്ത്യയുടെ സഹകരണം ആഗോളതലത്തിലും രാജ്യത്തിന് ദോഷം ചെയ്യും. ഇതെല്ലാംകൊണ്ടുതന്നെ ഇപ്പോഴത്തെ നീക്കം മണ്ടത്തരമായി എന്ന് തിരിച്ചറിയാൻ അധികനാൾ വേണ്ടിവരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.