
അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി ആമിർ ഖാൻ മുത്താഖി ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ ഇളവ് അനുവദിച്ചതിനെത്തുടർന്നാണ് ആമിർ ഖാൻ മുത്താഖി ഇന്ത്യയിൽ എത്തുന്നത്. 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഒരു ഉന്നത താലിബാൻ നേതാവ് ഇന്ത്യ സന്ദർശിക്കുന്നത് ഇത് ആദ്യമായാണ്.
താലിബാനുമായുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാരം, ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. സന്ദർശനത്തിനിടെ അഫ്ഗാൻ മന്ത്രി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. താലിബാൻ സർക്കാരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനാൽ, ഈ ചർച്ചകളെ പാകിസ്താൻ സസൂക്ഷ്മം നിരീക്ഷിക്കും. ഉഭയകക്ഷി ചർച്ചകൾക്കായി തയ്യാറെടുക്കുമ്പോൾ, ഉദ്യോഗസ്ഥർക്ക് മുന്നിൽ പതാകയുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോക്കോൾ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.
നയതന്ത്ര പ്രോട്ടോക്കോൾ പ്രകാരം, സന്ദർശന നേതാവിന്റെ രാജ്യത്തിന്റെ പതാകയ്‌ക്കൊപ്പം ഇന്ത്യൻ പതാകയും ഫോട്ടോ എടുക്കുന്നതിനായി പശ്ചാത്തലത്തിലോ മേശപ്പുറത്തോ സ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ, അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭരണത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ, താലിബാൻ പതാകയ്ക്ക് ഔദ്യോഗിക പദവി നൽകാൻ കഴിയില്ല. ഇന്ത്യൻ ഉദ്യോഗസ്ഥരും മുത്താഖിയും തമ്മിലുള്ള മുൻ കൂടിക്കാഴ്ചകളിലും ഈ പ്രശ്‌നം ഉയർന്നിരുന്നു. ഈ വർഷം ആദ്യം ദുബായിൽ വെച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും മുത്താഖിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, പശ്ചാത്തലത്തിൽ പതാകകളൊന്നും വയ്ക്കാതെയാണ് ഉദ്യോഗസ്ഥർ ഈ പ്രതിസന്ധി പരിഹരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.