ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്പിക്കാന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 17 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. എം എസ് ധോണി ഉള്‍പ്പെട്ടെ ചെന്നൈയെ അവരുടെ കാണികള്‍ക്ക് മുമ്പില്‍ വച്ച് 50 റണ്‍സിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ബംഗളൂരു ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ ആയുള്ളൂ.
41 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ചെന്നൈയ്ക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു. ആര്‍സിബിക്കായി ജോഷ് ഹേസല്‍വുഡ് മൂന്നും ലിയാം ലിവിങ്സ്റ്റണും യാഷ് ദയാലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന്റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍മാരായ കോലിയും ഫിലിപ്പ് സാള്‍ട്ടും അടിച്ചുകളിച്ചു. അഞ്ചാം ഓവറിലെ അവസാനപന്തില്‍ സാള്‍ട്ടിനെ നൂര്‍ അഹമ്മദ് പുറത്താക്കി. 16 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് താരം പുറത്തായത്. മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും (27) വേഗം സ്‌കോറുയര്‍ത്തി. പിന്നീട് നായകന്‍ രജിത് പടിദാര്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ആര്‍സിബി സ്‌കോര്‍ 150 കടന്നു. 51 റണ്‍സാണ് താരം നേടിയത്. അവസാന ഓവറില്‍ ടിം ഡേവിഡിന്റെ ബാറ്റിങ് വെടിക്കെട്ടും ആര്‍സിബിയെ മികച്ച സ്കോറിലെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.