10 March 2026, Tuesday

Related news

March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 9, 2026
March 9, 2026
March 9, 2026

അതിദാരിദ്ര്യ നിർമ്മാർജനാനന്തരം കേവല ദാരിദ്ര്യ മുക്തി: മാർഗരേഖ അംഗീകരിച്ചു

Janayugom Webdesk
March 10, 2026 11:00 pm

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജനാനന്തര പദ്ധതിയുടെ വിശദ മാർഗരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചു. നവംബർ ഒന്നിന് അതിദാരിദ്ര്യ നിർമ്മാര്‍ജന പ്രഖ്യാപന വേളയിലാണ് ഇപിഇപി 2.0 പ്രഖ്യാപിച്ചിരുന്നത്. അതിദരിദ്രർക്ക് തൊട്ടുമുകളിൽ വരുന്ന വിഭാഗത്തെ കേവല ദാരിദ്ര്യത്തിൽ നിന്നും പടികയറ്റുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. അതിദാരിദ്ര്യമുക്തരായ കുടുംബങ്ങൾ വീണ്ടും അതിദാരിദ്ര്യത്തിലേക്ക് പ്രവേശിക്കില്ല എന്ന് ഉറപ്പാക്കാനുള്ള സുസ്ഥിര ഇടപെടലുകളും ലക്ഷ്യമിടുന്നു.  അതിദാരിദ്ര്യമുക്തി നേടിയ കുടുംബങ്ങളുടെ സുസ്ഥിര അതിജീവനം സര്‍ക്കാര്‍ ഉറപ്പാക്കും. ഇതോടൊപ്പം, പുതുതായി അതിദാരിദ്ര്യാവസ്ഥയിലേക്ക് വന്നിട്ടുണ്ടാകാൻ സാധ്യതയുള്ള കുടുംബങ്ങളെയും കണ്ടെത്തും. അതിദരിദ്രർക്ക് തൊട്ടുമുകളിലുള്ള കേവല ദാരിദ്ര്യ വിഭാഗങ്ങളെ കണ്ടെത്തി അവരുടെ സുസ്ഥിര അതിജീവനം ഉറപ്പാക്കലും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും ബ്ലോക്ക്, ജില്ലാതലങ്ങളിലും കോർപറേഷൻ തലത്തിലും വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് മാർഗരേഖയില്‍ വ്യക്തമാക്കി. ഓരോ തലങ്ങളിലും എല്ലാ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിക്കുന്ന ജനകീയ സംവിധാനങ്ങൾ രൂപീകരിക്കും. അതിദരിദ്ര കുടുംബങ്ങളുടെ ആവശ്യങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന എല്ലാ ഏജൻസികളുടെയും വകുപ്പുകളുടെയും പദ്ധതികളെ ഏകോപിപ്പിച്ചുള്ള കുടുംബതല മൈക്രോപ്ലാനുകൾ, തദ്ദേശസ്ഥാപനതല ഉപപദ്ധതികൾ, ബ്ലോക്ക്-ജില്ലാതല പദ്ധതികൾ എന്നിവ തയ്യാറാക്കും. അതിദരിദ്രകുടുംബങ്ങൾക്ക് സേവനം എത്തിക്കാന്‍ കഴിയുന്ന എല്ലാ വകുപ്പുതല സംവിധാനങ്ങളെയും സന്നദ്ധ സംവിധാനങ്ങളെയും സേവന വിഭാഗങ്ങളെയും ഏകോപിപ്പിച്ചാണ് തദ്ദേശ സ്ഥാപനതലത്തിൽ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കുക. സംസ്ഥാന‑ജില്ലാതലങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വിവിധ വകുപ്പുകളും ഏജൻസികളും ഉൾപ്പെട്ട കോ ഓര്‍ഡിനേഷൻ സമിതികളും നിർവഹണ നേതൃത്വത്തിനുള്ള സംസ്ഥാന, ജില്ലാതല സെല്ലുകളും പ്രവർത്തിപ്പിക്കുമെന്നും മാർഗരേഖയില്‍ പറയുന്നു.

പെന്തക്കോസ്ത് സഭകളെ അംഗീകരിക്കും

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കുവാൻ സര്‍ക്കാര്‍ തത്വത്തിൽ തീരുമാനിച്ചു. പെന്തക്കോസ്ത് ക്രൈസ്തവർ ഉൾപ്പെടെയുള്ള എസ്‌സിസിസി, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി വി അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

സംസ്ഥാനത്ത് എൻആർഐ പൊലീസ് സ്റ്റേഷൻ ആരംഭിക്കും

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതിയതായി എൻആർഐ പൊലീസ് സ്റ്റേഷൻ ആരംഭിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. വിദേശത്ത് ജീവിക്കുമ്പോൾ സങ്കീർണമായ നിയമ‑സാമ്പത്തിക‑സുരക്ഷാ പ്രശ്നങ്ങൾ ഇവർ നേരിടുന്നുണ്ട്.

ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന എൻആർഐ സെൽ എസ്‌പിയുടെ ചുമതലയിൽ ഒരു എൻആർഐ പൊലീസ് സ്റ്റേഷൻ രൂപീകരിക്കുവാൻ സംസ്ഥാന പൊലീസ് മേധാവി നൽകിയ നിർദേശമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇൻസ്പെക്ടർ ‑ഒന്ന്, സബ് ഇൻസ്പെക്ടർ ‑ആറ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ‑ആറ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ‑അഞ്ച്, സിവിൽ പൊലീസ് ഓഫിസർ ‑ഏഴ് എന്നിങ്ങനെ 25 തസ്തികകൾ ഇതിനായി സൃഷ്ടിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar