
സൗദി അറേബ്യയിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിലെത്തി. ബുധനാഴ്ച രാവിലെ റിയാദിൽ നടന്ന ജി സി സി ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം പ്രാദേശിക സമയം ഉച്ചക്ക് 2.20 ഓടെയാണ് അദ്ദേഹം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ട്രംപിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളിൽ ട്രംപിന്റെ സന്ദർശനത്തോടെ കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രായേൽ‑ഹമാസ് പ്രതിനിധികൾ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിലെത്തി വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമാക്കിയിരുന്നു. സ്റ്റീവ് വിറ്റ്കോഫ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ബുധനാഴ്ച രാവിലെ ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.
22 വർഷത്തിനു ശേഷം ഒരു അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് വേദിയാകുന്ന ഖത്തർ വൻ വരവേൽപ്പാണ് ട്രംപിനായി ഒരുക്കിയത്. അമേരിക്കൻ, ഖത്തർ ദേശീയ പതാകകളുമായി ദോഹ കോർണിഷ് ഉൾപ്പെടെ നേരത്തെ തന്നെ അലങ്കരിച്ചിരുന്നു. നഗരത്തിലുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെ ഹമദ് വിമാനത്താവളത്തിലേക്കുള്ള റോഡുകൾ അടച്ചിരുന്നു. യാത്രക്കാർ ദോഹ മെട്രോ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഹമദ് വിമാനത്താവളം അധികൃതർ നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.