
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനു നേരെ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാൻ സൈനിക മേധാവി അബ്ദുൾറഹീം മൂസവിയും കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന സംയുക്ത സൈനിക നീക്കത്തിൽ ഖമേനിയുടെ മകൾ, പേരക്കുട്ടി എന്നിവരടക്കം കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായാൽ ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “അവർ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, ചെയ്താൽ ലോകം ഇതുവരെ കാണാത്ത അത്ര ശക്തമായ പ്രഹരം അവർക്ക് ഏൽക്കേണ്ടി വരും” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഖമേനിയുടെ വധം ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ളവർക്ക് ലഭിച്ച നീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇറാൻ തൊടുത്ത മിസൈലുകൾ ദുബായ്, ദോഹ നഗരങ്ങൾക്ക് മുകളിൽ വെച്ച് തകർത്തു. ദുബായിലെ ജബൽ അലി തുറമുഖത്തിന് സമീപം പുകപടലങ്ങൾ ഉയർന്നതായും ബുർജ് അൽ അറബ് ഹോട്ടലിനും വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള എണ്ണവിപണി കടുത്ത പ്രതിസന്ധിയിലാണ്. ഒപെക് പ്ലസ് രാജ്യങ്ങൾ ഇന്ന് അടിയന്തര യോഗം ചേർന്ന് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തേക്കും. ഇസ്രായേലിൽ പലയിടത്തും അപായ സൈറണുകൾ മുഴങ്ങുകയും സ്ഫോടനങ്ങൾ കേൾക്കുകയും ചെയ്തുവെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാനിൽ അലി ലാറിജാനിയുടെ നേതൃത്വത്തിൽ താത്കാലിക കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ വിഘടനവാദികൾ തലപൊക്കിയാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് വരും മണിക്കൂറുകളിൽ വലിയ ആക്രമണം ഉണ്ടാകുമെന്ന് റെവല്യൂഷണറി ഗാർഡ്സ് പ്രഖ്യാപിച്ചതോടെ യുദ്ധം കൂടുതൽ വ്യാപിക്കുമെന്ന ഭീതിയിലാണ് ലോകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.