
തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി ഭയന്ന് അടൂര്‍ പ്രകാശിനെ തിരുത്തിച്ചെങ്കിലും, യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും യഥാര്‍ത്ഥമുഖം വെളിപ്പെടുത്തി കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സംശയനിഴലിലാക്കുന്ന പരാമര്‍ശങ്ങളാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ബലാത്സംഗ പരാതി ‘വെല്‍ ഡ്രാഫ്റ്റഡ്’ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പരാമര്‍ശം. തനിക്ക് ലഭിക്കുന്നതിന് മുമ്പുതന്നെ പരാതി മാധ്യമങ്ങള്‍ക്ക് നല്‍കി. അതിന് പിന്നിൽ ‘ലീഗൽ ബ്രെയിനു‘ണ്ടെന്നും അതിന്റെ ഉദ്ദേശം അറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. പരാതിയില്‍ സംശയമുണ്ടെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ദിലീപ് കേസില്‍ അതിജീവിതയ്ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമെന്ന് തുറന്നുപ്രഖ്യാപിച്ച യുഡിഎഫ് കണ്‍വീനറെ കോണ്‍ഗ്രസ് തിരുത്തിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് മാത്രമാണെന്ന് ഇതിലൂടെ വ്യക്തമായി. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നിലപാടല്ല അടൂര്‍ പ്രകാശ് പറഞ്ഞതെന്നാണ് നേതാക്കളൊന്നടങ്കം വാദിച്ചിരുന്നത്. എന്നാല്‍, കണ്‍വീനറുടെ അതേ നിലപാടുകള്‍ തന്നെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ കെപിസിസി പ്രസിഡന്റ് ഇന്നലെയും ആവര്‍ത്തിച്ചത്. മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അവസാനനിമിഷം വരെ സംരക്ഷിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. ഏറ്റവുമൊടുവില്‍ ബംഗളൂരു സ്വദേശിനിയായ യുവതി മെയിലിലൂടെ അയച്ചത് ‘ഊരും പേരുമില്ലാത്ത പരാതി’ എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വാദം. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പരാതി പൊലീസിന് കൈമാറേണ്ടിവന്നത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശ് പരസ്യമാക്കിയത് ഒന്നും ചിന്തിക്കാതെയല്ലെന്ന് വ്യക്തമാവുകയാണ്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലാണ് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ രാഹുലിനൊപ്പം നിന്ന അടൂര്‍ പ്രകാശ് ഇതിലൂടെ ലക്ഷ്യമിടുന്നത് രാഹുലിനുവേണ്ടിയുള്ള കളമൊരുക്കലാണ്. കെപിസിസി അധ്യക്ഷനുള്‍പ്പെടെ മറ്റ് നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഈ നിലപാടിനോട് യോജിക്കുന്നുവെന്നാണ് ഇന്നലത്തെ പ്രസ്താവന തെളിയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.