10 March 2026, Tuesday

Related news

March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 7, 2026

പുതുയുഗ യാത്രയ്ക്കു പിന്നാലെ കോൺഗ്രസിൽ തമ്മിലടി

ബേബി ആലുവ
കൊച്ചി
March 10, 2026 10:25 pm

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് പിന്നാലെ കോൺഗ്രസിൽ തമ്മിലടി. നിയമസഭാ തെരഞ്ഞെടുപ്പിനായി കോൺഗ്രസിനെയും യുഡിഎഫിനെയും സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ യാത്ര, വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. യാത്രാ സമാപനത്തിന്റെ പിറ്റേന്ന്, സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത നിർണായക യോഗത്തിൽ പങ്കെടുക്കാതെ ഞായറാഴ്ച പുലർച്ചെ സതീശൻ തിരുവനന്തപുരം വിടുകയായിരുന്നു. യോഗത്തിൽ സംബന്ധിക്കാൻ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി തലേന്ന് എത്തിയിരുന്നു. പുതുയുഗ യാത്രയെ തമസ്കരിക്കാൻ കോൺഗ്രസിൽ നീക്കം നടന്നതിൽ പ്രതിഷേധിച്ചായിരുന്നു സതീശന്റെ ബഹിഷ്കരണം.
യാത്രയുടെ സമാപന ദിവസം പരിപാടിയിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കാൻ, രാഹുൽ ഗാന്ധിക്ക് രാവിലെ മുതൽ തിരക്കുണ്ടെന്ന് ചില നേതാക്കൾ ഉറപ്പാക്കി. ഒപ്പം, കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുമെന്ന അപ്രതീക്ഷിത റിപ്പോർട്ടുകളും പ്രചരിപ്പിച്ചു. ഇതെല്ലാം പുതുയുഗ യാത്രയിൽ നിന്ന് മാധ്യമങ്ങളുടെയും മറ്റും ശ്രദ്ധ തിരിക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നതായി സതീശന്റെ അനുയായികള്‍ പറയുന്നു. 

തുടക്കം മുതൽ യാത്രയുടെ ആവേശം കെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നുവെന്ന് സതീശൻ വിഭാഗം ആരോപിക്കുന്നു. ഓരോ ജില്ലാ കേന്ദ്രത്തിലും യാത്രയെ അഭിസംബോധന ചെയ്യേണ്ട ദേശീയ നേതാക്കളുടെ പട്ടിക സതീശൻ കാലേക്കൂട്ടി സമർപ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് പ്രതികരിച്ചില്ല. ദേശീയ നേതാക്കളുടെ അഭാവം അണികളെ ബാധിക്കുമെന്നതിനാൽ യാത്രയെ ദുർബലപ്പെടുത്താൻ നടത്തിയ ശ്രമമായിട്ടാണ് ഇതിനെ സതീശൻ വിഭാഗം വിലയിരുത്തുന്നത്. പുതുയുഗ യാത്ര തെക്കൻ കേരളത്തിൽ പ്രവേശിച്ചതിന് ശേഷം മാത്രമാണ് ദേശീയ നേതാക്കളെ നിയോഗിച്ചത്. അതേസമയം, സതീശന്റെ സ്വേച്ഛാധിപത്യ ശൈലിയാണ് യാത്രയിൽ കണ്ടതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ കുറ്റപ്പെടുത്തൽ. യാത്രയുടെ ആദ്യ പോസ്റ്റർ അച്ചടിച്ചപ്പോൾ അതിൽ സതീശന്റെ ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. മുസ്ലിം ലീഗിന്റേതടക്കമുള്ള മുതിർന്ന നേതാക്കളുടെ ഇടപെടൽ ഉണ്ടായപ്പോഴാണ് ഉള്ളടക്കത്തിൽ ഭേദഗതി വരുത്തിയ പുതിയ പോസ്റ്ററുകൾ അച്ചടിക്കാൻ സതീശനും കൂട്ടരും തയ്യാറായത്. 

ഒരു ഘട്ടത്തിൽ, മുന്നണി കൺവീനർ അടൂർ പ്രകാശിനെ യാത്രയിൽ നിന്ന് ഒഴിവാക്കാൻ നേതാക്കളോട് സതീശൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. യാത്രയിൽ അവഗണിക്കപ്പെട്ടതിൽ അടൂർ പ്രകാശ് അസ്വസ്ഥനായിരുന്നെന്ന് അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കളും പറഞ്ഞു. മഹാത്മാ ഗാന്ധിയും നാരായണ ഗുരുവും കൊല്ലത്ത് നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ സതീശൻ ക്യാമ്പ് ശ്രമിച്ചതായ ആരോപണമുയരുന്നുണ്ട്. ആറിന് നടക്കുന്ന ആഘോഷത്തിൽ കൊച്ചി മുതൽ കോട്ടയം വരെയുള്ള ഭൂരിഭാഗം പ്രവർത്തകരും പങ്കെടുക്കുമെന്നതിനാൽ പിറ്റേന്നത്തെ യാത്രാ സമാപനത്തിൽ അവരുടെ പങ്കാളിത്തം കുറയുമെന്ന് സതീശൻ ക്യാമ്പ് കണക്കുകൂട്ടിയതിനെ തുടർന്നായിരുന്നു ആഘോഷം മാറ്റിവയ്പിക്കാനുള്ള ശ്രമം. ഇത് ഭിന്നത രൂക്ഷമാക്കി. ആഘോഷ പരിപാടി റദ്ദാക്കിയാൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം യാത്രാ സമാപനത്തിൽ ഉറപ്പാക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് സതീശൻ ഒതുങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.