
വഖഫ് ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിവാദ ബില്ലുകള്‍ക്ക് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ കെട്ടുകെട്ടിക്കാനെന്ന പേരില്‍ ഇമിഗ്രേഷന്‍ ആന്റ് ഫോറിനേഴ‍്സ് ബില്‍ 2025 പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. അമേരിക്കയില്‍ ട്രംപ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കിയതിന് പിന്നാലെയാണ് പ്രിയസുഹൃത്തായ നരേന്ദ്ര മോഡി അദ്ദേഹത്തെ അനുകരിക്കാന്‍ നോക്കുന്നത്.
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിക്കുകയോ, കൃത്രിമ വിസ നിര്‍മ്മിക്കുകയോ ചെയ്താല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം. ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിദേശിയെ കാലതാമസമില്ലാതെ പുറത്താക്കുന്നതിനുള്ള ഉത്തരവാദിത്തം അയാളെ കൊണ്ടുവന്ന (സ‍്പോണ്‍സര്‍) വ്യക്തിക്കായിരിക്കും. വിദ്യാഭ്യാസ‑മെഡിക്കല്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ വസതികള്‍ തുടങ്ങിയവ അവരുടെ പരിസരത്ത് താമസിക്കുന്ന വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
1946ലെ ഫോറിനേഴ‍്സ് ആക്ട്, കുടിയേറ്റ (കാരിയറുകളുടെ ബാധ്യത) നിയമം 2000, പാസ്പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം 1920, വിദേശികളുടെ രജിസ്ട്രേഷന്‍ നിയമം-1939 എന്നിവ ഏകീകരിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിലോ, തുറമുഖത്തോ ഇറങ്ങുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും മുഴുവന്‍ വിവരങ്ങളും മുന്‍കൂട്ടി നല്‍കണമെന്ന് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. മതിയായ യാത്രാരേഖകളില്ലാതെ സ്പോണ്‍സര്‍മാരോ, ഏജന്‍സികളോ ആരെയെങ്കിലും കൊണ്ടുവന്നാല്‍ രണ്ട് മുതല്‍ അഞ്ച് ലക്ഷം വരെ പിഴ ചുമത്താം. പിഴ അടച്ചില്ലെങ്കില്‍ അവരെ കസ്റ്റഡിയിലെടുക്കുകയോ, തടങ്കലില്‍ വയ്ക്കുകയോ ചെയ്യാം.
പാസ്പോര്‍ട്ടും വിസയും അടക്കമുള്ള രേഖകള്‍ വ്യാജമാണെങ്കില്‍ രണ്ട് മുതല്‍ ഏഴ് കൊല്ലം വരെ തടവും ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെ പിഴയും ലഭിക്കുമെന്ന് ബില്ലില്‍ പറയുന്നു. വിസാ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയില്‍ തങ്ങുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുമായിരുന്നത്, പുതിയ ബില്ലില്‍ മൂന്ന് വര്‍ഷം തടവോ മൂന്ന് ലക്ഷം പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയും വ്യവസ്ഥ ചെയ്യുന്നു. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വീടുകള്‍, നഴ‍്സിങ് ഹോമുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന വിദേശികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഉത്തരവാദിത്തം രജിസ‍്ട്രേഷന്‍ ഓഫിസര്‍മാര്‍ക്ക് നല്‍കാനും ബില്‍ നിര്‍ദേശിക്കുന്നു.
വിദേശികളെ താമസിപ്പിച്ചിരിക്കുന്നവര്‍ അവരെ സംബന്ധിച്ച വിവരങ്ങള്‍ രജിസ‍്ട്രേഷന്‍ ഓഫിസര്‍ക്ക് നല്‍കണം. വീടുകള്‍ ഒഴികെയുള്ളയിടങ്ങളില്‍ വിദേശികളെ പ്രവേശിപ്പിക്കുമ്പോള്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും ബില്‍ പറയുന്നു. വിദേശികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന് ചില അധികാരങ്ങള്‍ നല്‍കുന്നതിനുമാണ് നിര്‍ദിഷ്ട നിയമനിര്‍മ്മാണമെന്ന് ബില്ലില്‍ അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.