11 December 2025, Thursday

Related news

October 23, 2025
September 17, 2025
April 1, 2025
September 29, 2024
May 17, 2024
April 2, 2024
April 2, 2024
March 21, 2024
March 21, 2024
March 12, 2024

ഇലക്ടറല്‍ ബോണ്ട് മാനദണ്ഡം വെളിപ്പെടുത്തില്ലെന്ന് വീണ്ടും എസ്ബിഐ

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2024 10:09 pm

വിവാദ ഇലക്ടറല്‍ ബോണ്ടിന്റെ വിശദവിവരം വീണ്ടും മറച്ചുപിടിച്ച് ബോണ്ട് വില്പനക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബോണ്ട് വില്പന സംബന്ധിച്ച മാനദണ്ഡം (സ്റ്റാന്‍ഡേര്‍ഡ് ഓഫ് ഓപ്പറേഷന്‍-എസ്ഒപി) വിവരം ലഭ്യമാക്കില്ലെന്ന് എസ്ബിഐ വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കി.
ബോണ്ട് വാങ്ങിയവരുടെയും തുക ലഭിച്ച പാര്‍ട്ടികളുടെയും വിവരം ശേഖരിക്കാന്‍ സുപ്രീം കോടതിയില്‍ നാലു മാസം സമയം നീട്ടി ചോദിച്ച എസ്ബിഐയാണ് എസ്ഒപി വിവരം നല്‍കാനാവില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകയായ അഞ്ജലി ഭരദ്വാജിന് നല്‍കിയ മറുപടിയില്‍ പറയുന്നത്. വിവാദ ബോണ്ട് റദ്ദാക്കിയ സുപ്രീം കോടതി, ബാങ്കിനോട് ഇടപാടിന്റെ വിശദവിവരം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട വേളയിലാണ് എസ്ഒപി സംബന്ധിച്ച വിവരം ശേഖരിക്കുന്നതിന് സമയം നീട്ടിചോദിച്ചത്. 

ആര്‍ടിഐ സെക്ഷന്‍ 8 (1) അനുസരിച്ച് ലഭ്യമാക്കേണ്ട ചോദ്യത്തിന് മറുപടി നല്‍കുന്നത് ആഭ്യന്തര മാര്‍ഗനിര്‍ദേശത്തിന്റെ ലംഘനമാണെന്നാണ് എസ്ബിഐ നല്‍കുന്ന വിശദീകരണം. സെക്ഷന്‍ 8 (1 ) അനുസരിച്ച് വ്യാവസായിക, വാണിജ്യ‑ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച വിവരങ്ങളില്‍ മറുപടി ലഭ്യമാക്കേണ്ടതില്ല എന്ന തൊടുന്യായമാണ് ബാങ്ക് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ എസ്ബിഐയുടെ മറുപടി ഞെട്ടിക്കുന്നതാണെന്ന് അഞ്ജലി ഭരദ്വാജ് പ്രതികരിച്ചു.
ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കാനും പൊതുജനസമക്ഷം പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ സത്യം മറച്ചുവയ്ക്കാനുള്ള ബാങ്കിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞു. മറുപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2018ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് സംവിധാനം വഴി ബിജെപി അക്കൗണ്ടിലാണ് ഏറ്റവും കുടുതല്‍ തുക ലഭിച്ചതെന്ന് രേഖകള്‍ പുറത്തുവന്നിരുന്നു. ആരംഭകാലം മുതല്‍ പദ്ധതിയെ എതിര്‍ത്ത് വന്നിരുന്ന ഇടത്, സന്നദ്ധ സംഘടനകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കഴിഞ്ഞ മാസമാണ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. 2018 മുതല്‍ കോടതി വിധി വരുന്നതുവരെയുള്ള ബോണ്ട് വില്പനയുടെ വിശദ വിവരം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കാനും അവ കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു. 

Eng­lish Sum­ma­ry: Again SBI will not dis­close elec­toral bond criteria

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.