
പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുരുക്കായി സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാർശ ചെയ്‌തതോടെ പുനർജനി കേസ് വീണ്ടും വാർത്തകളിൽ നിറയുന്നു. എന്താണ് പുനർജനി കേസ്?. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനധിവാസ പദ്ധതിയായ പുനർജനിക്കായി വിദേശത്ത് നിന്നും പണം ശേഖരിച്ചെന്നും ഇതിൽ അഴിമതി നടന്നുവെന്നു എന്നുമുള്ള പരാതിയാണ് വിജിലൻസ് അന്വേഷിച്ചത്. വി ഡി സതീശന്റെ വിദേശ യാത്രയും അന്വേഷണ പരിധിയിലുണ്ടായിരുന്നു.
സതീശൻ വിദേശത്ത് നിന്ന് പണം ശേഖരിച്ചതിൽ അഴിമതി ആരോപിച്ച് 2021ൽ സർക്കാരിന് ആദ്യം പരാതി നൽകിയത് സിപിഐ നേതാവ് പി രാജു ആയിരുന്നു. വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തല്‍. വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വിജിലന്‍സ് പറയുന്നു. വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കുകയും കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് നിയമലംഘനമാണെന്നുമായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.
കേന്ദ്ര അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണപ്പിരിവ് നടത്തുകയും ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് സുതാര്യമായല്ലെന്നും ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചാലക്കുടിയിലെ കാതികൂടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജയ്‌സണ്‍ പന്നിക്കുളങ്ങരയും പരാതി നൽകിയിരുന്നു.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ ഫൗണ്ടേഷൻ രൂപീകരിച്ചാണ് പുനർജനി പദ്ധതിക്കായി വിദേശത്ത് നിന്നും പണം സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. യുകെയിൽ നിന്നും 2,2500 പൗണ്ട് അതായത് 19,95,880.44 രൂപ വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷൻ്റെ അക്കൗണ്ടിലേക്ക് അയച്ചെന്നാണ് വിജിലൻസസിൻ്റെ കണ്ടെത്തൽ.
പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സതീശൻ ഇംഗ്ലണ്ടിലും ഗള്‍ഫിലും യാത്ര നടത്തി 10 കോടി രൂപ പിരിച്ചെടുത്തു എന്നാണ് ആരോപണം. ഇംഗ്ലണ്ടിലെ ബര്‍ണിങ്‌ഹാം സന്ദര്‍ശിച്ച് നടത്തിയ യോഗത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയില്‍ നിന്നും പ്രളയ പുനരധിവാസത്തിന്റെ പേരില്‍ സതീശന്‍ പണം പേരില്‍ പിരിച്ചെടുത്തതായി ആരോപണം ഉയർന്നു. വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചാണ് സതീശന്‍ പുനര്‍ജനി പദ്ധതിക്ക് വേണ്ടി പണം പിരിച്ചതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
പുനര്‍ജനിയുടെ പേരില്‍ വിദേശത്ത് നിന്ന് പാര്‍പ്പിട നിര്‍മ്മാണത്തിന് കോടികള്‍ പിരിച്ചെടുത്തെങ്കിലും ഈ പണം വിനിയോഗിക്കാതെ സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും നിര്‍മിച്ചു നല്‍കിയ വീടുകളെ പുനര്‍ജനിയുടെ പേരിലാക്കുകയായിരുന്നു. ഈ ആരോപണത്തിന്‍മേലാണ് ഇപ്പോള്‍ സതീശനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നും ലഭിച്ച പണം ഉപയോഗിച്ച് പുനർജനി പദ്ധതി പ്രകാരം മണ്ഡലത്തിൽ വീടുകള്‍ നിർമ്മിച്ച് നൽകിയില്ലെന്നായിരുന്നു രാജുവിന്റെ മൊഴി. പുനർജനി പദ്ധതി കൂടാതെ പിറവം മണ്ഡലത്തിലെ കോടതി സമുച്ചയ നിർമ്മാണത്തിലും ക്രമക്കേട് നടന്നതായി രാജു മൊഴി നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.