23 November 2024, Saturday
KSFE Galaxy Chits Banner 2

കേന്ദ്രത്തിന്റെ പ്രതികാര നടപടികൾക്കെതിരെ ഡല്‍ഹിയില്‍ ഫെബ്രുവരി 8ന് പ്രക്ഷോഭം

Janayugom Webdesk
തിരുവനന്തപുരം
January 17, 2024 10:09 am

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഫെബ്രുവരി എട്ടിന് ഡൽഹി ജന്തർമന്ദറിൽ സമരം നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും സമരത്തിൽ പങ്കെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

രാവിലെ 11ന് കേരള ഹൗസിൽ നിന്ന് ജാഥയായി ജന്തർമന്ദറിലെത്തും. ഇത് എൽഡിഎഫിന്റെ മാത്രം സമരമായി മാറരുതെന്നും കേരള ജനതയ്ക്കുവേണ്ടി നടത്തുന്ന സമരത്തിൽ യുഡിഎഫും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും എൽഡിഎഫ് യോഗത്തിനു കണ്‍വീനര്‍ പറഞ്ഞു. ഡൽഹിയിലെ സമരത്തിന് പിന്തുണയുമായി അന്ന് വൈകിട്ട് നാല് മുതൽ ആറ് വരെ സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ കേന്ദ്രങ്ങളിലും എൽഡിഎഫ് ജനകീയ സദസുകളും ഇതിന് മുന്നോടിയായി ബൂത്ത് തലങ്ങളിൽ ഗൃഹസന്ദർശനം അടക്കമുള്ള പ്രചാരണപ്രവർത്തനങ്ങളും സംഘടിപ്പിക്കും. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് കേരള ജനതയുടെ വികാരം പ്രകടപ്പിക്കുന്ന രീതിയിലാകും സദസുകൾ. 

കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന്റെ ആവശ്യകത അറിയിച്ച് മുഖ്യമന്ത്രി തന്നെ പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. എന്നാല്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ വികസന മുരടിപ്പുണ്ടാക്കി എൽഡിഎഫ് സർക്കാരിന്റെ ജനസ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. 

സംസ്ഥാനത്തിന് ന്യായമായും ലഭിക്കേണ്ട വിഹിതം തടഞ്ഞുവയ്ക്കുന്നു. പദ്ധതിവിഹിതം, നികുതി വിഹിതം, റവന്യു കമ്മി നികത്താനുള്ള സഹായം, ജിഎസ്‌ടി നഷ്ടപരിഹാരം എന്നിവയിലെല്ലാം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. അർഹമായ വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു. സംസ്ഥാന സർക്കാരിനെ മാത്രമല്ല, ജനങ്ങളെയാകെയാണ് കേന്ദ്ര സർക്കാർ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷ നേതാവിന് വികസനം വേണ്ടെന്ന നിലപാട്

കേരളത്തിൽ ഒരു വികസനവും വേണ്ടെന്ന നശീകരണ വാസനയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് ഇ പി ജയരാജൻ പറഞ്ഞു. കെ ഫോണിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍ കനത്ത പ്രഹരമാണ് കിട്ടിയത്. ലക്ഷക്കണക്കിന് ജനങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകുന്ന പദ്ധതിക്കെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വൻകിട കമ്പനികളെ സഹായിക്കാനാണ് ഹർജിയുമായി പോയത്. അഴിമതി ആരോപിച്ചാണ് ഹർജി നൽകിയതെങ്കിലും ഒരു തെളിവും ഹാജരാക്കാനായില്ല. പൊതുതാല്പര്യത്തിനല്ല, വ്യക്തിതാല്പര്യത്തിനും സ്വയം ആളാവാനുമാണ് ശ്രമിച്ചത്. സ്ഥിരമായി കോടതിയെ സമീപിക്കുന്ന ശല്യക്കാരനായ വ്യവഹാരിയാകാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനൊരു പ്രതിപക്ഷ നേതാവ് ഉണ്ടായിട്ടില്ല. ആ സ്ഥാനത്ത് തുടരാൻ വി ഡി സതീശന് ധാർമ്മികമായി അവകാശമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

Eng­lish Sum­ma­ry: Agi­ta­tion on Feb­ru­ary 8 in Del­hi against Cen­tre’s retal­ia­to­ry measures

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.