22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 26, 2024
November 8, 2024
October 25, 2024
October 18, 2024
October 17, 2024
September 18, 2024
July 20, 2024
July 16, 2024
July 7, 2024

അഗ്നിപഥ് പൊളിച്ചെഴുതണം: പരമാവധി പ്രായം 23 ആയി ഉയര്‍ത്തണം

Janayugom Webdesk
ന്യൂഡല്‍ഹി
July 7, 2024 11:19 pm

രാജ്യത്ത് ഏറെ വിവാദമായ അഗ്നിപഥ് പദ്ധതി ഉടച്ചുവാര്‍ക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍വച്ച് സൈന്യം. അഗ്നിവീറാകാനുള്ള പരമാവധി പ്രായം 21ല്‍ നിന്ന് 23 ആക്കണമെന്നും കൂടാതെ 50 ശതമാനം അഗ്നിവീറുകളെ സൈന്യത്തിന്റെ ഭാഗമായി നിലനിര്‍ത്തണമെന്നും സൈന്യം ആവശ്യപ്പെട്ടതായി ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അഗ്നിവീറുകളുടെ പോരാട്ടവീര്യം വര്‍ധിപ്പിക്കുന്നതിനാണ് മാറ്റങ്ങള്‍ നിര്‍ദേശിച്ചതെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ പതിനേഴര വയസിനും 21നും ഇടയിലുള്ള യുവതീയുവാക്കളെയാണ് അഗ്നിപഥ് റിക്രൂട്ട്മെന്റിന് പരിഗണിക്കുന്നത്. നാല് കൊല്ലത്തേക്കാണ് നിയമനം. ഇവരില്‍ 25 ശതമാനത്തിന് മാത്രമാണ് പിന്നീട് 15 വര്‍ഷത്തെ സ്ഥിരനിയമനം ലഭിക്കുക. 

പദ്ധതിക്കെതിരെ വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി യുപിയിലടക്കം പരാജയപ്പെടാന്‍ ഇടയാക്കിയ കാരണങ്ങളിലൊന്ന് അഗ്നിപഥ് പദ്ധതിയാണെന്ന് കരുതുന്നു. ദേശീയ സുരക്ഷയെ ബാധിക്കുകയും രാഷ്ട്രീയമായ ഭിന്നതകള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാലിതിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കണം.
അഗ്നിവീറാകാനുള്ള പ്രായം 21ല്‍ നിന്ന് 23 ആക്കുന്നതിലൂടെ, സാങ്കേതിക ജോലികളുടെ പരിശീലനം നല്‍കാവുന്ന ബിരുദധാരികളെ മൂന്ന് സേനകളിലും ഉള്‍പ്പെടുത്താനാകുമെന്ന് സൈന്യം പറയുന്നു. നിലനിര്‍ത്തുന്ന അഗ്നിവീറുകളുടെ എണ്ണം 50 ശതമാനമാക്കി ഉയര്‍ത്തുന്നതിലൂടെ പ്രത്യേക വൈദഗ്ധ്യം വേണ്ട മേഖലകളിലെ സൈനികരുടെ കുറവ് പരിഹരിക്കാനാകും. പ്രായപരിധി വര്‍ധിപ്പിക്കുന്നത് ബിരുദധാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. അഗ്നിപഥ് പദ്ധതി വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നും എന്‍ജിനീയറിങ് കോറിലടക്കം പ്രതികൂല ഫലം സൃഷ്ടിക്കുന്നതായുമാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. 

നാവികസേന മുന്‍ മേധാവി അഡ്മിറല്‍ കെ ബി സിങ്, അഗ്നിപഥ് റിക്രൂട്ട്മെന്റിനെ വിമര്‍ശിച്ച് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. നിലവിലെ അഗ്നിവീറുകളുടെ പരിശീലനകാലം കുറവായതിനാല്‍ വേണ്ടത്ര മികവ് തെളിയിക്കാനാകില്ലെന്നും യുദ്ധം, മറ്റ് സംഘര്‍ഷങ്ങള്‍ എന്നിവയിലടക്കം ഇവരെ ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും കെ ബി സിങ് ചൂണ്ടിക്കാണിച്ചിരുന്നു. സൈനികരുടെ പെന്‍ഷന്‍ തുക കുറയ്ക്കുക എന്നതാണ് അഗ്നിപഥിന്റെ ലക്ഷ്യമെന്നും ദേശസുരക്ഷയെ കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനാണ് കെ ബി സിങ്. 34 വര്‍ഷത്തിലധികം സൈനിക സേവനം നടത്തി വിരമിച്ച കേണല്‍ ആര്‍ ഡി സിങ് ഉള്‍പ്പെടെ പലരും അഗ്നിപഥ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കുഴിബോംബ് പൊട്ടി മരിച്ച അഗ്നിവീറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടിയില്ലെന്ന ലോക‍്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് അഗ്നിപഥ് വീണ്ടും സജീവ ചര്‍ച്ചയായത്. അഗ്നിവീറുകൾ കൊല്ലപ്പെട്ടാൽ മറ്റു സൈനികർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും അത് പക്ഷപാതപരമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പദ്ധതി പൂര്‍ണമായി ഇല്ലാതാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. 

Eng­lish Sum­ma­ry: Agni­path should be scrapped: Max­i­mum age should be raised to 23

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.