23 January 2026, Friday

പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ കരാറുകള്‍ ; 2000കോടിയുടെ ആയുധ സംഭരണത്തിന് അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2025 11:55 am

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ വമ്പന്‍ കരാര്‍ വരുന്നു. അടിയന്തര ആയുധ സംഭരണ സംവിധാനത്തിലാണ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. സൈന്യത്തിന് വേണ്ടി 2000 കോടിയുടെ ആയുധ സംഭരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി 1,981.90 കോടി രൂപയ്ക്കാണ് ആയുധങ്ങള്‍ വാങ്ങുന്നത്.

ഭീകരവാദ ഭീഷണികൾ നേരിടുന്നതിനും ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കാള്ള പ്രതിരോധ ഇടപാടാണ് നടക്കാന്‍ പോകുന്നത്. ഇതിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ഡ്രോണുകള്‍ ഉള്‍പ്പെടെ വാങ്ങുന്നതിന് മൊത്തം 13 കരാറുകളാണ് നടപ്പിലാക്കുക. ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷന്‍ ആന്‍ ഇന്റെര്‍ഡിക്ഷന്‍ സിസ്റ്റം ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാര്‍ വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം അതിന്റെ ലോഞ്ചറുകളും മിസൈലുകളും, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍ ലോയ്റ്ററിങ് മ്യൂണിഷനുകള്‍, ചെറുകിട ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ഹെല്‍മറ്റുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നല്‍കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തര നടപടിയായി വാങ്ങുന്നത്.

സേനയെ ആധുനികവത്കരിക്കുക, കൂടുതല്‍ കരുത്തുറ്റതാക്കുക, ഉയരുന്ന പുതിയകാല ഭീഷണികളെ നേരിടാന്‍ പര്യാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ആയുധ സംഭരണത്തിന് പിറകിൽ. സൈന്യത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ആവശ്യമെങ്കില്‍ കാലതാമസം കൂടാതെ ആയുധം സംഭരിക്കാനുള്ള സംവിധാനമാണ് ഇ.പി എന്ന ചുരുക്കപ്പേരില്‍ പറയുന്ന എമര്‍ജന്‍സി പ്രൊക്യുര്‍മെന്റ് മെക്കാനിസം. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ നേരിട്ട് ആയുധങ്ങള്‍ സംഭരിക്കാന്‍ ഇത് സൈന്യത്തിനെ അനുവദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.