കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ അറിയപ്പെടുന്ന ഫുഡ് പോളിസി അനലിസ്റ്റും എഴുത്തുകാരനുമാണ് ദേവിന്ദര്‍ ശര്‍മ്മ. ഭക്ഷണം, കൃഷി, വിശപ്പ് എന്നീ വിഷയങ്ങളില്‍ ഒട്ടനവധി ലേഖനങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. ഇന്ത്യ നേരിടുന്ന പാരിസ്ഥിതിക, സാമൂഹിക വെല്ലുവിളികള്‍ക്ക് പരിഹാരം തേടുന്ന അസറും സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്താൻ അദ്ദേഹം കേരളത്തില്‍ എത്തിയിരുന്നു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.
ഇന്ത്യയിലെ കാര്‍ഷിക രംഗത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കാമോ?
കാര്‍ഷിക വിപ്ലവത്തിന്റെ നാലാം പതിപ്പിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. കാര്‍ഷിക വിപ്ലവത്തിന്റെ മൂന്നാം പതിപ്പ് സംയോജിത വിപ്ലവമായിരുന്നു. കര്‍ഷകരുടെ ദുരവസ്ഥ രൂക്ഷമാകുമ്പോഴാണ് അന്താരാഷ്ട്ര തലത്തില്‍ കാര്‍ഷിക വിപ്ലവങ്ങള്‍ നടക്കുന്നത്. ആദ്യ മൂന്ന് കാര്‍ഷിക വിപ്ലവങ്ങളിലും കാര്‍ഷിക രംഗം പുരോഗതി പ്രാപിക്കുകയും കാര്യക്ഷമമാകുകയും ചെയ്തു. കര്‍ഷകരുടെ വരുമാനം കുറയുന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കര്‍ഷകരെ ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അമേരിക്കയില്‍ എന്താണ് സംഭവിക്കുന്നതെന്നോ യുകെയിലോ ഓസ്ട്രേലിയയിലോ എന്താണ് സംഭവിക്കുന്നതെന്ന് ചര്‍ച്ച ചെയ്തിട്ട് യാതൊരു കാര്യവുമില്ല. അമേരിക്കയില്‍ ജനസംഖ്യയുടെ 1.5 ശതമാനം ആളുകള്‍ മാത്രമാണ് കാര്‍ഷിക മേഖലയിലുള്ളത്. എന്നാല്‍ ഇന്ത്യയില്‍ അമ്പത് ശതമാനത്തിലേറെ പേരും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.
അമേരിക്ക, യുകെ പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ കൃഷിക്കായി മറ്റ് രാജ്യങ്ങള്‍ ഉപയോഗിക്കുന്നതിലും 36 ഇരട്ടിയാണ് ഊര്‍ജ്ജം അധികമായി ഉപയോഗിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ വികസ്വര രാജ്യങ്ങള്‍ സമ്പന്ന രാജ്യങ്ങളിലെ കാര്‍ഷിക പരിഷ്കാരങ്ങള്‍ അതേപോലെ പകര്‍ത്താനാണ് ശ്രമിക്കുന്നത്. അത് കര്‍ഷകരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. പണ്ട് ഒരു ഗോതമ്പ് കര്‍ഷകന് ലഭിച്ചിരുന്നതിന്റെ ആറില്‍ ഒരു ഭാഗം വരുമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. മറ്റെല്ലാ രംഗങ്ങളിലും വരുമാനം വര്‍ധിക്കുമ്പോള്‍ കാര്‍ഷിക രംഗത്ത് വിലയിടിവാണ് ഉണ്ടാകുന്നത്. ഇത്തരം വിലയിടിവുകള്‍ കര്‍ഷകരെ കൃഷിയില്‍ നിന്നും അകറ്റുകയേ ഉള്ളൂ. എന്നാല്‍ മറ്റ് രംഗങ്ങളില്‍ ഇതല്ല സംഭവിക്കുന്നത്. ഉദാഹരണത്തിന് ഗോതമ്പ് കര്‍ഷകന് ലഭിക്കുന്ന വില കുറയുകയാണെങ്കിലും ബ്രഡിന്റെ വിലയില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ബ്രഡിന് എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഞാൻ കുട്ടിയായിരുന്നപ്പോള്‍ കഴിച്ച അതേ ബ്രഡ് തന്നെയാണ് ഇപ്പോഴും കഴിക്കുന്നത്.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടും ഭാവിയില്‍ കൃഷിയുടെ നിയന്ത്രണം മൂന്ന് ഘടകങ്ങള്‍ക്കായിരിക്കും. വലിയ കൃഷികള്‍ക്കും വലിയ സാങ്കേതിക വിദ്യയ്ക്കും വലിയ വ്യവസായങ്ങള്‍ക്കും. കൃഷി എങ്ങനെയായിരിക്കണമെന്ന് ഈ മൂന്ന് ഘടകങ്ങളും തീരുമാനിക്കും. അതിനാല്‍ തന്നെ കര്‍ഷകരെ ശാക്തീകരിക്കാൻ അവരുടെ വരുമാന നഷ്ടം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതായത് കൃഷിയിലെ സാമ്പത്തിക മൂല്യം ഉറപ്പാക്കണം.
ഭാവിയിലെ കൃഷിയുടെ മുഖമെന്തായിരിക്കും?
ഭാവിയിലെ കൃഷിയുടെ മുഖമെന്തായിരിക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ഇപ്പോഴും അതേതരം ചര്‍ച്ചകളാണ് നടക്കുന്നത്. ലിങ്ക്ഡ‍് ഇന്നില്‍ നോക്കിയാല്‍ റീജനറേഷൻ ഓഫ് അഗ്രിക്കള്‍ച്ചര്‍ എന്ന നെസ്ലയുടെ പുതിയ പരസ്യം കാണാം. റീ ജനറേഷൻ അല്ല കൃഷിയുടെ കാര്യത്തില്‍ വേണ്ടത്. കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും തകര്‍ച്ച ഒഴിവാക്കാൻ മുൻകരുതലുകളും തയ്യാറെടുപ്പുകളുമാണ് വേണ്ടത്. കാരണം, അമ്പത് ശതമാനത്തിലേറെ എന്നുപറഞ്ഞാല്‍ അറുപത് കോടിയിലേറെ ആളുകള്‍ ഇവിടെ കൃഷിയിലൂടെയാണ് ജീവിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഈ കര്‍ഷകരെ കൃഷിയില്‍ നിന്ന് നഗരപ്രദേശങ്ങളിലേക്ക് പോകാൻ നിര്‍ബന്ധിക്കുന്നത് ഗുണം ചെയ്യില്ല. നഗരപ്രദേശങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് വേണ്ട ജോലി നല്‍കാനും ആകില്ല.
ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് 1.8 ശതമാനമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ കര്‍ഷകരുടെ കുടിയേറ്റ തോത് 2.4 ശതമാനമാണ്. കൃഷി സുസ്ഥിരവും പ്രായോഗികവും ലാഭകരവുമാക്കുകയെന്നത് മാത്രമാണ് ഇതിനുള്ള പോംവഴി. കൃഷി ലാഭകരമായതിനാല്‍ കര്‍ഷകരെ നഗരങ്ങളിലെത്തിക്കണമെന്നും അവിടെ തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കണമെന്നുമാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അതല്ല ശരിയായ വഴി.
ന്യൂതന വിദ്യകള്‍ കാര്‍ഷിക രംഗത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ധിക്കാനല്ലേ കാരണമാകുന്നത്?
കാര്‍ഷിക മേഖലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനവും ചിന്തിക്കേണ്ട വിഷയമാണ്. ഉദാഹരണത്തിന് പഞ്ചാബില്‍ ആകെ ഒരു ലക്ഷം ട്രാക്ടറുകളുടെ ആവശ്യമേ ഉള്ളൂ. എന്നാല്‍ നിലവില്‍ 5.5 ലക്ഷം ട്രാക്ടറുകളുണ്ട്. സര്‍ക്കാര്‍ ട്രാക്ടര്‍ വാങ്ങാൻ കര്‍ഷകന് സഹായം നല്‍കും. അതുവച്ച് അവര്‍ ട്രാക്ടര്‍ വാങ്ങി അഭിമാനിക്കുകയും ചെയ്യും. എന്നാല്‍ കൃഷിയില്‍ നിന്ന് അതനുസരിച്ചുള്ള ലാഭമില്ലാതെ വരുമ്പോള്‍ ആത്മഹത്യ ചെയ്യേണ്ടിയും വരുന്നു. സഹായം കിട്ടുന്നത് എത്ര രൂപയാണെങ്കിലും അത് തിരിച്ചടയ്ക്കേണ്ടതാണെന്ന് ആരും ഓര്‍ക്കാറില്ല. അതുകൊണ്ട് ഊര്‍ജ്ജ ഉപഭോഗവും വര്‍ധിക്കുകയാണ് ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ ട്രാക്ടര്‍ കമ്പനികളുമായി കരാറുണ്ടാക്കിയിരിക്കുന്നുവെന്നത് അത്ഭുതകരമാണ്. ഊര്‍ജ്ജത്തിന്റെ ഉപഭോഗം നമ്മളെങ്ങനെയാണ് വര്‍ധിപ്പിക്കുന്നതെന്നത് വ്യക്തമാക്കാനാണ് ഞാൻ ഇത് പറഞ്ഞത്. കാര്‍ഷിക വിപ്ലവത്തിന്റെ നാലാം ഘട്ടമെന്ന് പറയുന്നുണ്ടെങ്കില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് അറിയില്ല.
എന്താണ് നാലാം ഘട്ട കാര്‍ഷിക വിപ്ലവത്തിന്റെ പ്രശ്നമായി കാണുന്നത്?
നിലവിലുള്ള കാര്‍ഷിക സമ്പ്രദായങ്ങളെ മാറ്റാനാണ് നാലംഘട്ട വിപ്ലവം ഉദ്ദേശിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍, സിന്തറ്റിക് ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രിസഷൻ ടെക്നോളജികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്ഷണ നിയന്ത്രണത്തിലേക്ക് അത് എത്തിച്ചേരും. അമേരിക്കയിലും യുകെയിലുമൊക്കെ കര്‍ഷകരുടെ എണ്ണം കുറവാണെങ്കിലും ഭക്ഷണത്തിനുള്ള ആവശ്യം കൂടി വരികയാണ്. ഹോട്ഡോഗുകള്‍ എളുപ്പത്തിലുണ്ടാക്കാവുന്ന സിന്തറ്റിക് ഭക്ഷണങ്ങളിലൂടെയാകും അത് സാധ്യമാക്കുക. അതോടെ കര്‍ഷകന്റെ ആവശ്യം കുറയും. ഇത് കര്‍ഷകരുടെ വംശനാശ ഭീഷണിക്ക് തന്നെ കാരണമാകും.
പ്രധാനമന്ത്രിയുടെ കിസാൻ യോജനയുടെ ഗുണം ലഭിക്കുന്നവരുടെ എണ്ണം വര്‍ഷവര്‍ഷം കുറയുകയാണല്ലോ?
അമേരിക്കയിലും യുകെയിലുമെല്ലാം കര്‍ഷകരുടെ 40 ശതമാനം വരുമാനവും സര്‍ക്കാര്‍ നല്‍കുന്നതാണ്. ഇവിടെ കര്‍ഷകര്‍ക്ക് സഹായം ലഭിക്കാതെ വരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു പക്ഷെ ഭൂമിയുടെ അടിസ്ഥാനത്തില്‍ ഈ സഹായങ്ങള്‍ നല്‍കുന്നതിനാലാകും. കുടുംബങ്ങളുടെ അടിസ്ഥാനത്തില്‍ കിസാൻ യോജനയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് എന്റെ അഭിപ്രായം. അതായത് ഇവിടെയും കര്‍ഷകരുടെ വരുമാനത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ നല്‍കണം. അതോടെ താങ്ങുവിലയിലും താഴ്ത്തി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ട സാഹചര്യം അവര്‍ക്ക് ഉണ്ടാകാതെ വരികയും ചെയ്യും.
ഇന്ത്യയില്‍ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഇറങ്ങാന്‍ പോകുകയാണ്. എന്താണ് ഇതൊഴിവാക്കാനുള്ള പോംവഴി?
ഇന്ത്യൻ കര്‍ഷകരുടെ സമരത്തെ ഐതിഹാസികമെന്നാണ് വിശേഷിപ്പിക്കേണ്ടത്. വിവാദമായ മൂന്ന് ബില്ലുകളും സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് മാത്രമേ ആ ബില്ലുകള്‍ സഹായിക്കുമായിരുന്നുള്ളൂ. കോര്‍പ്പറേറ്റുകള്‍ കൈകടത്തുന്നതോടെ കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കേണ്ടി വരികയും നേരത്തെ പറഞ്ഞതുപോലെ കര്‍ഷകരുടെ വംശനാശം സംഭവിക്കുന്ന നാലാംഘട്ട കാര്‍ഷിക വിപ്ലവം വളരെ വേഗം സംഭവിക്കുകയും ചെയ്യുമായിരുന്നു. കര്‍ഷകര്‍ക്ക് മികച്ച വില നല്‍കി അവരുടെ ജീവിത സാഹചര്യം ഉയര്‍ത്തുക മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക പോംവഴി.
English Summery: Agricultural Revolution 4.0 Leads to a stage where farmers will be endangered species says Devinder Sharma
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.