19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
October 13, 2024
September 21, 2024
September 18, 2024
September 14, 2024
September 11, 2024
August 22, 2024
August 17, 2024
August 14, 2024
July 22, 2024

പഴം പച്ചക്കറികൾക്ക് വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് സുസജ്ജം: മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
September 1, 2022 8:16 pm

ഓണക്കാലത്ത് പഴം പച്ചക്കറികൾക്ക് ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുവാൻ ഫലപ്രദമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ്. കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന പഴം പച്ചക്കറികൾ വിപണി വിലയേക്കാൾ 30 ശതമാനം വില കുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി രണ്ടായിരത്തിൽപരം ഓണവിപണികൾ കൃഷിവകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന വില്പനശാലകളും പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. 

ഓണവിപണിയിൽ പഴം പച്ചക്കറികൾ പൊതുവിപണിയെക്കാൾ താഴ്ന്ന വിലയിൽ ലഭ്യമാക്കുന്നതിനൊപ്പം പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന കർഷകർക്കും ഗുണകരമാകുന്ന നടപടികളാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. 10 ശതമാനം അധിക വില നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന പഴം പച്ചക്കറികളാണ് പൊതു വിപണിയിലെ വിലയേക്കാൾ 30 ശതമാനം കുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഇതിനായി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെ നേതൃത്വത്തിൽ ഒരു വിലനിർണയ കമ്മിറ്റിയുടെ മേൽനോട്ടവും പ്രാദേശിക വിപണിയുടെ വില നിലവാരം പരിശോധിച്ച്, ജില്ലാ അടിസ്ഥാനത്തിൽ പഴം പച്ചക്കറികൾക്ക് ഏകീകൃത വില നിശ്ചയിക്കുന്ന സംവിധാനവും രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന പഴം പച്ചക്കറികൾ ഗുണഭോക്താക്കൾക്ക് ‘ഫ്രഷ്’ ആയിത്തന്നെ നേരിട്ട് ലഭ്യമാക്കുവാൻ ശീതീകരണ സംവിധാനമുള്ള 19 റീഫർ വാനുകൾ വിപണനം നടത്തുന്നുണ്ട്. കേരളത്തിൽ ലഭ്യമല്ലാത്തതും ഗുണഭോക്താക്കൾക്ക് ആവശ്യമുള്ളതുമായ പച്ചക്കറികൾ മറ്റു സംസ്ഥാനങ്ങളിലെ കർഷക കൂട്ടായ്മയിൽ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടികളും കൃഷിവകുപ്പ് എടുത്തിട്ടുണ്ട്. ഇതിനായി തമിഴ്‌നാട് കൃഷിവകുപ്പുമായി സഹകരിച്ച് തെങ്കാശിയിലെ കർഷക കൂട്ടായ്മ വഴി പച്ചക്കറികൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വളരെ മുന്നേ തന്നെ ആരംഭിച്ചിട്ടുള്ളതാണ്. “കേരള ഫാം ഫ്രഷ് പഴം പച്ചക്കറി” പദ്ധതി പ്രകാരം 16 ഇനം പച്ചക്കറികൾക്ക് താങ്ങ് വില പ്രഖ്യാപിച്ചിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും ഫോർട്ടികോർപ്പ് പഴം പച്ചക്കറികൾ 13 ജില്ലാ സംഭരണങ്ങൾ കേന്ദ്രങ്ങൾ വഴിയും ആറ് ഉപസംഭരണ കേന്ദ്രങ്ങൾ വഴിയും സംഭരണം നടത്തി ഹോർട്ടികോർപ്പിന്റെ തന്നെ സ്റ്റാളുകൾ വഴി വിപണനം നടത്തുകയാണ്. ഇതു കൂടാതെ വിഎഫ്‌പിസികെ സ്റ്റാളുകൾ, ഇക്കോ ഷോപ്പുകൾ, കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ എന്നിവ വഴിയും കർഷകരുടെ ഉല്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള നടപടികൾ ഗവൺമെന്റ് കൈക്കൊണ്ടിട്ടുണ്ട്. 

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം ഓരോ വീട്ടുവളപ്പിലും ആവശ്യമായ ജൈവ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിനും വ്യാവസായിക അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്ന പഴം പച്ചക്കറികൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനും വേണ്ട സംവിധാനങ്ങളാണുള്ളത്. നെല്ല് സംഭരണ മാതൃകയിൽ പഴം പച്ചക്കറി കർഷകർക്കും ഉടൻ പണം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ പുരോഗമിച്ചു വരുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഉല്പാദനം — സംഭരണം — വിപണനം എന്നിവയ്ക്കായി കൃഷിഭവൻ തലത്തിൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്. 25642 കൃഷിക്കൂട്ടങ്ങൾ ഇതിനകം തന്നെ രൂപീകരിച്ചു കഴിഞ്ഞു. ഇതിൽ 20 ശതമാനം കൃഷിക്കൂട്ടങ്ങൾ വിപണനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവയായിരിക്കും. 

മികച്ച രീതിയിൽ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന ഗ്രേഡഡ് പച്ചക്കറി ക്ലസ്റ്ററുകൾക്ക് പതിനായിരം രൂപ വച്ച് അധികമായി നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ വിപണി ഇടപെടൽ നടത്തുന്ന ഇക്കോ ഷോപ്പുകൾ ശാക്തീകരിക്കുന്നതിനും ഇക്കോ ഷോപ്പുകൾ നിലവിൽ ഇല്ലാത്ത ഇടങ്ങളിൽ പുതിയത് രൂപീകരിക്കുന്നതിനും പദ്ധതി ഉണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി സഹകരിപ്പിച്ചുകൊണ്ട് ഉല്പാദക സമിതികൾ, സൊസൈറ്റികൾ എന്നിവ കൂടി പ്രാദേശിക വിപണനത്തിനായി കണ്ടെത്താനും പുതിയ നഗര വഴിയോര ചന്തകൾ രൂപീകരിക്കാനും ജൈവ രീതിയിലൂടെയും ഉത്തമ പരിപാലന മുറകളിലൂടെയും ഉല്പാദിപ്പിച്ച കാർഷികോല്പന്നങ്ങൾ വിപണനം നടത്തുന്നതിന് ഹൈടെക് സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിനും പദ്ധതിയിട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Agri­cul­ture Depart­ment is well equipped to con­trol prices of fruits and veg­eta­bles: Min­is­ter P Prasad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.