22 January 2026, Thursday

Related news

January 13, 2026
January 12, 2026
January 10, 2026
December 26, 2025
December 24, 2025
November 11, 2025
October 20, 2025
October 16, 2025
October 2, 2025
September 2, 2025

അഹമ്മദാബാദ് വിമാനദുരന്ത നഷ്ടപരിഹാരം; എയര്‍ ഇന്ത്യക്കെതിരെ ഗുരുതര ആരോപണം

മരിച്ചവരുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നതായി പരാതി
Janayugom Webdesk
ന്യൂഡല്‍ഹി
July 4, 2025 10:40 pm

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ കമ്പനി ഭീഷണപ്പെടുത്തുന്നതായി ആരോപണം. യുകെയിലെ പ്രമുഖ നിയമവ്യവഹാര സ്ഥാപനമായ സ്റ്റുവര്‍ട്ട്സാണ് ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ മുന്‍കൂര്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ ഭീഷണിപ്പെടുത്തിയതായി പരാതി ഉന്നയിച്ചത്. നഷ്ടപരിഹാര തുക കുറയ്ക്കാനാണ് എയര്‍ ഇന്ത്യയുടെ ശ്രമമെന്നും കുടുംബങ്ങള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം എയര്‍ ഇന്ത്യ നിഷേധിച്ചു. കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വിവരങ്ങളില്ലാതെ നല്‍കാനാവില്ല. മുന്‍കൂര്‍ പേയ്മെന്റുകള്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കുടുംബബന്ധങ്ങള്‍ വ്യക്തമാക്കുന്നതിനുള്ള അടിസ്ഥാന വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും തുക നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

ജൂണ്‍ 12നാണ് വിമാന ദുരന്തമുണ്ടായത്. അപകടത്തിനിരയായവരുടെ കുടുംബത്തിന് ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപയും പിന്നീട് എയര്‍ ഇന്ത്യ 25 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സ്റ്റുവര്‍ട്ട്സ് അഹമ്മദാബാദ് ആസ്ഥാനമായുള്ള നാനാവതി ആന്റ് നാനാവതി എന്ന സ്ഥാപനവുമായി പങ്കാളിത്തത്തില്‍‍ ഏര്‍പ്പെട്ടിരുന്നു. മുന്‍കൂര്‍ പണം ലഭിക്കുന്നതിന് ഒരു നിയമാവലി പൂരിപ്പിച്ചു നല്‍കണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടുവെന്നും വ്യക്തതയില്ലാത്ത, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളില്ലാത്ത ഈ നിയമാവലി പൂരിപ്പിച്ച് നല്‍കാന്‍ ബന്ധുക്കളുടെമേല്‍ എയര്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുകയാണെന്നുമാണ് സ്റ്റുവര്‍ട്ട്സിന്റെ പരാതി. ഭാവിയില്‍ എയര്‍ ഇന്ത്യ ഈ ചോദ്യാവലിയിലെ വിവരങ്ങള്‍ കുടുംബങ്ങള്‍ക്കെതിരെ ഉപയോഗിച്ചേക്കാമെന്നും അവര്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ ശരിയല്ലെന്നും മരിച്ച 47 പേരുടെ കുടുംബാംഗങ്ങള്‍ക്ക് തങ്ങള്‍ ഇടക്കാല നഷ്ടപരിഹാരം നല്‍കിയെന്നും 55 പേരുടെ വിവരങ്ങള്‍ കൂടി പരിശോധിച്ചുകഴിഞ്ഞതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.