7 January 2026, Wednesday

Related news

December 23, 2025
December 4, 2025
November 29, 2025
November 22, 2025
November 14, 2025
October 31, 2025
October 23, 2025
October 18, 2025
October 18, 2025
October 7, 2025

അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയ്ക്കും ബോയിങ്ങിനുമെതിരെ യുഎസിലും യുകെയിലും കേസ്

നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ 
Janayugom Webdesk
ലണ്ടൻ
July 1, 2025 10:09 pm

അഹമ്മദാബാദ് ഡ്രീംലൈനർ വിമാന ദുരന്തത്തിൽ എയർ ഇന്ത്യയ്ക്കും ബോയിങ്ങിനുമെതിര യുകെ, യുഎസ് കോടതികളിൽ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നു. കൂടുതല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നിയമനടപടി. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട ബോയിങ്ങ് വിമാനമായ 787 ഡ്രീംലൈനറാണ് പറന്നുയര്‍ന്നു നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. ഇവരില്‍ 52 പേര്‍ യുകെ പൗരന്മാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നിയമ സംഘങ്ങളാണ് കേസ് മുന്നോട്ടുകൊണ്ടുപോവുക. യുകെ ആസ്ഥാനമായുള്ള കീസ്റ്റോൺ ലോയിലെ ജെയിംസ് ഹീലി-പ്രാറ്റ്, ഓവൻ ഹന്ന എന്നിവരായിരിക്കും യുകെയിലെ നിയമനടപടികള്‍ക്ക് നേതൃത്വം വഹിക്കുക. കഴിഞ്ഞ ഒരാഴ്ചയായി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി യുകെ അന്താരാഷ്ട്ര നിയമസംഘം ചർച്ചകൾ നടത്തിവരികയാണെന്ന് ജെയിംസ് ഹീലി-പ്രാറ്റ് പറഞ്ഞു. ലണ്ടനിലെ ഹൈക്കോടതിയിലായിരിക്കും എയർ ഇന്ത്യയ്ക്കെതിരെ കേസ് നല്‍കുക. വിസ്നർ ലോ യുഎസിലെ കേസിന് നേതൃത്വം നൽകും. 

എയര്‍ ഇന്ത്യ ഇതുവരെ 1.25 കോടി രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. വ്യോമയാന ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം നഷ്ടപരിഹാരം നല്‍കുന്ന അപകടമായി ഇതിനോടകം അഹമ്മദാബാദ് വിമാനദുരന്തം മാറിയിരുന്നു. അതേസമയം വിമാന ദുരന്തത്തിൽ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈമാസം 11നകം പുറത്തുവിടുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) മാർഗനിർദേശങ്ങൾ അനുസരിച്ച്, അപകടംനടന്ന് 30 ദിവസത്തിനുള്ളിൽ ഇന്ത്യ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ബോയിങ് ഡ്രീംലൈനർ 787–8 വിമാനം, ജീവനക്കാർ, അഹമ്മദാബാദ് വിമാനത്താവളത്തിലെ അവസ്ഥ, ജൂൺ 12 ന് എയർ ഇന്ത്യ ഫ്ലൈറ്റ് 171 തകർന്നുവീണപ്പോൾ ഉണ്ടായ സംഭവങ്ങള്‍, പറന്നുയർന്ന് ഏകദേശം 30 സെക്കൻഡുകൾക്ക് ശേഷമുള്ള കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. വിമാനദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏറെ അനാസ്ഥകളുണ്ടെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമുണ്ടെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അട്ടിമറി ഉൾപ്പെടെ അപകടത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ അറിയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.