
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ ബോയിങ്ങ് വിമാന കമ്പനിക്ക് നിര്‍ദേശം നല്‍കി. സിവില്‍ ഏവിയേഷന്‍ സുരക്ഷ, വിമാനങ്ങളുടെ അറ്റകുറ്റപ്പണിയെ കുറിച്ചുള്ള ആശങ്ക എന്നിവ ചര്‍ച്ച ചെയ്യുന്നതിന് അടുത്തമാസം ആദ്യം പാര്‍ലമെന്റ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിമാന സര്‍വീസ് നടത്തുന്ന കമ്പനി പ്രതിനിധികള്‍, ബോയിങ്ങ് വിമാന കമ്പനി എന്നിവരെ യോഗത്തില്‍ വിളിച്ചുവരുത്തുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വ്യോമയാന മേഖലയില്‍ നിരവധി പോരായ്മകളുണ്ടെന്നും വിമാനങ്ങളുടെ അറ്റകുറ്റപ്പണി പ്രധാന ആശയങ്കയാണെന്നും പറഞ്ഞു. പതിവായി ഉണ്ടാകുന്ന ഹെലികോപ്റ്റര്‍ അപകടങ്ങളും കമ്മിറ്റി പരിഗണിക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) പങ്ക്, വിമാന അറ്റകുറ്റപ്പണികളുടെ ഷെഡ്യൂളുകള്‍, പൈലറ്റുമാരുടെ മാനസിക ക്ഷമത എന്നിവയും ചര്‍ച്ച ചെയ്യും. കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സഭയുടെ മേശപ്പുറത്ത് വച്ചേക്കും.
പാര്‍ലമെന്ററി കമ്മിറ്റി യോഗം ചേരും മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വ്യോമ, റോഡ് ഗതാഗതം അവലോകനം ചെയ്യുന്നതിന് കമ്മിറ്റി ഗ്യാങ്ടോക്കില്‍ കൂടിയാലോചന നടത്തും. ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നത്. മറ്റ് മാര്‍ഗങ്ങളുണ്ടെങ്കിലും പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സഞ്ചരിച്ച്, വിമാനങ്ങളിലെയും കമ്പനിയിലെയും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും. ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ ശനിയാഴ്ച ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഫ്ലൈറ്റ് ക്രൂ ഷെഡ്യൂളിങ്ങ്, ഡ്യൂട്ടി സമയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഇവരെ മാറ്റണമെന്നായിരുന്നു ഉത്തരവ്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ടാറ്റാ ഗ്രൂപ്പിനോട് ഡിജിസിഎ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രവര്‍ത്തനാനുമതി നിഷേധിക്കുമെന്നും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.