
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ അന്വേഷണം പൂര്‍ത്തിയാകും മുമ്പ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മാത്രം പുറത്തുവന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങളിലേക്ക് ചോരുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പൂര്‍ത്തിയാരും മുമ്പ് പൈലറ്റുമാരെ കുറ്റക്കാരാക്കിക്കൊണ്ടുള്ള അപകീര്‍ത്തികരമായ പരാമര്‍ശവും മാധ്യമ വിചാരണയും ദൗര്‍ഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. അപകടത്തെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രത്തിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കും കോടതി നോട്ടീസ് അയച്ചു.
കഴിഞ്ഞ ജൂണിലാണ് 260 പേരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. പൈലറ്റുമാർ ഇന്ധനം വിച്ഛേദിച്ചതാകാം അപകട കാരണം എന്ന തരത്തിലുള്ള റിപ്പോർട്ടിലെ ഭാഗം മാധ്യമങ്ങളിലൂടെ പുറത്തുവന്നത് . റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ചോരുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. അന്വേഷമം പൂര്‍ത്തിയാരും വരെ വിവരങ്ങള്‍ രഹസ്യമായിരിക്കണം. പൈലറ്റുമാരുടെ പിഴവാണ് അപകടകാരണം എന്ന് സ്ഥാപിക്കാനുള്ള വാർത്തകൾക്കെതിരെ മരിച്ച പൈലറ്റായ സുമീത് സബർവാളിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.