
260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇന്ത്യൻ ഏജൻസികളും അമേരിക്കൻ ഉദ്യോഗസ്ഥരും തമ്മിൽ തർക്കമെന്ന് റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേണൽ’ ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയത്തിലെ വിടവും അവിശ്വാസവും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.അപകടകാരണം പൈലറ്റിന്റെ മനപ്പൂർവമുള്ള ഇടപെടലാണെന്ന അമേരിക്കൻ വിദഗ്ധരുടെ നിഗമനമാണ് തർക്കത്തിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ സഹായിക്കാൻ യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെ (എൻടിഎസ്ബി) രണ്ട് വിദഗ്ധർ ഡൽഹിയിൽ എത്തിയപ്പോള്‍ മുതല്‍ തര്‍ക്കം ആരംഭിച്ചിരുന്നു. യുഎസ് വിദഗ്ധരോട് ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിനായി രാത്രിയിൽ ഒരു വിദൂര പ്രദേശത്തെ എയ്‌റോസ്‌പേസ് കമ്പനിയുടെ ലാബിലേക്ക് പോകണമെന്ന് ഇന്ത്യൻ അധികൃതർ ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി എന്‍ടിഎസ്ബി ചെയര്‍പേഴ്സണ്‍ ജെന്നിഫര്‍ ഹോമെന്റി എതിർത്തു. തുടർന്ന് യുഎസില്‍ നിന്നും നയതന്ത്രതലത്തില്‍ ഇടപെടലുണ്ടായി. സഹകരണം അവസാനിപ്പിക്കുമെന്ന് എൻടിഎസ്ബി മുന്നറിയിപ്പും നൽകി. ഇതോടെയാണ് ഡൽഹിയിൽ വച്ചുതന്നെ വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യ തയ്യാറായതെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വലിയ പിരിമുറുക്കത്തിന് ഈ സംഭവം കാരണമായി.
എയർ ഇന്ത്യ വിമാനത്തിലെ ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിലുണ്ടായ കാലതാമസത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു, വിമാനം പറന്നുയർന്ന ഉടനെ എൻജിനിലേക്കുള്ള ഇന്ധന പ്രവാഹം തടയുന്ന സ്വിച്ചുകൾ (ഫ്യൂവൽ കൺട്രോൾ സ്വിച്ച്) ഓഫ് ചെയ്തിരുന്നതായി ഡാറ്റാ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പൈലറ്റ് മനപ്പൂർവം വിമാനം തകർത്തതാണെന്ന സംശയം ബലപ്പെടുത്തുന്നതായി യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. അപകടസമയത്ത് സഹപൈലറ്റ് വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചപ്പോൾ ക്യാപ്റ്റൻ ശാന്തനായി ഇരിക്കുകയായിരുന്നുവെന്ന് കോക്ക്പിറ്റിലെ ശബ്ദരേഖകൾ സൂചിപ്പിക്കുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ഈ നിഗമനം പൂർണമായി അംഗീകരിച്ചിട്ടില്ല. കൂടാതെ, ബോയിങ് ഡ്രീംലൈനർ വിമാനത്തിന് സാങ്കേതികമായി യാതൊരു തകരാറുമില്ലെന്നും നിർമ്മാതാക്കളായ ബോയിങും യുഎസ് ഉദ്യോഗസ്ഥരും ഉറപ്പിച്ചു പറയുന്നു.
പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ മാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണം വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ അവഗണിക്കപ്പെടാൻ കാരണമാകുമെന്ന് ഇന്ത്യന്‍ അന്വേഷകര്‍ കരുതുന്നു. മുൻപ് ബോയിങ് 737 മാക്സ് വിമാനങ്ങളുടെ തകർച്ചയ്ക്ക് രൂപകല്പനയിലെ പിഴവുകൾ കാരണമായെന്ന വസ്തുതയും ഇവർ ചൂണ്ടിക്കാട്ടുന്നു. വലിയ വിമാനങ്ങളുടെ വിപണിയിൽ ഏറെ സ്വീകാര്യതയുള്ള വിമാനമാണ് ഡ്രീംലൈനര്‍. അന്താരാഷ്ട്ര ദീർഘദൂര വിമാന സർവീസുകൾക്കാണ് ഇവ സാധാരണയായി ഉപയോഗിക്കുന്നത്.അപകടത്തിനിരയായ വിമാനത്തിൽ അടിയന്തര വൈദ്യുതി സംവിധാനം (റാറ്റ്) പ്രവർത്തനക്ഷമമായതിനെക്കുറിച്ച് അന്വേഷണത്തില്‍ വിശദീകരണമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേസംഭവം ഒക്ടോബർ ആദ്യവാരം മറ്റൊരു എയർ ഇന്ത്യ ഡ്രീംലൈനറിലും ആവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ഡ്രീംലൈനര്‍ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി പരിശോധന നടത്തിയിരുന്നു. ഈ വിഷയത്തില്‍ കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ഡിജിസിഎ ബോയിങ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.