
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം പൈലറ്റ് ബോധപൂർവം ഫ്യുവൽ സ്വിച്ചുകൾ ഓഫാക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട്. ഇറ്റാലിയൻ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ ഇന്ത്യൻ അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നും പാശ്ചാത്യ വ്യോമയാന ഏജൻസികളുടെ സ്രോതസുകളെ ഉദ്ധരിച്ച് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് യുഎസില്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോൾ ഇറ്റാലിയൻ പത്രം ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, റിപ്പോർട്ടിനെക്കുറിച്ച് ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സിവിൽ ഏവിയേഷൻ മന്ത്രാലയവും മറുപടി നൽകിയില്ല.
മുഖ്യ പൈലറ്റ് സുമിത്ത് സബർബാളിനെയാണ് അന്വേഷണ റിപ്പോർട്ട് പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. പൈലറ്റ് ആദ്യം ഇടത് എൻജിൻ ഓഫ് ചെയ്യുകയായിരുന്നു എന്നും, പിന്നീട് വലത് എൻജിൻ ഓഫ് ചെയ്തെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന് മറ്റ് സാങ്കേതിക തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിലെ ഇന്ധന സ്വിച്ചുകൾ അബദ്ധത്തിൽ ഓഫ് ആകാൻ സാധ്യതയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ എൻജിനുകൾ നിലച്ച വിമാനം സമീപത്തെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരും നിലത്തുണ്ടായിരുന്ന 19 പേരും ഉൾപ്പെടെ ആകെ 261 പേർ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.