11 December 2025, Thursday

Related news

July 20, 2025
July 17, 2025
July 12, 2025
June 20, 2025
June 12, 2025
June 12, 2025
June 12, 2025

അഹമ്മദാബാദ് വിമാനദുരന്തം : ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ തകരാര്‍ കാരണമായോ എന്നറിയാന്‍ പരിശോധന

Janayugom Webdesk
ന്യൂഡല്‍ഹി
July 20, 2025 1:46 pm

അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇലക്ട്രിക്കല്‍ തകരാര്‍ കാരണമായോ എന്നറിയാന്‍ നിര്‍ണായക പരിശോധന .വിമനത്തിന്റെ അവശിഷ്ടങ്ങളിലാണ് പരിശോധന നടത്തുന്നത്. അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ വാല്‍ഭാഗം സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . ടേക്ക് ഓഫിനായി നീങ്ങുമ്പോൾ വിമാനത്തിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ തകരാർ മൂലമാണോ വാൽഭാഗത്ത് തീപ്പിടിത്തമുണ്ടായത്, അതോ അപകടത്തിന് ശേഷമുണ്ടായ തീപിടിത്തം മാത്രമായിരുന്നോ ഇത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. വിമാനം പറന്നുയരുന്നതിന് മുമ്പ് വൈദ്യുത തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ ഫ്ലൈറ്റ് സെൻസറുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, അതിന്റെ ഫലമായി ഇന്ധന വിതരണം നിർത്താൻ വിമാനത്തിന്റെ എഞ്ചിൻ കൺട്രോൾ യൂണിറ്റിന് തെറ്റായ സന്ദേശം നൽകുകയും ചെയ്യാൻ സാധ്യതയുണ്ട്.

മാത്രമല്ല വിമാനത്തിന്റെ വാല്‍ഭാഗത്ത് എന്തൊ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പൈലറ്റ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് ശേഷം ടെക്‌നിക്കല്‍ ലോഗ് ബുക്കില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ച് ക്ലിയറന്‍സ് കൊടുത്തതിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. ഇന്ധന വിതരണം കട്ട്-ഓഫിൽനിന്ന് റണ്ണിലേക്ക് തിരികെ മാറിയതിന് ശേഷം ഓക്സിലറി പവർ യൂണിറ്റും ഓട്ടോമാറ്റിക്കായി പ്രവർത്തിച്ചു തുടങ്ങി. അഹമ്മദാബാദിലെ ചൂടുള്ള കാലാവസ്ഥയിൽ ടേക്ക് ഓഫിന് കൂടുതൽ ശക്തി ലഭിക്കുന്നതിനായി ഇത് ഓൺ ചെയ്തിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 

വിമാനം ഇടിച്ചുകയറിയ മേൽക്കൂരയിൽ നിന്ന് കണ്ടെത്തിയ, വിമാനത്തിന്റെ പിൻഭാഗത്തുള്ള എൻഹാൻസ്ഡ് എയർബോൺ ഫ്ലൈറ്റ് റെക്കോർഡർ അഥവാ ബ്ലാക്ക് ബോക്സ് കത്തിയമർന്നിരുന്നു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ഒരു സെക്കൻഡിനുള്ളിൽ റൺസ്ഥാനത്തുനിന്ന് കട്ട്ഓഫ്സ്ഥാനത്തേക്ക് മാറിയപ്പോൾ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനം ഏതാണ്ട് ഒരേസമയം നിലച്ചു എന്ന് വ്യക്തമാണ്. ബ്ലാക്ക് ബോക്സിന് ഗുരുതര കേടുപാടുകൾ സംഭവിച്ചതിനാൽ ഡാറ്റ സാധാരണ മാർഗ്ഗങ്ങളിലൂടെ ഡൗൺലോഡ് ചെയ്യാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.