എഐ കാമറ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ നിയമനടപടിയുമായി എസ്ആര്‍ഐടി കമ്പനി. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള അപവാദ പ്രചാരണം ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നും കേരളത്തിൽ ഇനി പുതിയ പദ്ധതികൾ ഏറ്റെടുക്കാനില്ലെന്നും എസ്‌ആർഐടി സിഇഒ ഡോ. മധു നമ്പ്യാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. സുപ്രീം കോടതി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ വഴിയാണ് നോട്ടീസ് അയച്ചതെന്നും ഡോ. മധു നമ്പ്യാർ അറിയിച്ചു.
കമ്പനിക്കെതിരായ അപവാദ പ്രസ്‌താവനകൾ പിൻവലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ഏഴു ദിവസത്തിനുള്ളിൽ തെറ്റായ വാർത്ത തിരുത്തുകയും വേണം. ഇല്ലാത്തപക്ഷം നിയമ നടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസിൽ പറയുന്നു. അപകീർത്തികരവും വസ്‌തുതാവിരുദ്ധവുമായ പ്രസ്‌താവനകളും വാർത്തകളും കമ്പനിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഇതിനു ശേഷം കമ്പനിയുടെ സർക്കാർ സ്ഥാപനങ്ങളടക്കമുള്ള ബിസിനസ് കക്ഷികളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്നു. കമ്പനി നൽകിയ വിശദീകരണം പോലും വളച്ചൊടിച്ചാണ് വാർത്ത നൽകിയതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
വലിയ പ്രതീക്ഷയോടെയാണ് കേരളത്തിലേക്ക് കമ്പനി വന്നത്. കമ്പനിയുടെ ഡയറക്ടർമാർ അടക്കം മലയാളികളാണ്. നാടിനോടുള്ള താല്പര്യവും കുറച്ചുപേര്‍ക്കെങ്കിലും ജോലിയും നല്‍കാമെന്ന ചിന്തയാണ് കേരളത്തിലെത്താൻ പ്രേരിപ്പിച്ചത്. കേരളത്തെക്കുറിച്ച് മുമ്പ് കേട്ടിട്ടുള്ള തൊഴിൽ പ്രശ്‌നങ്ങളോ ട്രേഡ് യൂണിയൻ പ്രശ്‌നങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. സർക്കാരിൽനിന്ന് മികച്ച പിന്തുണയാണ് പദ്ധതി പൂര്‍ത്തിയാക്കുംവരെ ലഭിച്ചത്. എന്നാല്‍ പദ്ധതി പൂർത്തിയാക്കിയ ശേഷം ചില രാഷ്ട്രീയ നേതാക്കളും ചില മാധ്യമങ്ങളും കരുതിക്കൂട്ടി അപവാദം പ്രചരിപ്പിച്ചു. ഇതിനിടയിൽ ആരും ഞങ്ങളെ ബന്ധപ്പെടുകയോ അഭിപ്രായം തേടുകയോ ചെയ്‌തില്ല. പദ്ധതി സംബന്ധിച്ച രേഖകൾ നൽകാനും എന്ത് സംശയത്തിനും മറുപടി നൽകാനും കമ്പനി തയ്യാറായിരുന്നു. അതിന് മുതിരാതെ കമ്പനിക്കെതിരെ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിച്ചത്. ഏകദേശം 850 കോടിയോളം രൂപ ചെലവിടുന്ന മറ്റൊരു പദ്ധതികൂടി ആലോചനയിലുണ്ടായിരുന്നുവെന്നും ഇനി അതിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊള്ളലാഭമില്ല
സേഫ് കേരള പദ്ധതിയിൽ എസ്‌ആർഐടി കൊള്ളലാഭം നേടുന്നു എന്ന് ഒരു കൂട്ടര്‍ പ്രചരിപ്പിച്ചുവെന്നും ഈ പ്രചാരണം വസ്‌തുതാവിരുദ്ധമാണെന്നും എസ്ആര്‍ഐടി. ആകെ ലാഭം പത്തു ശതമാനത്തിൽ താഴെ മാത്രമാണ് പ്രതീക്ഷിച്ചത്. കോവിഡും മറ്റു കാരണങ്ങളുംകൊണ്ട് കാലതാമസമുണ്ടായതിനാൽ അതിലും കുറവു വരും. 151 കോടിയുടെ പദ്ധതിയിൽ ഏഴു വർഷത്തിനുശേഷം ലഭിക്കുന്ന പ്രതീക്ഷിച്ച ലാഭം 13 കോടി രൂപ മാത്രമാണ്. അതിലും കുറവുണ്ടാകും.
100 കോടിയിലധികം പദ്ധതിക്കായി മുൻകൂറായി നിക്ഷേപിച്ചു കഴിഞ്ഞു. 23 കോടി രൂപ സർക്കാരിന് ജിഎസ്‌ടി ഇനത്തിലും ആറു കോടി രൂപ കെൽട്രോണിന് സെക്യൂരിറ്റി ഡെപ്പോസിറ്റായും നൽകി. വലിയ ലാഭം പ്രതീക്ഷിക്കാത്തതിനാലാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്‌തത്. എഐ കാമറ ഉൾപ്പെടുന്ന ഗതാഗത നിരീക്ഷണ സംവിധാനം സംസ്ഥാന വ്യാപകമായി സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. 2013 ൽ കേരളത്തിൽ 40 കോടി രൂപ ചെലവിലാണ് 100 കാമറ സിസ്‌റ്റം സ്ഥാപിച്ചത്. മഹാരാഷ്ട്രയിൽ 250 കാമറ സ്ഥാപിക്കാൻ 120 കോടിയാണ് ചെലവഴിച്ചത്. കേരളത്തിൽ 726 കാമറ സ്ഥാപിക്കാന്‍ വേണ്ടിവന്നത് 232 കോടി രൂപ മാത്രമാണ്.
മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പേരു കേൾക്കുന്നത് വിവാദത്തിൽ ആ പേര് ഉയർന്നതിനു ശേഷമാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മധു നമ്പ്യാർ പറഞ്ഞു.
English Summary: AI camera controversy: The company has no new projects in Kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.