
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സഹോദരിമാരുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച് പുറത്തുവിടുമെന്ന ഭീഷണിയെ തുടർന്ന് 19കാരനായ കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് ഈ ദാരുണ സംഭവം. ഫരീദാബാദിലെ ഡിഎവി കോളജ് രണ്ടാം വർഷ വിദ്യാർത്ഥിയായ രാഹുൽ ഭാരതിയാണ് മരിച്ചത്. സോഷ്യൽമീഡിയയിൽ ‘സാഹിൽ’ എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നാണ് രാഹുലിനെ ഭീഷണിപ്പെടുത്തിയിരുന്നതെന്ന് പിതാവ് മനോജ് ഭാരതി പൊലീസിനോട് പറഞ്ഞു. ലക്ഷങ്ങൾ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം നൽകിയില്ലെങ്കിൽ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് രാഹുലിനെ ഭീഷണിപ്പെടുത്തിയിരുന്നു.
രാഹുലിൻ്റെ ഫോൺ ഹാക്ക് ചെയ്താണ് ചിത്രങ്ങൾ ഉപയോഗിച്ചതെന്നാണ് പിതാവ് പറയുന്നത്. രണ്ടാഴ്ച മുമ്പാണ് ഭീഷണി തുടങ്ങിയത്. ഇതോടെ വിദ്യാർത്ഥി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും പിതാവ് പൊലീസിനോട് വ്യക്തമാക്കി. പൊലീസ് രാഹുലിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ‘സാഹിൽ’ എന്ന അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ടതിൻ്റെ നിരവധി സ്‌ക്രീൻഷോട്ടുകളും ഓഡിയോ റെക്കോർഡുകളും കണ്ടെടുത്തു. ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നായിരുന്നു അവസാനത്തെ ഭീഷണി സന്ദേശം. രാഹുലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായും പൊലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഗുളികകൾ കഴിച്ചാണ് രാഹുൽ ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ രാഹുലിനെ വീട്ടുകാര്‍ ആശുപത്രിയിൽ എത്തിച്ചതെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.