
ലോകത്തിലെ മുൻനിര ടെക് കമ്പനികളിൽ പിരിച്ചുവിടലുകൾ രൂക്ഷമായി തുടരുന്നു. എച്ച് പി ഇൻകോർപ്പറേറ്റഡും ആപ്പിളും വലിയ തോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു. എ ഐ അധിഷ്ഠിത ബിസിനസ് മോഡലുകൾ കാരണം ഭാവിയിൽ ഈ പ്രതിസന്ധി കൂടുതൽ വഷളാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടെക് കമ്പനിയായ എച്ച് പി ഇൻകോർപ്പറേറ്റഡ് 2028 ആകുമ്പോഴേക്കും ആഗോളതലത്തിൽ 4,000 മുതൽ 6,000 വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനും ഉൽപ്പന്ന വികസനം വേഗത്തിലാക്കുന്നതിനും ഉപഭോക്തൃ പിന്തുണയും ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനും വലിയ തോതിൽ എ ഐ സ്വീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ പിരിച്ചുവിടലുകളെന്ന് കമ്പനി അറിയിച്ചു. ഉൽപ്പന്ന വികസനം, ആന്തരിക പ്രവർത്തനങ്ങൾ, ഉപഭോക്തൃ പിന്തുണാ ടീമുകൾ എന്നിവരെ പിരിച്ചുവിടൽ നേരിട്ട് ബാധിക്കുമെന്ന് എച്ച് പി സി ഇ ഒ എൻറിക് ലോറസ് പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം ഒരു ബില്യൺ ഡോളറിൻ്റെ (100 കോടി ഡോളർ) ചെലവ് ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ ആഴ്‌ച ആപ്പിൾ ഇൻകോർപ്പറേറ്റഡും അവരുടെ സെയിൽസ് ടീമിനെ നിശബ്ദമായി വെട്ടിക്കുറച്ചു. ബിസിനസ്സുകൾ, സ്‌കൂളുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയ വിഭാഗങ്ങളിലായി ഡസൻ കണക്കിന് സെയിൽസ് റോളുകൾ കമ്പനി ഒഴിവാക്കി. ബ്രീഫിംഗ് സെന്ററിലെ അക്കൗണ്ട് മാനേജർമാരെയും ഉൽപ്പന്ന ഡെമോകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരെയും ഈ നീക്കം ബാധിച്ചിട്ടുണ്ട്.
ഉപഭോക്തൃ കണക്ഷനുകൾ മെച്ചപ്പെടുത്തുന്നതിനാണ് ഈ മാറ്റം വരുത്തിയതെന്ന് ആപ്പിൾ പറഞ്ഞെങ്കിലും, ബാധിച്ച ജീവനക്കാരുടെ കൃത്യമായ എണ്ണം പുറത്തുവിട്ടിട്ടില്ല. പിരിച്ചുവിടൽ ബാധിച്ചവർക്ക് മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാമെന്നും ആപ്പിൾ അറിയിച്ചു. ആപ്പിൾ തങ്ങളുടെ വിൽപ്പനയുടെ കൂടുതൽ ഭാഗം തേർഡ് പാർട്ടി റീസെല്ലർമാർക്ക് കൈമാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ആപ്പിളിൻ്റെ വരുമാനം വർധിക്കുകയും ഡിസംബർ പാദത്തിൽ 140 ബില്യൺ ഡോളറിൻ്റെ വിൽപ്പന നടത്താൻ ഒരുങ്ങുകയും ചെയ്യുന്ന സമയത്താണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം. ഒക്ടോബറിൽ, ആപ്പിൾ ആദ്യമായി വിപണി മൂല്യത്തിൽ നാല് ട്രില്യൺ ഡോളർ പിന്നിട്ടിരുന്നു.
Layoff.fyi‑യുടെ കണക്കുകൾ പ്രകാരം, ഒക്‌ടോബറിൽ 21 കമ്പനികൾ 18,510 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആമസോൺ മാത്രം 14,000 കോർപ്പറേറ്റ് ജോലികൾ കുറയ്ക്കാൻ തയ്യാറെടുക്കുകയാണ്. ഇത് ആമസോണിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് തൊഴിൽ വെട്ടിക്കുറയ്ക്കലായിരിക്കും. നവംബറിൽ ഇതുവരെ 20 ടെക് കമ്പനികൾ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
ചിപ്പ്-ഡിസൈൻ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ സിനോപ്‌സിസ് ഏകദേശം 2,000 ജീവനക്കാരെ പിരിച്ചുവിട്ടതാണ് ഈ മാസത്തെ ഏറ്റവും വലിയ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.