19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

എഐ തൊഴില്‍ കവരും; ഇന്ത്യയില്‍ 26 ശതമാനം തൊഴിലിനെ പ്രത്യക്ഷമായി ബാധിക്കുമെന്ന് ഐഎംഎഫ്

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2024 9:52 pm

നിര്‍മ്മിത ബുദ്ധി(എഐ) ഇന്ത്യയില്‍ 26 ശതമാനം തൊഴിലിനെ പ്രത്യക്ഷമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അടുത്തിടെ പുറത്തിറക്കിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ ഇത് 40 ശതമാനമാണ്. വികസിത രാജ്യങ്ങളില്‍ 60 ശതമാനവും. ലോകത്ത് അസമത്വം വർധിക്കാൻ ഇത് കാരണമാകുമെന്നും ഐഎംഎഫ് വ്യക്തമാക്കി. എഐ വ്യാപിക്കുമ്പോൾ തൊഴിലാളികളുടെ ആവശ്യം കുറയുകയും വേതനവും നിയമനവും കുറയ്ക്കുകയും ചെയ്യും. ആഗോള തലത്തില്‍ എഐ സാങ്കേതിക വിദ്യ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുക എന്നിരിക്കെ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഇത് പ്രശ്നമായേക്കില്ല എന്നും വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക മേഖലയില്‍ കൂടുതലായി ജോലി ചെയ്യുന്നത് സ്ത്രീകളാണ് എന്നതിനാലാണ് ഇത്. 

അതേസമയം രാജ്യത്തെ മിക്ക മേഖലകളും എഐ പരിധിയില്‍ വരുന്നില്ലെന്ന് പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പറയുന്നുണ്ട്. ഇതിന് കാരണം രാജ്യത്തെ തൊഴിലാളികളില്‍ ഏറെയും കരകൗശല വിദഗ്ധര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരാണ് എന്നതിനാലാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ അടിസ്ഥാന തൊഴില്‍ മേഖലയെ എഐ ബാധിച്ചേക്കില്ല. എന്നാല്‍ പ്രൊഫഷണലുകള്‍, മാനേജര്‍, ക്ലര്‍ക്ക്, സാങ്കേതിക വിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍മ്മിത ബുദ്ധി ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. 

അതേസമയം വികസിത രാഷ്ട്രങ്ങളില്‍ എഐ സാങ്കേതിക വിദ്യ വലിയ തോതില്‍ തൊഴില്‍മേഖലയെ ബാധിക്കും. വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളെക്കാള്‍ കൂടുതല്‍ ഈ രാജ്യങ്ങളിലാകും ഇത് ദൃശ്യമാകുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എഐ സാങ്കേതിക വിദ്യ പകുതിയിലേറെ പേരെ പ്രതികൂലമായി ബാധിക്കുമ്പോള്‍ മറ്റ് പകുതിക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അതേസമയം ഇതിന്റെ ഗുണഫലങ്ങള്‍ അസന്തുലിതമായിരിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കുറച്ചു പേരില്‍ കൂടുതല്‍ വരുമാനം സൃഷ്ടിക്കാൻ എഐ വഴിവയ്ക്കും. അസമത്വം സൃഷ്ടിക്കാനും സാമൂഹിക പ്രശ്നങ്ങള്‍ ആളിക്കത്തിക്കാനും എഐ കാരണമാകുമെന്നും പഠനം വിലയിരുത്തുന്നുണ്ട്. സാമൂഹ്യ സുരക്ഷാ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എഐ വ്യാപനത്തെ പ്രതിരോധിക്കാൻ യുക്തമായ നടപടി ആവശ്യമാണെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റീന ജോർജീവ സർക്കാരുകളെ ഓർമ്മപ്പെടുത്തി. 

Eng­lish Summary;AI will cov­er jobs; IMF says that 26 per­cent of Indi­a’s employ­ment will be direct­ly affected
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.