
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി 2031-ഓടെ ദക്ഷിണ കൊറിയയിൽ ഏകദേശം 5 ബില്യൺ ഡോളര്‍ (ഏകദേശം 41,600 കോടിയിലധികം രൂപ) നിക്ഷേപിക്കുമെന്ന് ആമസോൺ വെബ് സർവീസസ് പ്രഖ്യാപിച്ചു. ഏഷ്യ‑പസഫിക് എക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയുടെ ഭാഗമായി നടന്ന ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെ മ്യൂങ്ങും എ ഡബ്ല്യു എസ് സിഇഒ മാറ്റ് ഗാർമാനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ലോകത്തിലെ മുൻനിര മൂന്ന് എഐ നേതാക്കളിൽ ഒരാളാകാൻ രാജ്യം ലക്ഷ്യമിടുന്നതിനാൽ ഈ നിക്ഷേപം ദക്ഷിണ കൊറിയയിലെ എഐ വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രസിഡൻ്റ് ലീ ജെ മ്യൂങ് പറഞ്ഞത്. 2028ഓടെ യു എസ് ഇതര 14 എ പി ഇ സി രാജ്യങ്ങളിൽ 40 ബില്യൺ ഡോളറിൻ്റെ അധിക നിക്ഷേപം നടത്താൻ എ ഡബ്ല്യു എസ് പ്രതിജ്ഞാബദ്ധമാണ്. ഈ 40 ബില്യൺ, യു എസ് ജിഡിപിയിലേക്ക് 45 ബില്യൺ അധികമായി എത്തിക്കുകയും എപിഇസി സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും,” ആസിയാൻ ഉച്ചകോടിയോടനുബന്ധിച്ച് നടന്ന ബിസിനസ് പരിപാടിയിൽ മാറ്റ് ഗാർമാൻ പറഞ്ഞു.
വൻ നിക്ഷേപം പ്രഖ്യാപിക്കുന്നതിനിടെയാണ് ആമസോൺ 14,000 ജീവനക്കാരെ പിരിച്ചുവിടുന്നത് സ്ഥിരീകരിച്ചത്. എഐയുടെ വളർച്ച തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ കാരണമാകുമെന്ന് സിഇഒ ആൻഡി ജസ്സി നേരത്തെ സൂചന നൽകിയിരുന്നു. “ഇന്നത്തെ ഈ കുറവ്, ഉദ്യോഗസ്ഥ മേധാവിത്വം കുറയ്ക്കാനും വിഭവങ്ങൾ ഞങ്ങളുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലേക്ക് മാറ്റാനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ്,” ആമസോൺ സീനിയർ വൈസ് പ്രസിഡൻ്റ് ബെത്ത് ഗാലെറ്റി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. “കമ്പനി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ എന്തിനാണ് ജീവനക്കാരെ കുറയ്ക്കുന്നത് എന്ന് ചിലർ ചോദിച്ചേക്കാം. എന്നാൽ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. എഐയുടെ ഈ തലമുറ ഇൻ്റർനെറ്റിന് ശേഷം നമ്മൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പരിവർത്തനപരവും കമ്പനികളെ അതിവേഗം നവീകരിക്കാൻ സഹായിക്കുന്നതുമായ സാങ്കേതികവിദ്യയാണ്,” അവർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.