കേരള വികസനത്തെ അനുമോദിച്ചതിന് സംസ്ഥാന നേതൃത്വത്തിന് അനഭിമതനായ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ എഐസിസി നേതൃത്വവും കൈവിടുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ തരൂര്‍ തന്റെ അഭിപ്രായങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രാഹുലില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല എന്നാണ് വിവരം. പാര്‍ട്ടിയില്‍ മാറ്റിനിര്‍ത്തപ്പെടുകയും പാര്‍ലമെന്റില്‍ അടക്കം ഒഴിവാക്കപ്പെടുകയും ചെയ്യുന്നതിലെ അതൃപ്തിയും അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാല്‍ യാതൊരു ഉറപ്പും നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല. കേരളത്തിലെ വ്യവസായിക വികസനത്തെ പുകഴ്ത്തിയ തരൂരിന്റെ നടപടിക്കെതിരെ ശക്തമായ രോഷം പാര്‍ട്ടിക്കുള്ളിലും നേതാക്കളിലും ഉയര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ വിഷയം പര്‍വതീകരിക്കാതെയുള്ള നിലപാടാണ് സ്വീകരിച്ചത്.
2017ല്‍ തരൂര്‍ മുന്‍കയ്യെടുത്ത് ആരംഭിച്ച ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് (എഐപിസി) അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിലും തരൂര്‍ അമര്‍ഷത്തിലാണ്. പാര്‍ട്ടിയിലെ പ്രൊഫഷണലുകളെയും സംരംഭകരെയും ഉള്‍പ്പെടുത്തി ആരംഭിച്ച സംഘടനയുടെ നേതൃനിരയില്‍ നിന്നുള്ള പുറത്താക്കല്‍ പാര്‍ട്ടിയിലെ ഒഴിവാക്കലിന്റെ ഭാഗമാണെന്ന് തരൂര്‍ വിലയിരുത്തുന്നു. ഏഴ് വര്‍ഷത്തിനുശേഷം 2023ല്‍ തരൂരിനെ മാറ്റി പകരം പ്രവീണ്‍ ചക്രവര്‍ത്തിയെ അധ്യക്ഷനാക്കിയ നടപടി പാര്‍ട്ടിയിലെ സ്വാധീനം കുറയുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ലോക്‌സഭയിലെ നിര്‍ണായക ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതിലും തരൂര്‍ അസ്വസ്ഥനാണ്.
അതേസമയം തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാന രഹിതവുമാണെന്നാണ് എഐസിസി നേതാക്കളുടെ വിശദീകരണം. സംഘടനാതലത്തില്‍ നിന്നും വളര്‍ന്നുവന്ന നേതാവല്ല തരൂര്‍, അതിനാല്‍ സംസ്ഥാനങ്ങളില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ ചുമതല ഏല്പിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ശക്തി പാര്‍ട്ടി തിരിച്ചറിയുകയും പാര്‍ലമെന്റില്‍ ഉചിതമായ സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തരൂര്‍ സ്വമേധയാ അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്നും എഐസിസി പറയുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷമാണ് തരൂരിനെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. തരൂര്‍ ഇപ്പോഴും പ്രവര്‍ത്തക സമിതി അംഗമാണ്. 2019–2024 കാലയളവില്‍ ലോക‌്സഭയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിന് ഒരു ചെയര്‍മാന്‍ സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, തരൂരിനാണ് ആ സ്ഥാനം നല്‍കിയിരുന്നത്. 2019–2024 കാലയളവില്‍ തരൂര്‍ ഐടി മേഖലയിലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഇപ്പോഴും, വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാനായി തരൂരിനെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെന്നും എഐസിസി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.