14 December 2025, Sunday

എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി നിയമനം വേണ്ടത് 7000, റിപ്പോര്‍ട്ട് ചെയ്തത് 1345

Janayugom Webdesk
തിരുവനന്തപുരം
October 4, 2025 9:55 am

എയ്‌ഡഡ്‌ സ്‌കൂൾ മാനേജർമാർ ഭിന്നശേഷി നിയമനത്തിനായി റിപ്പോർട്ട്‌ ചെയ്‌തത്‌ 1,345 ഒഴിവുകൾ മാത്രം. കണക്കുകൾ പ്രകാരം ഏകദേശം 7000 ഒഴിവുകൾ ഇതിനായി മാറ്റിവയ്‌ക്കേണ്ടതാണ്. എന്നാൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാതെ ഭിന്നശേഷി സംവരണം അട്ടിമറിക്കാനാണ്‌ ശ്രമം. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തത്‌ തൃശൂരിൽനിന്നാണ്‌. 172 എണ്ണം. കുറവ്‌ ഇടുക്കിയിലും (-28). തിരുവനന്തപുരം ‑54, കൊല്ലം ‑98, പത്തനംതിട്ട ‑42, ആലപ്പുഴ ‑70, കോട്ടയം- 93, എറണാകുളം ‑135, പാലക്കാട്- 98, മലപ്പുറം- 147, കോഴിക്കോട്- 131, വയനാട്- 38, കണ്ണൂർ ‑146, കാസർകോട്‌ ‑93 എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷി സംവരണനിയമനങ്ങൾ സമയബന്ധിതമായി നടത്താൻ ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂൾ മാനേജർ റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവനുസരിച്ച്‌ ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥിയെ നിയമനത്തിനായി നൽകുന്നത് ഇ‍ൗ സമിതികളാണ്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ നിന്നാണ്‌ ജില്ലാതലസമിതി, ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കുന്നത്‌. റാങ്ക് ലിസ്റ്റിലുള്ളവരുടെ നിയമന ശിപാർശ ജില്ലാതല സമിതി കൺവീനർ, സമന്വയ പോർട്ടൽ മുഖേന മാനേജർക്ക്‌ നൽകും. ഇത്‌ ലഭിച്ച് 15 ദിവസത്തിനകം സ്‌കൂൾ മാനേജർ നിയമന ഉത്തരവ് പുറപ്പെടുവിക്കണം. ഇതോടെ ഉദ്യോഗാർഥിക്ക് ജോലിയിൽ പ്രവേശിക്കാനാകും. ഭിന്നശേഷിക്കാരുടെ നിയമനം പൂർത്തിയാകുന്നതോടെ മറ്റു ജീവനക്കാരുടെ നിയമനത്തിനും അംഗീകാരമാകും. 25 നകം നിയമന പ്രക്രിയ പൂർത്തീകരിക്കാനാണ്‌ സർക്കാർ നിർദേശം.എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനത്തിന്‌ സർക്കാർ മാർഗനിർദേശം നൽകുന്നത്‌ ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ. നിലവിൽ നിയമനം സമയബന്ധിതമായി നടത്താൻ സുപ്രീംകോടതി വിധി പ്രകാരമാണ്‌ ജില്ലാ – സംസ്ഥാനതല സമിതി രൂപീകരിച്ചത്‌.

നിയമനം നടത്തുന്നത്‌ സ്‌കൂൾ മാനേജർമാർ തന്നെയാണ്‌. റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവ്‌ അനുസരിച്ച്‌ ഉദ്യോഗാർഥികളെ ജില്ലാ സമിതി ശുപാർശ ചെയ്യും സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി നിയമനം പൂർണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബർ 18നും 2021 നവംബർ 8നും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായും 2021 നവംബർ 8ന് ശേഷം ഉണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് ദിവസ വേതന അടിസ്ഥാനത്തിലും നിയമനം നൽകുന്നതിനുമാണ് കോടതി നിർദേശിച്ചത്. ഭിന്നശേഷി നിയമനം നടക്കുന്നതോടെ പ്രൊവിഷണലായി തുടരുന്ന നിയമനം ക്രമപ്പെടുത്തും.പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ചവർക്ക്‌ പെൻ നമ്പർ അനുവദിക്കുന്നതിനും, കെഎസ്ഇപിഎഫ്, ഗ്രൂപ്പ് ഇൻഷുറൻസ്‌ എന്നിവയിൽ അംഗത്വം നൽകുന്നതിന്‌ ഉത്തരവിറക്കിയിരുന്നു.

താൽക്കാലിക നിയമനം ലഭിച്ചവർക്ക് അതേ മാനേജ്‌മെന്റിന് കീഴിലുള്ള മറ്റു സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് സ്ഥലംമാറ്റം അനുവദിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്. 2025 മാർച്ച് 4ന്‌ സുപ്രീംകോടതി ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ്‌ ഒഴിച്ച് മറ്റ് ഒഴിവുകളിൽ നിയമനങ്ങൾ നടത്തുന്നതിന്‌ നായർ സർവീസ് സൊസൈറ്റിക്ക്‌ അനുമതി നൽകി വിധി പുറപ്പെടുവിച്ചിരുന്നു. ഇ‍ൗ വിധി എൻഎസ്‌എസ്‌ മാനേജ്‌മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകൾക്ക് മാത്രമാണ് ബാധകം എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.